'ഗസ്സയിലെ ആശുപത്രി ആക്രമണത്തിൽ പങ്കില്ലെങ്കിൽ തെളിവ് പുറത്തുവിടണം'; ഇസ്രായേലിനോട് റഷ്യ
ആശുപത്രിയിലെ ആക്രമണത്തെ 'മനുഷ്യത്വരഹിതമായ ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യം' എന്നാണ് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സാക്കറോവ വിശേഷിപ്പിച്ചത്
മോസ്‌കോ: ഗസ്സയിലെ അൽ-ആഹ്‌ലി ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിൽ പങ്കില്ലെങ്കിൽ തെളിവ് പുറത്തു വിടണമെന്ന് ഇസ്രായേലിനോട് റഷ്യ. ആക്രമണം ഇസ്രായേലിൽ നിന്നുള്ളതല്ലെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തു വിടണമെന്ന് റഷ്യ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) നോട് ആവശ്യപ്പെട്ടു.
റഷ്യയുടെ ആവശ്യത്തോട് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആശുപത്രിയിലെ ആക്രമണത്തെ 'മനുഷ്യത്വരഹിതമായ ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യം' എന്നാണ് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സാക്കറോവ വിശേഷിപ്പിച്ചത്.
ആശുപത്രി ആക്രമണത്തിന്റെ യഥാർഥ കുറ്റവാളികളാരെന്നത് പുറത്തു വരേണ്ടതിന്റെ ആവശ്യകത ഇപ്പോഴത്തെ സാഹചര്യത്തിൽ അനിവാര്യമാണെന്നിരിക്കെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തു വിടണമെന്ന റഷ്യയുടെ ആവശ്യം ഒരു രീതിയിലും തള്ളിക്കളയാനാവില്ല.
സായുധാക്രമണങ്ങളിൽ നിർണായകമായ തെളിവായാണ് സാറ്റലൈറ്റ് ചിത്രങ്ങൾ വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ വിചാരണ നീതിപൂർവമാക്കാനും കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരാനും സാറ്റലൈറ്റ് ചിത്രങ്ങളാണ് പലപ്പോഴും സഹായകമാവുക.
ഇന്ന് പുലർച്ചെ 12.30ഓടെയാണ് അൽ-അഹ്‌ലി ആശുപത്രിക്ക് മേൽ ഇസ്രായേൽ മുന്നറിയിപ്പില്ലാതെ ആക്രമണം നടത്തിയത്. ആക്രമണങ്ങളിൽ പരിക്കേറ്റ ആയിരങ്ങളെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിലായിരുന്നു ഇസ്രായേലിന്റെ കൂട്ടക്കുരുതി.