'റഷ്യയുമായുള്ള ചർച്ചയിൽ പ്രതീക്ഷയില്ല': വ്‌ളാദിമിർ സെലൻസ്‌കി

ബെലാറൂസ് വഴി യുക്രൈൻ ആക്രമണം നേരിടുമ്പോൾ ചർച്ച സാധ്യമാകില്ലെന്നും മറ്റേതെങ്കിലും രാജ്യത്തു ചർച്ച നടത്തണമെന്നുമായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്

Update: 2022-02-28 02:23 GMT
Editor : afsal137 | By : Web Desk
Advertising

റഷ്യയുമായുള്ള ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ നിർദേശം നൽകി എന്ന വാർത്ത വന്നതിനു തൊട്ടു പിന്നാലെ യുക്രൈൻ സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാൽ റഷ്യയുമായുള്ള ചർച്ചയിൽ പ്രതീക്ഷയില്ലെന്നാണ് യുക്രൈൻ വ്യക്തമാക്കുന്നത്.

അതേസമയം അടുത്ത 24 മണിക്കൂർ നിർണായകമെന്ന് സെലൻസ്‌കി വ്യക്തമാക്കി. യുക്രൈൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ചു. റഷ്യൻ സേന എല്ല ദിശകളിൽ നിന്നും ഷെല്ലാക്രമണം തുടരുന്നുവെന്ന് യുക്രൈൻ സേന അറിയിച്ചു.ബെലറൂസ്-യുക്രൈൻ അതിർത്തിയിൽ വെച്ച് ചർച്ചയ്ക്ക് തയ്യാറാണെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി അറിയിച്ചിരിന്നത്. ബെലാറൂസിലേക്ക് ചർച്ചയ്ക്ക് വരുന്ന യുക്രൈൻ സംഘത്തിന് സുരക്ഷയൊരുക്കുമെന്നും റഷ്യ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യുക്രൈനുമായി ചർച്ച നടത്താൻ തയ്യാറെന്ന് റഷ്യയും നേരത്തെ വ്യക്തമാക്കിതാണ്.

ചർച്ചയ്ക്കായി റഷ്യൻ സംഘം ബെലാറൂസിലെത്തി. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ പ്രതിനിധികളും സംഘത്തിലുണ്ടെന്നായിരുന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. ബെലാറൂസ് വഴി യുക്രൈൻ ആക്രമണം നേരിടുമ്പോൾ ചർച്ച സാധ്യമാകില്ലെന്നും മറ്റേതെങ്കിലും രാജ്യത്തു ചർച്ച നടത്തണമെന്നുമായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്.

അതേസമയം, റഷ്യൻ അധിനിവേശത്തിൽ തിരിച്ചടി നൽകുന്നതായി യുക്രൈൻ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതുവരെ 4,300 റഷ്യൻ സൈനികരെ വധിച്ചെന്നും 146 സൈനിക ടാങ്കുകൾ തകർത്തെന്നും യുക്രൈൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നു.റഷ്യക്കെതിരെ പ്രതിരോധം തീർക്കാൻ സൈന്യത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം വിദേശികളെക്കൂടി അണിനിരത്താനാണ് യുക്രൈന്റെ തീരുമാനമെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News