‘സിറിയൻ ജനതയെ പീഡിപ്പിച്ചവരുടെ വിവരങ്ങൾ പുറത്തുവിടും’; മുന്നറിയിപ്പുമായി ജുലാനി
‘യുദ്ധക്കുറ്റവാളികളെ പിന്തുടരുകയും അവർ ഓടിരക്ഷപ്പെട്ട രാജ്യത്തുനിന്ന് തിരികെയെത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്യും’
ദമസ്കസ്: സിറിയൻ ജനങ്ങളെ പീഡിപ്പിച്ച മുൻ ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വരാൻ പോകുന്ന അധികാരികൾ പുറത്തുവിടുമെന്ന് വിമത സേനയായ ഹയാത് തഹ്‍രീർ അൽ ശാമിന്റെ (എച്ച്ടിഎസ്) തലവൻ അബു മുഹമ്മദ് അൽ ജുലാനി. യുദ്ധക്കുറ്റങ്ങളിൽ ഉൾപ്പെട്ടെ മുതിർന്ന സൈനികരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും ടെലഗ്രാം സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. അധികാര കൈമാറ്റം സംബന്ധിച്ച് പുറത്താക്കപ്പെട്ട സർക്കാരുമായി ജുലാനി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
സിറിയ ജനതയെ പീഡിപ്പിച്ച കുറ്റവാളികളെയും കൊലപാതകികളെയും സുരക്ഷാ-സൈനിക ഉദ്യോഗസ്ഥരെയും പ്രതിക്കൂട്ടിൽ നിർത്താൻ ഞങ്ങൾ മടികാണിക്കില്ലെന്ന് ജുലാനി പറഞ്ഞു. യുദ്ധക്കുറ്റവാളികളെ പിന്തുടരുകയും അവർ ഓടിരക്ഷപ്പെട്ട രാജ്യത്തുനിന്ന് തിരികെയെത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. നിർബന്ധിത സേവനത്തിൽ ഏർപ്പെട്ടിരുന്നവർക്ക് പൊതുമാപ്പ് നൽകുമെന്നും ജുലാനി കൂട്ടിച്ചേർത്തു.
പ്രസിഡന്റ് അസദും കുടുംബവും റഷ്യയിലാണ് അഭയം തേടിയിട്ടുള്ളത്. കൂടാതെ പല മുതിർന്ന ഉദ്യോഗസ്ഥരും ഹിസ്ബുല്ലയുടെ സഹായത്തോടെ ലെബനാനിലേക്ക് രക്ഷപ്പെട്ടതായി ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ അസദിന്റെ കുടുംബാംഗങ്ങളും ഇന്റലിജൻറ്സ് ഉദ്യോഗസ്ഥരും ബിസിനസ് പങ്കാളികളടക്കമുള്ളവർ ഉണ്ട്.
സിറിയയുടെ ദേശീയ സുരക്ഷാ ബ്യൂറോയുടെ മുൻ ഡയറക്ടർ അലി മംലൂകും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ലെബനാനിലെ മത-രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടതിന് ലെബനീസ് സർക്കാർ 2012 മുതലും വിവിധ യുദ്ധക്കുറ്റങ്ങൾക്ക് ഫ്രഞ്ച് സർക്കാർ 2018 മുതലും ഇയാൾക്കായി അന്വേഷണം നടത്തുന്നുണ്ട്.
അസദിന്റെ ഭരണകാലത്ത് അതിക്രൂരമായ പീഡനങ്ങളാണ് സിറിയയിൽ അരങ്ങേറിയിട്ടുള്ളത്. വിമത സേന രാജ്യത്തെ നിരവധി ഭൂഗർഭ രഹസ്യ ജയിലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ അനധികൃതമായി തടങ്കലിലാക്കിയിരുന്ന ആയിരങ്ങളെ മോചിപ്പിക്കുകയും ചെയ്തു. കൂടുതൽ രഹസ്യ അറകൾ ഉണ്ടോയെന്നറിയാൻ വലിയ രീതിയിലുള്ള പരിശോധനയാണ് നടത്തുന്നത്.
സിറിയയിലെ രഹസ്യ ജയിലുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സിറിയയിലും തുർക്കിയിലും അടിയന്തര സേവനങ്ങൾ നൽകുന്ന സന്നദ്ധ സംഘടനയായ വൈറ്റ് ഹെൽമെറ്റ്സാണ് പാരിതോഷികം പ്രഖ്യാപിച്ചത്. തടങ്കൽ കേന്ദ്രങ്ങളുടെയും രഹസ്യ ജയിലുകളുടെയും വിവരങ്ങൾ നൽകുന്നവർക്ക് 3000 ഡോളറാണ് സംഘടന വാഗ്ദാനം ചെയ്യുന്നത്. രഹസ്യ ജയിലുകളിൽ പ്രവർത്തിച്ചിരുന്ന മുൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായവും ഇവർ തേടിയിട്ടുണ്ട്.
രാജ്യം വിട്ട പ്രസിഡന്റ് അസദിന്റെ ജയിലുകൾ കശാപ്പ് ശാലകളായിരുന്നുവെന്ന് വൈറ്റ് ഹെൽമെറ്റ്സ് തലവൻ റഈദ് അൽ സലാഹ് പറഞ്ഞു. യാഥാർഥ്യത്തെ വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കില്ല. ഈ ജയിലുകൾക്കുള്ളിൽ നരക ജീവിതമായിരുന്നു. ഇന്റലിജൻറ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജയിലുകളിൽ അതിക്രൂരമായ പീഡനങ്ങളാണ് അഴിച്ചുവിട്ടിട്ടുള്ളത്. തങ്ങൾ കണ്ടെത്തിയ പലരുടെയും അവസ്ഥ വളരെ ദയനീയമാണ്. പലരുടെയും മനോനില തെറ്റിയിട്ടുണ്ട്. എല്ലുകൾ ദുർബലമായിരിക്കുന്നു. ദിവസവും ഈ ജയിലുകളിൽ ആളുകളെ കൊല്ലാറുണ്ട്.
നിരവധി മൃതദേഹങ്ങളാണ് ഓവനിൽനിന്ന് കണ്ടെത്തിയത്. തങ്ങൾ രക്ഷപ്പെടുത്തിയതിൽ ഒരാളെ ഇന്ന് വധിക്കാൻ തീരുമാനിച്ചതായിരുന്നു. ഇങ്ങനെ നിരവധി പേരാണുള്ളത്. ദമസ്കസ് നഗരത്തിലെ സെദ്നായിലുള്ള ജയിലിൽ ദിവസവും 50 മുതൽ 100 പേരെയാണ് കൊല്ലുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചത്വരങ്ങളിലും വധശിക്ഷകൾ നടപ്പാക്കാറുണ്ട്.
തിങ്കളാഴ്ച 50,000ത്തോളം പേരെയാണ് മോചിപ്പിച്ചത്. ഒന്നര ലക്ഷത്തോളം പേരെയാണ് പല സമയങ്ങളിലായി അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും അൽ സലാഹ് പറഞ്ഞു. അസദിന്റെ സൈന്യം പിടികൂടിയ ഒരു ലക്ഷത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിലും പലരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം, വിവിധ രഹസ്യ ജയിലുകൾ കണ്ടെത്തിയതോടെ തങ്ങളുടെ ഉറ്റവരെ തേടി പലരും ഇവിടങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്.