'സ്വന്തം ഹൃദയം' മ്യൂസിയത്തിൽ, 16 വർഷങ്ങൾക്ക് ശേഷം കാണാനെത്തി യുവതി; ഹൃദ്യമീ കൂടിക്കാഴ്ച

"22 വർഷം ജീവനോടെ കാത്തതാണ് ആ ഹൃദയം, ഒരു സുഹൃത്തിനെപ്പോലെയാണ് അതിനെയിപ്പോൾ അനുഭവപ്പെടുന്നത്

Update: 2023-05-22 15:35 GMT
Advertising

സ്വന്തം ഹൃദയം കാണാൻ മ്യൂസിയം സന്ദർശിക്കുക. എന്തൊരു വിചിത്രമായ അനുഭവമാകും അല്ലേ? അങ്ങനെയൊരു അനുഭവമാണ് ഇംഗ്ലണ്ടിലെ ഹാംപ്‌ഷെയർ സ്വദേശിനിയായ ജെന്നിഫർ സട്ടണുണ്ടായത്. ലണ്ടനിലെ ഹണ്ടേറിയൻ മ്യൂസിയത്തിൽ ജെന്നിഫർ സ്വന്തം ഹൃദയം നേരിട്ട് കണ്ടു.

ഹൃദ്രോഗം മൂലം 16 വർഷം മുമ്പ് മാറ്റിവച്ച ഹൃദയമാണ് ജെന്നിഫർ മ്യൂസിയത്തിൽ സന്ദർശിച്ചത്. ഇത് തന്റെ ശരീരത്തിലുണ്ടായിരുന്നതല്ലേ എന്നായിരുന്നു ഹൃദയം കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്ന ചിന്ത എന്നാണ് ജെന്നിഫർ പറയുന്നത്. "22 വർഷം ജീവനോടെ കാത്തതാണ് ആ ഹൃദയം, ഒരു സുഹൃത്തിനെപ്പോലെയാണ് അതിനെയിപ്പോൾ എനിക്കനുഭവപ്പെടുന്നത്. മ്യൂസിയത്തിൽ നിരവധി വസ്തുക്കൾ ജാറുകളിലിരിക്കുന്നത് മുമ്പ് കണ്ടിട്ടുണ്ട്. പക്ഷേ ഇത് വിചിത്രമായൊരു അനുഭവമാണ്". ജെന്നിഫർ പറയുന്നു.

റെസ്ട്രിക്ടീവ് കാർഡിയോമയോപതി എന്ന അസുഖം ബാധിച്ചതോടെയായിരുന്നു ജെന്നിഫറിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ. രക്തം പമ്പ് ചെയ്യാനുള്ള ശേഷി ഹൃദയത്തിന് നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ജെന്നിഫറിന്റെ ജീവൻ രക്ഷിക്കാൻ ഹൃദയം മാറ്റി വയ്ക്കുകയായിരുന്നു ഏക പോംവഴി. അങ്ങനെ 2007 ജൂണിൽ അവയവദാതാവിനെ കിട്ടുകയും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാവുകയും ചെയ്തു.

Full View

ശരീരത്തിൽ നിന്നെടുത്ത ഹൃദയം മ്യൂസിയത്തിൽ പ്രദർശിപ്പിക്കട്ടെ എന്ന ഡോക്ടർമാരുടെ ചോദ്യത്തിന് പൂർണസമ്മതം എന്നായിരുന്നു ജെന്നിഫറിന്റെ ഉത്തരം. അവയവദാനത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്ന പ്രവർത്തനങ്ങളുടെ ഭാഗമാകണമെന്നാണ് ജെന്നിഫറിന്റെ ഏറ്റവും വലിയ ആഗ്രഹം. ജീവിതം അതിന്റെ എല്ലാരീതിയിലും ആസ്വദിക്കാനാണ് ജെന്നിഫർ തന്റെ പ്രിയപ്പെട്ടവരോട് പറയുക. ഒപ്പം ഇഷ്ടമുള്ളതൊന്നും നാളേക്ക് മാറ്റിവയ്ക്കരുതെന്നും...

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News