ഗോള്‍ഡി ബ്രാറിനെ കാനഡ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, ആയുധക്കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് 29കാരനായ ഗോള്‍ഡിയുടെ പേരിലുള്ളത്
ടൊറന്‍റോ: പഞ്ചാബിലെ ജനപ്രിയ ഗായകനും രാഷ്ട്രീയ നേതാവുമായ സിദ്ദു മൂസവാലയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ഗോള്‍ഡി ബ്രാര്‍ കാനഡയില്‍ പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍. 25 പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലാണ് ഗോള്‍ഡിയുള്ളത്. കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, ആയുധക്കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് 29കാരനായ ഗോള്‍ഡിയുടെ പേരിലുള്ളത്.
മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള 25 പേരുടെയും ലൈഫ് സൈസ് കട്ടൗട്ടുകൾ ടൊറന്‍റോയിലെ യോങ്-ഡുണ്ടാസ് സ്ക്വയറിൽ പ്രദർശിപ്പിച്ചു.ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 45,000,000 രൂപ പാരിതോഷികമായി നല്‍കും. കഴിഞ്ഞ വർഷം പഞ്ചാബ് മുക്ത്സർ സ്വദേശിയായ ബ്രാറിനെതിരെ ഇന്‍റര്‍പോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പഞ്ചാബ് ഗുണ്ടാസംഘങ്ങളെ ഇന്ത്യൻ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ടെങ്കിലും ബ്രാർ യുഎസിലേക്ക് മാറിയതായി കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
2017ല്‍ സ്റ്റുഡന്‍റ് വിസയിലാണ് ഗോള്‍ഡി ബ്രാര്‍ എന്ന സതീന്ദ്രര്‍ സിങ് കാനഡയിലെത്തിയത്. പഞ്ചാബിലെ ലോറന്‍സ് ബിഷ്‌ണോയിയുടെ ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെടുന്നയാളാണ് ഇയാള്‍. പഞ്ചാബ് മന്ത്രി ഹർജോത് സിംഗ് ബെയ്ൻസ്, ബോളിവുഡ് നടൻ സൽമാൻ ഖാൻ തുടങ്ങിയ പ്രമുഖരെയാണ് സംഘം ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ മേയില്‍ സിദ്ദു മൂസവാല കൊല്ലപ്പെട്ടപ്പോള്‍ ഗോള്‍ഡി കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.