പാകിസ്താനെ പിടിച്ചുലച്ച് സെക്‌സ് ടേപ്പ് വിവാദം; പുറത്തുവിട്ടത് നവാസ് ശരീഫിന്റെ മകൾ മർയമെന്ന് ആരോപണം

ഒന്നിലധികം യുവതികളുമൊത്തുള്ള ലൈംഗിക വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്

Update: 2021-09-30 09:35 GMT
Editor : abs | By : Web Desk
Advertising

ഇസ്‌ലാമാബാദ്: പാകിസ്താൻ മുസ്‌ലിംലീഗ് നവാസ് ശരീഫ് വിഭാഗം നേതാവും സിന്ധ് മുൻ ഗവർണറുമായ മുഹമ്മദ് സുബൈർ ഉമറിന്റെ നഗ്നവീഡിയോകളെ ചൊല്ലി പാകിസ്താനിൽ വിവാദം. നക്ഷത്ര ഹോട്ടലിൽ യുവതികളുമൊത്ത് അഭിരമിക്കുന്ന വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാക് മുൻ പ്രസിഡണ്ട് നവാസ് ശരീഫിന്റെ മകളും പാര്‍ട്ടി വൈസ് പ്രസിഡണ്ടുമായ മർയമാണ് വീഡിയോ പുറത്തുവിട്ടതെന്ന് ആരോപണമുണ്ട്.

രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളിൽ ഒരാളും ഇംറാൻ ഖാൻ മന്ത്രിസഭയിലെ അംഗവുമായ അസദ് ഉമറിന്റെ സഹോദരനാണ് സുബൈർ. ഒന്നിലധികം യുവതികളുമൊത്തുള്ള ലൈംഗിക വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. വീഡിയോകൾക്ക് ഏതാനും മിനിറ്റുകളുടെ ദൈർഘ്യമേയുള്ളൂ.

വീഡിയോ വ്യാജമാണെന്ന് സുബൈർ പ്രതികരിച്ചു. രാജ്യത്തെ അങ്ങേയറ്റം ആത്മാർത്ഥതയോടെയും ഉത്തരവാദിത്വത്തോടെയുമാണ് സേവിച്ചിട്ടുള്ളത്. ഇതിനു പിന്നിൽ ആരായാലും ലജ്ജിപ്പിക്കുന്ന നടപടിയാണിത്. പാകിസ്താന്റെ നന്മയ്ക്കായുള്ള പ്രവർത്തനങ്ങൾ തുടരും- അദ്ദേഹം കൂട്ടിച്ചേർത്തു. 

കറാച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് അഞ്ചു മാസം മുമ്പ് ചിത്രീകരിച്ചതാണ് വീഡിയോ എന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാലു ക്യാമറകൾ വച്ചാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളതെന്ന് പാക് മാധ്യമപ്രവർത്തകനും അവതാരകനുമായ മൻസൂർ അലി ഖാൻ പറയുന്നു. മർയം നവാസ് ശരീഫാണ് വീഡിയോ പുറത്തുവിട്ടതെന്ന് ബാഗി ടിവിയാണ് ആരോപണം ഉന്നയിച്ചത്.

സുബൈർ താമസിച്ച അവാരി ഹോട്ടൽ മാനേജ്‌മെന്റ് സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. ഹോട്ടലിൽ ഹിഡൻ ക്യാമറകൾ ഇല്ലെന്നും അതിഥികളുടെ സ്വകാര്യതയെ അങ്ങേയറ്റം മാനിക്കുന്നതായും ഹോട്ടൽ ഗ്രൂപ്പ് പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു. 

പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഇരയാണ് സുബൈർ എന്ന് ചില പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടിയിലെ ഷഹബാസ് ശരീഫ് ക്യാമ്പിലേക്ക് ചുവടുമാറാൻ സുബൈർ നീക്കം നടത്തിയതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത് എന്നതാണ് ശ്രദ്ധേയം. വീഡിയോയുടെ യാഥാർത്ഥ്യം സുബൈറിനും അല്ലാഹുവിനും മാത്രമേ അറിയൂ എന്നാണ് മർയം ജിയോ ന്യൂസിനോട് പ്രതികരിച്ചത്. ദീർഘകാലമായി സുബൈറിന് പല കോണുകളിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായും അവർ പറഞ്ഞു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News