ഇന്റലിജൻസ്- സുരക്ഷാ ഏജൻസി മേധാവിയെ പുറത്താക്കി ഇസ്രായേൽ; നടപടി ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വിപുലമായ അധികാരങ്ങളുള്ള ഷിൻ ബെറ്റ്, നെതന്യാഹുവിന്റെ അടുത്ത സഹായികൾക്കെതിരെ ദേശീയ സുരക്ഷാ ലംഘനങ്ങൾ ആരോപിച്ച് അന്വേഷണം നടത്തുന്നുണ്ട്.

Update: 2025-03-21 15:17 GMT
Israeli government approves firing of Shin Bet chief Ronen Bar After report on the Hamas attack
AddThis Website Tools
Advertising

തെൽഅവീവ്: ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്റെ തലവൻ റോനൻ ബാറിനെ പുറത്താക്കി ഇസ്രായേൽ. റോനൻ ബാറിന്മേലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി.‌ 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആഭ്യന്തര സുരക്ഷാ ഏജൻസിയുടെ തലവനെ സ്ഥാനത്തുനിന്ന് നീക്കുന്നത്.

ഐഎസ്എ (ഇസ്രായേൽ സുരക്ഷാ ഏജൻസി) ഡയറക്ടർ കൂടിയായ റോനൻ ബാറിനെ പുറത്താക്കാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശം മന്ത്രിസഭ ഐകകണ്ഠ്യേന അംഗീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിൽ 10ന് അല്ലെങ്കിൽ ഒരു സ്ഥിരം ഐഎസ്എ ഡയറക്ടറെ നിയമിക്കുമ്പോൾ, റോണൻ ബാറിന്റെ ചുമതലകൾ അവസാനിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. 

കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കിയുള്ള ബാറിനെ, 2021 ജൂണിനും 2022 ഡിസംബറിനും ഇടയിൽ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ മുൻ ഇസ്രായേലി സർക്കാരാണ് നിയമിച്ചത്. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് മുമ്പുതന്നെ നെതന്യാഹുവുമായുള്ള ബാറിന്റെ ബന്ധം വഷളായിരുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച നിർദിഷ്ട ജുഡീഷ്യൽ പരിഷ്കാരങ്ങളെ ചൊല്ലിയുൾപ്പെടെയായിരുന്നു ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസം. 

ഹമാസ് ആക്രമണത്തെക്കുറിച്ചുള്ള ഷിൻ ബെറ്റിന്റെ ആഭ്യന്തര റിപ്പോർട്ട് മാർച്ച് നാലിന് പുറത്തുവന്നതിനു പിന്നാലെ ബന്ധം വീണ്ടും വഷളായി. ആക്രമണം തടയുന്നതിൽ ഏജൻസിയുടെ സ്വന്തം പരാജയം റിപ്പോർട്ടിൽ ഷിൻ ബെറ്റ് അംഗീകരിച്ചിരുന്നു. നിശബ്ദ നയമാണ് ഹമാസിനെ വൻതോതിലുള്ള സൈനിക വിന്യാസത്തിന് സഹായിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വിപുലമായ അധികാരങ്ങളുള്ള ഷിൻ ബെറ്റ്, നെതന്യാഹുവിന്റെ അടുത്ത സഹായികൾക്കെതിരെ ദേശീയ സുരക്ഷാ ലംഘനങ്ങൾ ആരോപിച്ച് അന്വേഷണം നടത്തുന്നുമുണ്ട്. ഇതും ബാറിനെ പുറത്താക്കാൻ കാരണമായെന്നാണ് സൂചന. വിദേശ മാധ്യമങ്ങൾക്ക് രഹസ്യരേഖകൾ ചോർത്തി നൽകിയതും ഖത്തറിൽ നിന്ന് പണം വാങ്ങിയതും അന്വേഷണത്തിൽ ഉൾപ്പെടുന്നു. നിലവിൽ നടക്കുന്ന അഴിമതി വിചാരണയ്ക്കൊടുവിൽ നെതന്യാഹുവിന് ജയിൽ ശിക്ഷ ലഭിക്കാനുള്ള സാധ്യതയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആക്രമണം തടയുന്നതില്‍ ഷിൻ ബെറ്റ് ഏജന്‍സി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജിവയ്ക്കുമെന്ന് ബാര്‍ സൂചന നല്‍കിയിരുന്നു. മന്ത്രിസഭാ യോഗത്തിലും ബാർ പങ്കെടുത്തിരുന്നില്ല. വ്യാഴാഴ്ച, നെതന്യാഹുവിന്റെ തീരുമാനത്തിന് മറുപടിയായി സർക്കാരിന് അയച്ച കത്തിൽ, പിരിച്ചുവിടൽ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ബാർ കുറ്റപ്പെടുത്തി. തന്നെ പുറത്താക്കാനുള്ള തീരുമാനം പൂർണമായും രാഷ്ട്രീയ താത്പര്യങ്ങൾക്കനുസൃതമാണെന്നും തികച്ചും അസ്വീകാര്യമായ ഉദ്ദേശ്യങ്ങളാൽ ഉള്ളതാണെന്നും ബാർ ചൂണ്ടിക്കാട്ടി.

'ഇസ്രായേൽ നിലവിൽ വളരെ ദുഷ്‌കരവും സങ്കീർണവുമായ കാലഘട്ടത്തിലാണ്. ഗസ്സയുടെ ഹൃദയഭാഗത്ത് 59 ബന്ദികൾ ഇപ്പോഴും ഉണ്ട്. ഹമാസ് പരാജയപ്പെട്ടിട്ടില്ല. നമ്മൾ ഒരു ബഹുമുഖ യുദ്ധത്തിന്റെ നടുവിലാണ്. ഇറാന്റെ കൈ രാജ്യത്തേക്ക് ആഴത്തിൽ എത്തുന്നു'- കത്തിൽ ബാർ കൂട്ടിച്ചേർത്തു.

ബാറിനെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ കഴിഞ്ഞ മൂന്ന് ദിവസമായി ഇസ്രായേലിൽ പ്രതിഷേധം തുടരുകയാണ്. രണ്ട് മാസം നിലനിന്ന വെടിനിർത്തൽ ലംഘിച്ച് ഗസ്സയിൽ ആക്രമണം പുനരാരംഭിക്കാനുള്ള ഭരണകൂട തീരുമാനത്തിനെതിരെയും പ്രതിഷേധം ശക്തമാണ്. 59 ഇസ്രായേലി ബന്ദികൾ ഇപ്പോഴും ഫലസ്തീനിൽ തുടരുകയാണെന്ന് പ്രതിഷേധക്കാർ പറയുന്നു.

അതേസമയം, ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇസ്രായേലി ബോംബാക്രമണങ്ങളിൽ 600ലേറെ പേർ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News