ഒലയോ ചേതകോ ഏഥറോ? ഏതാണ് ഏറ്റവും മികച്ച ഇലക്ട്രിക് സ്‌കൂട്ടർ

ഒട്ടനേകം ഫീച്ചറുകളുമായി ഒല എസ് 1 അവതരിച്ചതോടെയാണ് വാഹനപ്രേമികൾ ഇലക്ട്രിക് സ്‌കൂട്ടറുകളെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്.

Update: 2021-08-20 06:08 GMT
Editor : abs | By : Web Desk
Advertising

എണ്ണ വില കുതിച്ചു കയറിയതോടെ യാത്രകൾക്കായി ബദൽ മാർഗങ്ങളെ കുറിച്ച് ആലോചിച്ചു തുടങ്ങുകയാണ് ഇന്ത്യക്കാർ. പെട്രോൾ-ഡീസൽ കാറുകൾക്ക് പകരം ഇലക്ട്രിക് കാറുകളാണ് ആദ്യം നിരത്തു കീഴക്കിയത് എങ്കിൽ ഇപ്പോൾ ചർച്ചാ വിഷയം മുഴുവൻ ഇലക്ട്രിക് സ്‌കൂട്ടറുകളെ കുറിച്ചാണ്. ഒട്ടനേകം ഫീച്ചറുകളുമായി ഒല എസ് 1 അവതരിച്ചതോടെയാണ് വാഹനപ്രേമികൾ സ്‌കൂട്ടറുകളെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്.

ഒലയ്ക്ക് മുമ്പെ ഏഥർ 450 എക്‌സ് പ്രോ, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് തുടങ്ങിയ സ്‌കൂട്ടറുകൾ ഇന്ത്യൻ നിരത്തിലെത്തിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങളെത്തിയതോടെ ഏതാണ് മികച്ച വാഹനം എന്നതിൽ ആളുകളും കൺഫ്യൂഷനിലാണ്. പരിശോധിക്കുന്നു;

ഒന്നാന്തരം ഒല

എസ് വൺ, എസ് വൺ പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഒല സ്‌കൂട്ടറുകൾക്കുള്ളത്. സാറ്റിൻ, മാറ്റ്, ഗ്ലോസി ഫിനിഷിൽ പത്ത് നിറങ്ങളിലാണ് സ്‌കൂട്ടർ ലഭ്യമാകുക. വില എസ് 1- 99,999, എസ് 1 പ്രോ- 129,999. സംസ്ഥാനങ്ങൾ നൽകുന്ന സബ്സിഡിക്ക് അനുസൃതമായി വിലയിൽ കുറവുണ്ടാകും. ഇ.എം.ഐ ഓപ്ഷനുമുണ്ട്. ഒല വെറുമൊരു സ്‌കൂട്ടറല്ല, ലോകത്തെ ഏറ്റവും മികച്ച സ്‌കൂട്ടറാണ് എന്നാണ് കമ്പനി സ്ഥാപകൻ ഭാവിഷ് അഗർവാൾ അവകാശപ്പെടുന്നത്.


രൂപകൽപ്പനയിൽ അതീവ സുന്ദരനാണ് ഒല. രണ്ടു സ്‌കൂട്ടറുകൾക്കും ഒരേ ഡിസൈൻ. എസ് വണ്ണിന് 90 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്ററിലെത്താൻ വേണ്ടത് 3.6 സെക്കൻഡ്. 8.5കിലോവാട്ട് പീക്ക് പവർ എഞ്ചിൻ. നോർമൽ, സ്പോർട് എന്നീ രണ്ടു വിഭാഗങ്ങളിലായി സ്‌കൂട്ടർ ലഭിക്കും. അഞ്ചു നിറങ്ങളാണ് ഉള്ളത്. ബാറ്ററിക്കാര്യം പറയുകയാണെങ്കിൽ, ഒരൊറ്റ ചാർജിൽ 121 കിലോമീറ്റർ യാത്ര ചെയ്യാം. 

എസ് വൺ പ്രോയ്ക്ക് 115 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ ശേഷി കൈവരിക്കാൻ വേണ്ടത് വെറും മൂന്നു സെക്കൻഡ്. ഒറ്റച്ചാർജിൽ 181 കിലോമീറ്റർ സഞ്ചരിക്കാം. 8.5 കിലോവാട്ട് പീക് പവറാണ് എഞ്ചിൻ. നോർമൽ, സ്പോർട്, ഹൈപ്പർ എന്നിങ്ങനെ മൂന്നു മോഡലുകളാണ് ഉള്ളത്. പത്തു നിറങ്ങളിൽ ലഭ്യം.

ചില്ലറക്കാരനല്ല ഏഥർ

ഒറ്റച്ചാർജിൽ 85 കിലോമീറ്ററാണ് ഏഥർ വാഗ്ദാനം ചെയ്യുന്നത്. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്ററിലെത്താൻ എടുക്കുന്ന സമയം 3.3 സെക്കൻഡ്. ടോപ് സ്പീഡ് 80 കിലോമീറ്റർ. ആറ് കിലോവാട്ട് പീക്കപവറാണ് എഞ്ചിൻ. 


മാറ്റ് ഗ്രേ, മിന്റ് ഗ്രീൻ എന്നിങ്ങനെ രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് വാഹനമെത്തുന്നത്. ലിനക്‌സ് സിസ്റ്റത്തിനുപകരം പുതിയ ആൻഡ്രോയിഡ് അധിഷ്ഠിത യൂസർ ഇന്റർഫേസാണ് ഏഥറിൽ. പാട്ട് കേൾക്കാനും കോളുകൾ സ്വീകരിക്കാനും റദ്ദാക്കാനും ബ്ലൂടൂത്ത് കണക്ടിവിറ്റി സൗകര്യവും വാഹനത്തിലുണ്ട്. ബംഗളൂരു ആസ്ഥാനമായ ഏഥർ എനർജിയാണ് വാഹനം പുറത്തിറക്കുന്നത്. വില 1,49,287 രൂപ. സബ്‌സ്‌ക്രിപ്ഷൻ പാക്കേജിലൂടെയും വാഹനം സ്വന്തമാക്കാം.

ചേതോഹരം ചേതക്

ഇന്ത്യൻ നിരത്തുകളിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ബ്രാൻഡ് നെയിമാണ് ചേതക്. ഒരുകാലത്തെ ഇന്ത്യൻ മധ്യവർഗത്തിന്റെ സ്വന്തം വാഹനമായിരുന്നു ചേതക് സ്‌കൂട്ടറുകൾ. മാറിയ കാലത്തിന്റെ മിടിപ്പുകൾ ഉൾക്കൊണ്ടാണ് ഡിസൈനിൽ ഏറെ പുതുമയുള്ള ഇലക്ട്രിക് സ്‌കൂട്ടർ -ബജാജ് ചേതക്- പുറത്തിറക്കിയത്. വില മുംബൈയിൽ 1,29,598 രൂപ.

70 കിലോമീറ്റാണ് പരമാവധി വേഗത. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്ററിലെത്താൻ വാഹനം എടുക്കുന്ന സമയം 4.5 സെക്കൻഡ്. മൂന്നു കിലോവാട്ട് പീക്ക്പവറാണ് എഞ്ചിൻ. അഞ്ച് ബി.എച്ച്.പി. പവറും 16.2 എൻ.എം. ടോർക്കുമാണ് ഈ മോട്ടോർ ഉത്പാദിപ്പിക്കുന്നത്. 


ഐപി67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയോൺ ബാറ്ററിയാണ് ചേതക്കിലുള്ളത്. സിറ്റി മോഡിൽ ഒറ്റചാർജിൽ 95-100 കിലോമീറ്ററും സ്പോർട്സ് മോഡിൽ 85 കിലോമീറ്ററും ചേതക്ക് സഞ്ചരിക്കും. അഞ്ചു മണിക്കൂറിനുള്ളിൽ വാഹനത്തിന്റെ ബാറ്ററി പൂർണമായി ചാർജ് ചെയ്യാം. 2020ലാണ് ബജാജ് ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലിറക്കിയത്. പ്രീമിയം, അർബൺ വേരിയന്റുകളിൽ സ്‌കൂട്ടർ ലഭ്യമാണ്.

ടിവിഎസിന്റെ ഐക്യൂബ്

സമ്പൂർണമായ ന്യൂജനറേഷൻ സ്‌കൂട്ടറാണ് ടിവിഎസ് 2020ൽ പുറത്തിറക്കി ഐക്യൂബ്. സ്മാർട്ട് എക്സോനെക്ട് പ്ലാറ്റ്ഫോം വിത്ത് ബ്ലൂടൂത്ത് കണക്ടിവിറ്റി, അഡ്വാൻസ്ഡ് ടി.എഫ്.ടി. ഇൻസ്ട്രുമെന്റ് കൺസോൾ, ജിയോ ഫെൻസിങ്ങ്, ബാറ്ററി ചാർജിങ്ങ് സ്റ്റാറ്റസ്, നാവിഗേഷൻ ലാസ്റ്റ് പാർക്ക് ലൊക്കേഷൻ തുടങ്ങിയവ ഐക്യൂബിന്റെ സവിശേഷതയാണ്. 


78 കിലോമീറ്ററാണ് പരമാവധി വേഗം. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്ററിലേക്ക് കുതിക്കാൻ 4.2 സെക്കൻഡ് മതി. 4.4 കിലോവാട്ടാണ് എഞ്ചിൻ ശേഷി. ഒരൊറ്റ ചാർജിങ്ങിൽ 75 കിലോമീറ്റർ മൈലാജാണ് കമ്പനി അവകാശപ്പെടുന്നത്. അഞ്ചു മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News