''അത് സാധ്യമാണെന്ന് എനിക്ക് ഉറപ്പുണ്ട്''; എത്രയും പെട്ടെന്ന് ഇ.യു അംഗത്വം വേണമെന്ന് യുക്രൈൻ പ്രസിഡന്റ്
കഴിഞ്ഞ നാല് ദിവസത്തെ റഷ്യൻ ആക്രമണത്തിനിടെ 16 കുട്ടികൾ മരിച്ചെന്നും 45 പേർക്ക് പരിക്കേറ്റെന്നും സെലെൻസ്‌കി പറഞ്ഞു.
എത്രയും പെട്ടെന്ന് തന്റെ രാജ്യത്തിന് യൂറോപ്യൻ യൂണിയൻ അംഗത്വം നൽകണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കി. റഷ്യൻ ആക്രമണം അഞ്ചാം ദിവസം പിന്നിടുമ്പോഴാണ് നിർണായക ആവശ്യവുമായി യുക്രൈൻ രംഗത്തെത്തിയിരിക്കുന്നത്.
''പ്രത്യേക നടപടിക്രമങ്ങളിലൂടെ യുക്രൈന് എത്രയും വേഗം യൂറോപ്യൻ യൂണിയൻ അംഗത്വം നൽകണമെന്ന് ഞങ്ങൾ അഭ്യർഥിക്കുകയാണ്. എല്ലാ യൂറോപ്യൻമാരും തുല്യരായിരിക്കുക, ഒരുമിച്ച് നിൽക്കുക എന്നതാണ് നമ്മുടെ പ്രധാനപ്പെട്ട നേട്ടം. അത് സാധ്യമാണെന്ന് എനിക്ക് ഉറപ്പുണ്ട്''-സെലെൻസ്‌കി പറഞ്ഞു.
കഴിഞ്ഞ നാല് ദിവസത്തെ റഷ്യൻ ആക്രമണത്തിനിടെ 16 കുട്ടികൾ മരിച്ചെന്നും 45 പേർക്ക് പരിക്കേറ്റെന്നും സെലെൻസ്‌കി പറഞ്ഞു. ''യുക്രൈനിന്റെ ഹീറോസ്'' എന്നാണ് സെലെൻസ്‌കി അവരെ വിശേഷിപ്പിച്ചത്.
അതിനിടെ റഷ്യ-യുക്രൈൻ ചർച്ച ഏതാനും സമയത്തിനകം ബെലാറൂസിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചർച്ചയ്ക്കായി റഷ്യ-യുക്രൈൻ സംഘങ്ങൾ ബെലാറൂസിൽ എത്തിയിട്ടുണ്ട്.