16 വര്‍ഷങ്ങള്‍, 50 ലക്ഷം സ്കൂട്ടറുകള്‍; അപൂര്‍വ നേട്ടം സ്വന്തമാക്കി ആക്സസ് 125
ഇന്ത്യയിലെ ആദ്യ 125 സിസി സ്‌കൂട്ടറായി പുറത്തിറങ്ങിയ സുസുക്കി ആക്സസ് 125 പതിനാറ് വർഷങ്ങൾക്കിപ്പുറം 50 ലക്ഷം യൂണിറ്റുകൾ വിറ്റഴിക്കുന്ന ആദ്യ സ്‌കൂട്ടറായും മാറി
2007 ലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ സുസൂക്കി അവരുടെ ആക്‌സസ് എന്ന് സ്‌കൂട്ടറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. 125 സിസിയിൽ കരുത്തുറ്റ എഞ്ചിനുമായെത്തിയ ആക്‌സസ് 125 ന് തുടക്കത്തിൽ സെഗ്മെന്റിൽ തന്നെ എതിരാളികളില്ലായിരുന്നു. പിന്നീട് വളരെ പെട്ടെന്നാണ് ഇന്ത്യൻ സ്‌കൂട്ടർ വിപണിയിൽ മാറ്റങ്ങളുണ്ടായത്. എന്നാൽ കാലാനുസൃതമായ മാറ്റം അപ്പോഴും ആക്‌സിസിൽ ഉണ്ടായിരുന്നില്ല.
പിന്നീട് 2016 ലാണ് ആക്‌സസ് 125 മുഖം മിനുക്കി എത്തിയത്. മികച്ച ഡിസൈനിലെത്തിയ വാഹനം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ 50 ലക്ഷം ആക്‌സസുകൾ വിറ്റതിന്റെ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കമ്പനി. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഖേർകി ധൗള ഫാക്ടറിയിൽ നിന്നാണ് അഞ്ചു ദശലക്ഷം സ്‌കൂട്ടറുകൾ ഇന്ത്യൻ നിരത്തുകളിലേക്കിറങ്ങിയത്.
ഇന്ത്യയിലെ ആദ്യ 125 സിസി സ്‌കൂട്ടറായി പുറത്തിറങ്ങിയ സുസുക്കി ആക്സസ് 125 പതിനാറ് വർഷങ്ങൾക്കിപ്പുറം 50 ലക്ഷം യൂണിറ്റുകൾ വിറ്റഴിക്കുന്ന ആദ്യ സ്‌കൂട്ടറായും മാറി. 124സിസി ഫ്യുവൽ ഇൻജെക്ടഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ഏറ്റവും പുതിയ ആക്സസ് 125 ന് കരുത്ത് പകരുന്നത്. 6750 ആർ.പി.എമ്മിൽ 8.7പി.എസ് പവറും 5500 ആർ.പി.എമ്മിൽ പരമാവധി 10 എൻ.എം ടോർക്കും പുറത്തെടുക്കാൻ ഈ എഞ്ചിനാകും.
സ്റ്റാൻഡേഡ്, സ്പെഷൽ എഡിഷൻ, റൈഡ് കണക്ട് എഡിഷൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാഹനം ലഭിക്കും. 79,000 രൂപ മുതൽ 89,500 രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ ഷോറൂം വില. എൽ.ഇ.ഡി ഹെഡ്ലാംപ്, എക്സ്റ്റേണൽ ഫ്യുവൽ ലിഡ്, ഫ്രണ്ട് സ്റ്റോറേജ് റാക്ക്, യു.എസ.്ബി സോക്കറ്റ്, എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, 21.8 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് എന്നിവക്കൊപ്പം മിസ് കോൾ അലർട്ട്, കോളർ ഐ.ഡി, കോൾ, എസ്എം.എസ്, വാട്സ്ആപ്പ് മുന്നറിയിപ്പ്, അമിത വേഗതയുടെ മുന്നറിയിപ്പ്, ഫോൺ ബാറ്ററി ഡിസ്പ്ലേ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് പുതിയ ആക്‌സസ് 125 എത്തുന്നത്.