ഇസ്രായേൽ ആക്രമണം: ഗസ്സയിൽ 1,86,000 പേർ കൊല്ലപ്പെട്ടെന്ന് പഠനം

‘ഗസ്സയിലെ ജനസംഖ്യയുടെ എട്ട് ശതമാനം പേരും കൊല്ലപ്പെട്ടു’

Update: 2024-07-08 15:31 GMT
Advertising

ലണ്ടൻ: ഗസ്സയിൽ ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 38,193 പേർ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. എന്നാൽ, യുദ്ധം കാരണം ഏകദേശം 1,86,000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ലണ്ടൻ ആസ്ഥാനമായുള്ള ദെ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

തകർന്ന കെട്ടിടങ്ങൾക്കിടിയിലും മറ്റു അവശിഷ്ടങ്ങൾക്കടിയിലുമായി നിരവധി പേരാണ്

മരിച്ചുകിടക്കുന്നത്. ആരോഗ്യ സംവിധാനങ്ങൾ താറുമാറായതോടെ നിരവധി പേർ ചികിത്സ ലഭിക്കാതെ മരണപ്പെട്ടു. കൂടാതെ ഭക്ഷണവും മറ്റു സൗകര്യങ്ങളുടെ അഭാവവും കാരണം നിരവധി പേർക്ക് ജീവൻ നഷ്ടമായി. ഈ വിവരങ്ങൾ സർക്കാറിന്റെ ഔദ്യോഗിക കണക്കുകളില്ലാത്തതാണ്.

ഇസ്രായേൽ ആക്രമണം നേരിട്ട് ആഘാതമുണ്ടാക്കുന്നതിന് പുറമെ പരോക്ഷമായ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഉടനടി യുദ്ധം അവസാനിച്ചാലും പലവിധ അസുഖങ്ങളും മറ്റും കാരണം വരും മാസങ്ങളിലും വർഷങ്ങളിലുമെല്ലാം യുദ്ധം മൂലമുള്ള മരണങ്ങൾ തുടരും.

ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതിനാൽ മരണസംഖ്യ വളരെ കൂടുതലാകുമെന്ന് പഠനം പറയുന്നു. ഭക്ഷണം, വെള്ളം, പാർപ്പിട സൗകര്യം എന്നിവക്കെല്ലാം ക്ഷാമമുണ്ട്. കൂടാതെ വിവിധ രാജ്യങ്ങൾ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിക്കുള്ള ഫണ്ട് വെട്ടിക്കുറക്കുകയും ചെയ്തു.

നിലവിലുള്ള സംഘർഷത്തിൽ നേരിട്ടുള്ള മരണത്തേക്കാൾ മൂന്ന് മുതൽ 15 വരെ ഇരട്ടിയാണ് പരോക്ഷ മരണങ്ങൾ. അതിനാൽ തന്നെ 1.86 ലക്ഷത്തിന് മുകളിൽ ആളുകൾ മരിച്ചതായി പഠനം കണ്ടെത്തുന്നു. ഇത് യുദ്ധത്തിന് മുമ്പുള്ള ഗസ്സയിലെ ജനസംഖ്യയുടെ എട്ട് ശതമാനം വരും. 23 ലക്ഷമായിരുന്നു ഗസ്സയിലെ ജനസംഖ്യ. യുദ്ധത്തിലെ യഥാർഥ നാശനഷ്ടങ്ങളും മരണസംഖ്യയും രേഖപ്പെടുത്തേണ്ടത് ചരിത്രപരമായ ഉത്തരവാദിത്തമാണെന്നും പഠനം ചൂണ്ടിക്കാട്ടി.

ഗസ്സ മുനമ്പിൽ അടിയന്തര വെടിനിർത്തൽ അത്യാവശ്യമാണ്. ഇതോടൊപ്പം ആരോഗ്യ സേവനങ്ങൾ, ഭക്ഷണം, ശുദ്ധമായ വെള്ളം തുടങ്ങിയ മാനുഷിക ആവശ്യങ്ങൾ എത്തിക്കണമെന്നും ജേണൽ കൂട്ടിച്ചേർത്തു.

1823ൽ ഇംഗ്ലണ്ടിൽ പ്രസിദ്ധീകരണം ആരംഭിച്ച ജനറൽ മെഡിക്കൽ ജേണലാണ് ദെ ലാൻസെറ്റ്. ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന അക്കാദമിക് ജേണലുകളിൽ ഒന്നാണിത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News