കാറുകളില്‍ ആറ് എയര്‍ ബാഗ്: തിയ്യതി പുതുക്കി കേന്ദ്രം

എട്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് എയര്‍ ബാഗ് വേണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം.

Update: 2022-09-29 11:26 GMT
Advertising

രാജ്യത്ത് എട്ട് സീറ്റുള്ള വാഹനങ്ങളില്‍ ആറ് എയര്‍ ബാഗ് നിര്‍ബന്ധമെന്ന ഉത്തരവ് നടപ്പിലാക്കാനുള്ള തിയ്യതി നീട്ടി കേന്ദ്ര സര്‍ക്കാര്‍. എട്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് എയര്‍ ബാഗ് വേണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. ഇതാണ് 2023 ഒക്ടോബര്‍ ഒന്നിലേക്ക് നീട്ടിയിരിക്കുന്നത്.

എട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന എം1 കാറ്റഗറി വാഹനങ്ങളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്ന കരട് നിര്‍ദേശം 2022 ജനുവരിയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. ഈ ഒക്ടോബര്‍ മുതല്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ 10 ലക്ഷം അധിക എയര്‍ബാഗുകള്‍ ആവശ്യമായി വരും. ഇത് നിര്‍മിക്കുന്നതിനുള്ള ശേഷി നിലവില്‍ ഇല്ലെന്നത് പരിഗണിച്ചാണ് ഒരു വര്‍ഷം കൂടി സമയം നീട്ടി അനുവദിച്ചത്.

യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും 2023 ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് എയര്‍ ബാഗ് നിര്‍ബന്ധമാക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. എട്ടു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വാഹനങ്ങളുടെ മുന്‍നിരയില്‍ രണ്ട് സാധാരണ എയര്‍ബാഗും പിന്നിലെ രണ്ട് നിരകളിലായി കര്‍ട്ടണ്‍ എയര്‍ബാഗും നല്‍കണമെന്നാണ് നിര്‍ദേശം. ഇന്ത്യയില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഈ നീക്കം. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനൊപ്പം വാഹനാപകടങ്ങളും കൂടുകയാണ്. അപകടത്തില്‍ പരിക്കേല്‍ക്കുന്നത് കുറയ്ക്കാനാണ് എയര്‍ ബാഗുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. എന്നാല്‍, എയര്‍ബാഗുകളുടെ എണ്ണം ഉയരുന്നതോടെ വാഹനത്തിന്റെ വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News