ആംബുലന്‍സ് സൈറനിട്ട് പാഞ്ഞത് ഭക്ഷണം വാങ്ങാന്‍; ഡ്രൈവര്‍ക്ക് പിഴയിട്ട് പൊലീസ്

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍റെ ബോഡിക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് തെലുങ്കാനയിലെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അഞ്ജനി കുമാര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്

Update: 2023-07-12 11:46 GMT
Advertising

ഹൈദരാബാദ്: സൈറനിട്ട് അതിവേഗത്തിൽ പാഞ്ഞുവരുന്ന ആംബുലൻസിനായി വഴിമാറിക്കൊടുക്കുന്നവരാണ് നമ്മളെല്ലാവരും. ഒരു ജീവൻ രക്ഷിക്കാനുള്ള പച്ചിലാകുമ്പോൾ നാട്ടുകാരും പൊലീസുകാരുമെല്ലാം റോഡിലെ തടസ്സങ്ങൾ നീക്കി വാഹനത്തിന് വഴിയൊരുക്കിക്കൊടുക്കാറുണ്ട്. എങ്കിലും ചിലരെങ്കിലും ഈ അവസരം ദുരുപയോഗം ചെയ്യാറുമുണ്ട്. അത്തരമൊരു വാർത്തയാണ് തെലങ്കാനയിൽ നിന്നും പുറത്തുവരുന്നത്.


ഹൈദരാബാദിലെ ബഷീർബാഗ് ജംക്ഷനിലായിരുന്നു സംഭവം. മറ്റു വാഹനങ്ങൾ സിഗ്നലിൽ നിർത്തിയിരിക്കെ സൈറൻ ഇട്ട് ഒരു ആംബുലൻസ് പഞ്ഞുവരുന്നു. വാഹനം കണ്ട ഉടനെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും സഹയാത്രികരും ആംബുലൻസിന് വഴിയൊരുക്കി. പൊടുന്നനെ സിഗ്നൽ മറികടന്ന് പോയ വാഹനം തൊട്ടടുത്ത ഹോട്ടലിന് മുന്നിൽ നിർത്തി. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാരൻ വാഹനത്തെ ഡ്രൈവറെ സമീപിച്ചു.



എന്തിനാണ് ഇവിടെ വാഹനം നിർത്തിയതെന്ന ചോദ്യത്തിന് ഡ്രൈവറുടെ മറുപടി കേട്ട് പൊലീസുകാരൻ ഞെട്ടി. ട്രാഫിക് സിഗ്നൽ മറികടക്കാനാണ് സൈറനിട്ട് വാഹനമോടിച്ചതെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല. ഡ്രൈവറും രണ്ടു നഴ്‌സുമാരും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

നിയമ ലംഘനത്തിന് ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തിയതായി പൊലീസ് പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍റെ ബോഡിക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് തെലുങ്കാനയിലെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അഞ്ജനി കുമാര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News