ദമസ്‌കസ് ലക്ഷ്യമാക്കി നീങ്ങി സിറിയൻ വിമതർ; ഇറാഖ് അതിർത്തി പിടിച്ചു, അസദ് സൈന്യത്തിന് മുന്നറിയിപ്പ്

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിമതർ അലെപ്പോ പിടിക്കുന്നത്. പിന്നാലെ ഹമാ നഗരവും കീഴടക്കി. ഇവിടങ്ങളിൽനിന്നെല്ലാം അസദ് സൈന്യം തോറ്റുപിന്മാറുകയായിരുന്നു.

Update: 2024-12-07 03:45 GMT
Editor : Shaheer | By : Web Desk
Advertising

ദമസ്‌കസ്: സിറിയൻ തലസ്ഥാനമായ ദമസ്‌കസ് ലക്ഷ്യമാക്കി നീങ്ങി സിറിയൻ വിമതർ. അലെപ്പോ, ഹമാ എന്നീ നഗരങ്ങൾ പിടിച്ച ശേഷം വിമതസംഘം ഹോംസ് നഗരത്തിനു തൊട്ടടുത്തെത്തി. സിറിയൻ-ഇറാഖ് അതിർത്തി എസ്ഡിഎഫ് എന്ന മറ്റൊരു വിമതസംഘവും പിടിച്ചെടുത്തിരിക്കുകയാണ്. അതേസമയം, സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനു പിന്തുണ നൽകുമെന്ന് റഷ്യയും ഇറാനും അറിയിച്ചു.

ഹയാത്തു തഹ്‌രീറുശ്ശാം(എച്ച്ടിഎസ്) എന്ന വിമതസേനയാണ് ഹോംസ് നഗരത്തിലെത്തിയത്. സിറിയയിലെ മൂന്നാമത്തെ വലിയ നഗരമാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിമതർ അലെപ്പോ പിടിക്കുന്നത്. പിന്നാലെ ഹമാ നഗരവും കീഴടക്കി. ഇവിടങ്ങളിൽനിന്നെല്ലാം അസദ് സൈന്യം തോറ്റുപിന്മാറുകയായിരുന്നു.

ഇതേസമയത്തുതന്നെ മറ്റു വിമതസംഘങ്ങൾ ലബനാൻ-ഇറാഖ്-ഇറാൻ അതിർത്തികളുടെ നിയന്ത്രണവും പിടിച്ചെടുത്തു. ഇനി തലസ്ഥാനമായ ദമസ്‌കസിലേക്ക് നീങ്ങുകയാണെന്ന് എച്ച്ടിഎസ് കമാൻഡർ ഹസൻ അബ്ദുൽ ഗനി പ്രഖ്യാപിച്ചു. ബശ്ശാറുൽ അസദിന്റെ ഭരണം അവസാനിപ്പിക്കുമെന്നും വിമതർ വ്യക്തമാക്കി.

2011ൽ തുടങ്ങിയതാണ് സിറിയയിലെ ആഭ്യന്തരയുദ്ധം. രാജ്യത്തിന്റെ പല മേഖലകളും വിവിധ വിമതവിഭാഗങ്ങൾ പിടിച്ചെടുത്തിരിക്കുകയാണ്. ഇറാന്റെയും റഷ്യയുടെയും ശീഈ സായുധവിഭാഗങ്ങളുടെയും സഹായത്തോടെയാണ് നേരത്ത ഇവിടെ നിന്ന് വിമതരെ ബശ്ശാറുൽ അസദിന്റെ സൈന്യം തുരത്തിയിരുന്നത്. ആ പ്രദേശങ്ങളെല്ലാം ഇപ്പോൾ വിമതർ തിരിച്ചുപിടിക്കുകയാണ്.

അസദിനെ സഹായിക്കുന്ന റഷ്യ, യുക്രൈൻ യുദ്ധത്തിലും ഇറാൻ-ഇസ്രായേൽ യുദ്ധത്തിലും മുഴുകിയ സമയം നോക്കിയാണ് വിമതരുടെ തിരിച്ചുവരവ്. യുദ്ധം ദമസ്‌കസിലെത്തിയാൽ പതിനായിരങ്ങളുടെ കൂട്ടക്കൊലയ്ക്ക് ലോകം വീണ്ടും സാക്ഷ്യംവഹിക്കേണ്ടി വരും. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സിറിയയിൽനിന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് പൗരന്മാരോട് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

Summary: Syrian rebels advance towards the capital Damascus after capturing the cities of Aleppo and Hama

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News