അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നു; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
എന്നാൽ ഉത്തരവിനെതിരെ നിയമപോരാട്ടത്തിനുള്ള സാധ്യത ഉണ്ട്


വാഷിംഗ്ടൺ: അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്ന ഉത്തരവിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ടു. സാമ്പത്തിക പരിഷ്കരണ നടപടികൾ തുടരുന്നതിനിടെ അധികച്ചെലവിന്‍റെ പേരിലാണ് നടപടി. എന്നാൽ ഉത്തരവിനെതിരെ നിയമപോരാട്ടത്തിനുള്ള സാധ്യത ഉണ്ട്.
വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിടുന്നതിന് നേരത്തെ തന്നെ ട്രംപ് ഭരണകൂടം നടപടി തുടങ്ങിയിരുന്നു. വകുപ്പിന്‍റെ പ്രവർത്തനം പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. പൊതുവിദ്യാഭ്യാസത്തിനായി ധാരാളം പണം ചെലവിടുമ്പോൾ അത് ഉപയോഗിക്കുന്ന വിദ്യാർഥികളുടെ എണ്ണം കുറവാണെന്നായിരുന്നു സർക്കാരിന്‍റെ പക്ഷം. ഈ നീക്കത്തിന്‍റെ തുടർച്ചയായാണ് ഉത്തരവിൽ പ്രസിഡന്‍റ് ഒപ്പിട്ടിരിക്കുന്നത്. ഉത്തരവിന് പ്രസിഡന്‍റ് അംഗീകാരം നൽകിയതോടെ വകുപ്പ് പൂർണമായി അടച്ചുപൂട്ടാനുള്ള പദ്ധതികളാണ് സർക്കാർ ആലോചിക്കുന്നത്. തീരുമാനം നടപ്പാകുന്നതോടെ വിദ്യാർഥികൾക്കുള്ള വായ്പയും സ്കോളർഷിപ്പുകളും ഇല്ലാതാകും.
ഇതിനൊപ്പം വകുപ്പിലെ ജീവനക്കാരും കൂട്ടപ്പിരിച്ചുവിടൽ ഭീഷണി നേരിടുന്നുണ്ട്. എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിന് നിയമനിർമാണം അനിവാര്യമാണ്. ഇതിനാവശ്യമായ ഭൂരിപക്ഷം നേടുകയാണ് സർക്കാരിന് മുന്നിലുള്ള പ്രതിസന്ധി.