നാലു വർഷത്തിനിടെ കൂറു മാറിയത് 168 ജനപ്രതിനിധികൾ; 82 ശതമാനം പേരും ബിജെപിയിലേക്ക്
കോൺഗ്രസിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ കൂറുമാറിയത്, 79 പേർ
ന്യൂഡൽഹി: 2017-2020 കാലയളവിൽ ബിജെപിയിലേക്ക് ജനപ്രതിനിധികളുടെ ഒഴുക്ക്. 138 ജനപ്രതിനിധികളാണ് (എംപി, എൽഎൽഎ) ഇക്കാലയളവിൽ വിവിധ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയത്. ചേക്കേറിയ ജനപ്രതിനിധികളുടെ 82 ശതമാനം വരുമിത്. മൊത്തം 168 ജനപ്രതിനിധികളാണ് വിവിധ പാർട്ടികളിലേക്ക് കൂടുമാറിയത്. ദൈനിക് ഭാസ്‌കര്‍ ആണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കോൺഗ്രസിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ കൂറുമാറിയത്, 79 പേർ. ഇവരിൽ ബഹുഭൂരിപക്ഷം പേരും ബിജെപിയിലാണ് അഭയം തേടിയത്. പാർട്ടി മാറിയ മുൻ മന്ത്രിമാർ, മുൻ എംപിമാർ, മുൻ എംഎൽഎമാർ എന്നിവരെ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
നേരത്തെയും ഇത്തരത്തിലുള്ള കൂറുമാറ്റങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഇത്ര ശക്തമായിരുന്നില്ല എന്ന് സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) പ്രൊഫസർ സഞ്ജയ് കുമാർ പറയുന്നു.
കൂറുമാറ്റ നിരോധന നിയമം വേണ്ടത്ര ഫലപ്രദമല്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. 1985ൽ 52-ാം ഭരണഘടനാ ഭേദഗതിയായി ആയാണ് നിയമം കൊണ്ടു വന്നത്. 91-ാം ഭരണഘടനാ ഭേദഗതിയിലൂടെ നിയമത്തിൽ മാറ്റങ്ങളും കൊണ്ടു വന്നു.
ഈയിടെ നടന്ന കൂറുമാറ്റങ്ങൾ
പത്ത് തൃണമൂൽ കോൺഗ്രസ് എംഎൽഎമാരും ഒരു എംപിയും ബംഗാളിൽ ബിജെപിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെയാണ് കൂറുമാറ്റം.
അരുണാചൽ പ്രദേശിലെ ഏഴ് ജെഡിയു എംഎൽഎമാരിൽ ആറു പേരും ബിജെപിയിലേക്ക് ചേക്കേറി.
2020 അവസാനം 26 കോൺഗ്രസ് എംഎൽഎമാർ മധ്യപ്രദേശിൽ ബിജെപിയിലേക്ക് കൂടുമാറി.
2019 ജൂലൈയിൽ കോൺഗ്രസിൽ നിന്ന് 11 ഉം ജെഡിഎസിൽ നിന്ന് മൂന്നും എൽഎഎമാർ ബിജെപിയിലെത്തി.
സിക്കിമിൽ പത്ത് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങൾ ഒറ്റ രാത്രി കൊണ്ട് ബിജെപിയിലെത്തി.
2017ൽ മണിപ്പൂരിൽ മന്ത്രി ടി ശ്യാമകുമാർ ഉൾപ്പെടെ ഏഴു പേർ ബിജെപിയിലേക്ക് ചേക്കേറി.
കൂറുമാറ്റ നിരോധന നിയമം
1985ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് 52ാം ഭരണഘടനാ ഭേദഗതിയിലൂടെ കൂറുമാറ്റ നിരോധന നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. ഇതിനായി 102ാം വകുപ്പില്‍ മാറ്റംവരുത്തുകയും 10ാം പട്ടിക കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ശേഷം ആ പാര്‍ട്ടിയുടെ വിപ്പ് ലംഘിക്കുകയോ മറ്റൊരു കക്ഷിയില്‍ ചേരുകയോ ചെയ്താല്‍ ആ ജനപ്രതിനിധിയെ അയോഗ്യനാക്കും എന്നതാണ് നിയമം.