ഇലക്ട്രിക്കായി ക്രെറ്റയും; റേഞ്ച് 473 കിലോമീറ്റര്‍
ജനുവരി 17ന് ഭാരത് മൊബിലിറ്റി എക്സ്പോയിൽ അവതരിപ്പിക്കും
ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവികളില്‍ എന്നും മുന്‍നിരയിലുള്ള വാഹനമാണ് ഹ്യുണ്ടായ് ക്രെറ്റ. ഈ ജനപ്രിയ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ കമ്പനി. ജനുവരി 17ന് ഭാരത് മൊബിലിറ്റി ഷോയിലാകും വാഹനത്തിന്റെ പൊതുഅവതരണം.
നിലവിലെ മോഡലിനോട് ഏകദേശം സമാനമായ രൂപമാണ് ഇലക്ട്രിക്കിനും. മുന്നിലെ അടഞ്ഞ ഗ്രില്ലാണ് ഒരു മാറ്റം. ഇതിനോട് ചേര്‍ന്നാണ് ലോഗോ നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം മെച്ചപ്പെട്ട എയറോഡൈനാമിക്കിനായി ആക്ടീവ് എയര്‍ ഫ്‌ലാപ്‌സും 17 ഇഞ്ച് അലോയ് വീലും നല്‍കിയിരിക്കുന്നു.
അകത്ത് അയോണിക് 5ല്‍നിന്ന് പ്രചോദനം കൊണ്ട കാബിനാണുള്ളത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ സേഫ്റ്റ്‌വെയറും ഫീച്ചറുകളുമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയെല്ലാം മാറ്റുകൂട്ടുന്നു. ഡിജിറ്റല്‍ കീ, ലെവല്‍ 2 അഡാസ്, ടയര്‍ പ്രഷര്‍ മേണിറ്ററിങ് സിസ്റ്റം, 360 ഡിഗ്രി കാമറ എന്നിവയും മറ്റു സുരക്ഷാ ഫീച്ചറുകളുമെല്ലാം ഇതില്‍ ഉണ്ടാകും. കൂടാതെ പനോരമിക് സണ്‍റൂഫ്, വെഹികിള്‍ ടു ലോഡ് ടെക്‌നോളജി തുടങ്ങിയ ഫീച്ചറുകളുമുണ്ട്. എക്‌സിക്യൂട്ടിവ്, സ്മാര്‍ട്ട്, പ്രീമിയം, എക്‌സലന്‍സ് എന്നീ നാല് വേരിയന്റുകളിലായിട്ടാകും വിവിധ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
42 kwh, 51.4 kwh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളില്‍ വാഹനം ലഭ്യമാകും. 390 കിലോമീറ്റര്‍, 473 കിലോമീറ്റര്‍ എന്നിങ്ങനെയാകും ഇവയുടെ പരമാവധി റേഞ്ച്. ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 58 മിനിറ്റ് കൊണ്ട് 10ല്‍നിന്ന് 80 ശതമാനം ചാര്‍ജാകും. വീട്ടില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 11 കിലോവാട്ടിന്റെ ചാര്‍ജര്‍ ഉപയോഗിച്ച് 10 ശതമാനത്തില്‍നിന്ന് 100 ശതമാനത്തിലെത്താന്‍ നാല് മണിക്കൂറാണ് വേണ്ടത്.
റേഞ്ച് കൂടിയ മോഡലില്‍ 7.9 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്തും. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളുമുണ്ടാകും. സ്റ്റീയറിങ് വീലിലെ ബട്ടണ്‍ ഉപയോഗിച്ച് മോഡുകള്‍ മാറ്റാന്‍ സാധിക്കും. കൂടാതെ ഹ്യുണ്ടായിയുടെ ഐ-പെഡല്‍ ടെക്‌നോളജിയുമുണ്ട്. ഇതുവഴി സിംഗിള്‍ പെഡല്‍ ഡ്രൈവിങ് സാധ്യമാകും. വാഹനത്തിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. 22 ലക്ഷം മുതല്‍ 26 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്നത്.
ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര ബിഇ 6, മാരുതി സുസുക്കി ഇ-വിറ്റാര, എംജി ഇസഡ്എസ് ഇവി തുടങ്ങിയവയാകും പ്രധാന എതിരാളികള്‍. അതേസമയം, എതിരാളികളെ അപേക്ഷിച്ച് വാഹനത്തിന് റേഞ്ച് കുറവാണെന്ന വിമര്‍ശനമുണ്ട്. ഇ-വിറ്റാരക്ക് 550 കിലോമീറ്റര്‍ വരെയും മഹീന്ദ്ര ബിഇ 6ന് 682 കിലോമീറ്ററും ടാറ്റ കര്‍വിന് 585 കിലോമീറ്ററും റേഞ്ചുണ്ട്. മറ്റൊരു എതിരാളിയായ എംജി ഇസഡ്എസ് ഇവിക്ക് 461 കിലോമീറ്ററാണ് റേഞ്ച്.