കാത്തിരിപ്പ് മതിയാക്കാം; ഓഡി ക്യു7 ഫേസ്‌ലിഫ്റ്റ് ഉടൻ നിരത്തിലിറങ്ങും
പെട്രോൾ എഞ്ചിനിൽ മാത്രം ലഭിക്കുന്ന ക്യു7- പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും ഇന്ത്യയിൽ ലഭ്യമാകുക.
ഓഡി ആരാധകർ കാത്തിരിക്കുന്ന ഓഡി ക്യു7 ഫേസ് ലിഫ്റ്റിന്റെ ഇന്ത്യയിലെ ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചു. ഓഡി പ്രേമികളുടെ ഇഷ്ട മോഡലായ ക്യു7 ബിഎസ് 6 നിയമങ്ങളെ തുടർന്ന് 2020 ഏപ്രിലിലാണ് നിരത്തിൽ നിന്ന് പിൻവലിച്ചത്. അകത്തും പുറത്തും അടിമുടി മാറ്റങ്ങളോടെയാണ് പുതിയ ക്യു7 ഫേസ്‌ലിഫ്റ്റിന്റെ വരവ്. പെട്രോൾ വേരിയന്റിൽ മാത്രം ലഭിക്കുന്ന ക്യു7- പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും ഇന്ത്യയിൽ ലഭ്യമാകുക. ഫെബ്രുവരി മൂന്നിനാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുക
2019 ൽ ആഗോള വിപണിയിൽ അവതരിപ്പിച്ച ക്യു7 നിൽ നിന്ന് വലിയ വ്യത്യാസമില്ലാതെയാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ ഇന്ത്യക്കാർ ഈ ഡിസൈൻ പുതിയതാണ്. മുന്നിലെ ഒക്ടാഗണൽ സിംഗിൾ ഫ്രെയിമിൽ തുടങ്ങുന്ന പുതുമ. പുതിയ എൽഇഡി ഹെഡ്‌ലൈറ്റും ഡിആർഎല്ലും നൽകിയിട്ടുണ്ട്. ടെയിൽ ലൈറ്റിലും റിയർ ബമ്പറിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
വാഹനത്തിന്റെ അകത്തളങ്ങളിലും വലിയ മാറ്റം വന്നിട്ടുണ്ട്. പുതിയ ഡാഷ്‌ബോർഡും കൂടുതൽ വലുതായ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റവുമാണ് നൽകിയിരിക്കുന്നത്. ഓഡി ക്യു 8 ന്റെ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റവുമായി വലിയ സാമ്യം ഇതിനുണ്ട്. 10.1 ഇഞ്ച് വലിപ്പമുള്ള ഇൻഫോർടെയ്ൻമെന്റ് സിസ്റ്റവും 8.6 ഇഞ്ച് വലിപ്പമുള്ള ക്ലൈമറ്റ് കൺട്രോൾ സ്‌ക്രീനും 12.3 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ചേർന്ന് ഓഡിയുടെ വിർച്വൽ കോക് പിറ്റ് സിസ്റ്റം സമ്പൂർണമാക്കുന്നുണ്ട്. വിർച്വൽ കോക് പിറ്റ് സിസ്റ്റം ആദ്യമായി അവതരിപ്പിച്ചത് തന്നെ ക്യു7 നിലാണ്.
പാനോരമിക് സൺറൂഫ്, 4 സോണുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എസി, ആംബിയന്റ് ലൈറ്റിങ്, പവേർഡ് ഫ്രണ്ട് സീറ്റ്, പിറകിലെ സീറ്റിന് പ്രത്യേക സ്‌ക്രീൻ ആക്‌സസറിയായും ലഭിക്കും. ഇങ്ങനെ നിരവധി പ്രത്യേകതകൾ അടങ്ങിയതാണ് പുതിയ ക്യു7.
പഴയതുപോലെ തന്നെ 7 സീറ്റിൽ തന്നെയാണ് ക്യു7 ലഭ്യമാകുക.
ഓഡിയുടെ ക്യു8ലും എ8ലും ഉപയോഗിച്ചിരിക്കുന്ന 3.0 ലിറ്റർ ടർബോ ചാർജഡ് വി6 പെട്രോൾ എഞ്ചിനാണ് ക്യു7നും കരുത്ത് പകരുന്നത്. 340 എച്ച്പി പവറും 500 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. പഴയ 3.0 ലിറ്റർ വി6 ഡീസൽ എഞ്ചിന് പകരമാണ് ഈ എഞ്ചിൻ വന്നിരിക്കുന്നത്.