കല്യാണപ്പെണ്ണിനൊപ്പം ഫോട്ടോയെടുത്ത് പുടിൻ; വൈറലായി വീഡിയോ, സെലൻസ്‌കിയെ കോപ്പിയടിക്കാൻ ശ്രമമെന്ന് വിമർശനം
'ഒരു യുദ്ധക്കുറ്റവാളിക്കൊപ്പം ഫോട്ടോയെടുക്കണമെന്നതാണ് എന്റെ ആഗ്രഹം' എന്ന് പരിഹാസരൂപേണ ചിലർ പറഞ്ഞു.
കല്യാണപ്പെണ്ണിനൊപ്പം ഫോട്ടോയെടുത്ത റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ക്രോൺസ്റ്റാഡ് സന്ദർശനത്തിനിടെ ഒരു വധുവുമായി പുടിൻ ഫോട്ടോയെടുക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
പ്രസിഡന്റിനൊപ്പം ഫോട്ടോയെടുക്കാൻ വന്നവരുടെ കൂട്ടത്തിലാണ് വധുവും ഉണ്ടായിരുന്നത്. വധു പുടിനെ കണ്ട ആവേശത്തിൽ വരനെ തിരക്കിട്ട് വിളിച്ച് ഫോട്ടോയെടുക്കുന്നത് ട്വിറ്റർ പേജായ RT പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണാം.
പോസ്റ്റ് ചെയ്തതിന് പിന്നാലെ ഏകദേശം 44,000 പേരാണ് വീഡിയോ കണ്ടത്. വ്യത്യസ്ത പ്രതികരണങ്ങളാണ് ആളുകളിൽ നിന്നുണ്ടായത്. ഭാഗ്യം ചെയ്ത വധു, പുട്ടിനൊപ്പം ഫോട്ടോ എടുക്കാൻ കിട്ടിയ അപൂർവ അവസരം എന്നിങ്ങനെ ചിലർ പ്രതികരിച്ചപ്പോൾ 'ഒരു യുദ്ധക്കുറ്റവാളിക്കൊപ്പം ഫോട്ടോയെടുക്കണമെന്നതാണ് എന്റെ കല്യാണത്തിന് എന്റെ ആഗ്രഹം' എന്ന് പരിഹാസരൂപേണ ചിലർ പറഞ്ഞു.
പുട്ടിന്റെ എളിമയെയും വിനയത്തെയും പുകഴ്ത്തിയും ചിലർ രംഗത്തെത്തിയിരുന്നു. എന്നാൽ, യുക്രൈന് നേരെയുള്ള ആക്രമണങ്ങൾ കണക്കിലെടുത്ത ചിലരുടെ പ്രതികരണം മറ്റൊന്നായിരുന്നു. പുടിൻ സെലൻസ്‌കിയെ അനുകരിക്കാൻ ശ്രമിക്കകയാണെന്നാണ് വിമർശനം. "സെലൻസ്‌കിയെ നിങ്ങൾക്ക് ആവശ്യമുള്ളത്ര പകർത്തുക. പുടിൻ ചെയ്യുന്നത് സ്വാഭാവികമല്ലെന്ന് ആർക്കും മനസിലാകും. ഇത് വ്യക്തമായും പ്രചരണമാണ്. സെലെൻസ്‌കി യഥാർത്ഥമാണെങ്കിലും നിങ്ങളുടെ സാർ വ്യാജമാണ്," ഒരു ഉപയോക്താവ് വീഡിയോക്ക് താഴെ കുറിച്ചു.
യുക്രൈനിലെ ധാന്യം കയറ്റുമതി ചെയ്യാൻ അനുവദിക്കുന്ന യുഎൻ ഇടനിലക്കാരായ കരാറിൽ തങ്ങളുടെ പങ്കാളിത്തം താൽക്കാലികമായി നിർത്തിവെക്കുന്നതായി കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 2022 ജൂലൈയിൽ തുർക്കിയും ഐക്യരാഷ്ട്രസഭയും ചേർന്ന് നടത്തിയ കരാർ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് നിർത്തിവെച്ചത്. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മോസ്കോ കരാർ പുതുക്കില്ലെന്ന് പ്രഖ്യാപിച്ചു. കടൽ വഴി ധാന്യം കയറ്റുമതി ചെയ്യാൻ യുക്രൈനെ അനുവദിച്ചിരുന്ന കരാറാണിത്.