മിനി കൂപ്പർ ഇലക്ട്രിക് വേർഷൻ- മിനി കൂപ്പർ എസ്.ഇ ഇവിയുടെ ബുക്കിങ് ഇന്ത്യയിൽ ഉടൻ ആരംഭിക്കും
നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ആഡംബര ഇലക്ട്രിക് കാറുകളായ മെഴ്‌സഡസ് ബെൻസ് ഇക്യുസി, ജാഗ്വാർ ഐ പേസ്, ഓഡി ഇ-ട്രോൺ എന്നീ വാഹനങ്ങളെക്കാൾ വില കുറഞ്ഞ ഇലക്ട്രിക് വാഹനമായിരിക്കും മിനി കൂപ്പർ എസ് ഇ.
2019 ൽ ഇന്ത്യക്കാരെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന വാഹനമാണ് ലോകമെങ്ങും ആരാധകരുള്ള വാഹനത്തിന്റെ മിനി കൂപ്പറിന്റെ ഇലക്ട്രിക് വേർഷൻ. മിനി കൂപ്പർ എസ്ഇ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ ഉടൻ ആരംഭിക്കുമെന്നാണ് മിനി ഇന്ത്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. പുറത്തു വരുന്ന വാർത്തകളുനസരിച്ച് ഈ മാസം 29ന് കമ്പനി ഈ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും.
ഷോറൂമുകളിൽ നിന്ന് ലഭിച്ച വിവരം 30 മിനി കൂപ്പർ എസ്ഇ ഇവി കാറുകൾ മാത്രമാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിൽ ലഭിക്കുക. ഒരു സിബിയു യൂണിറ്റായാണ് വാഹനം ഇന്ത്യയിൽ വരുന്നത്.
ബിഎംഡബ്യൂ ഗ്രൂപ്പിന് കീഴിൽ ഇന്ത്യയിൽ വിൽക്കുന്ന ആദ്യത്തെ ഓൾ ഇലക്ട്രിക് വാഹനമാണ് കൂപ്പർ എസ് ഇ. ലോകപ്രശസ്തമായ മിനി കൂപ്പറിന്റെ 3 ഡോർ ഹാച്ച് ബാക്ക് മോഡൽ തന്നെയാണ് ഇതിന്റെയും അടിസ്ഥാനം. പുറംകാഴ്ചയിൽ രണ്ട് വാഹനങ്ങളും തമ്മിൽ വലിയ മാറ്റങ്ങളൊന്നും കാണാനും കഴിയില്ല. ആകെ മാറ്റം 'രണ്ടിന്റെയും ഹൃദയങ്ങളിലാണ്'.
സാധാരണ മിനി കൂപ്പറിൽ നിന്ന് പുറംകാഴ്ചയിൽ വലിയ മാറ്റങ്ങളില്ലെങ്കിലും ചെറിയ ചില കോസ്മറ്റിക്ക് ചേഞ്ചുകൾ നൽകിയിട്ടുണ്ട്. ഇലക്ട്രിക് ആണെന്ന് അറിയിക്കാൻ 'E' എന്ന ബാഡ്ജിങ് വാഹനത്തിന് നൽകിയിട്ടുണ്ട്. മുന്നിലെ ബംബറിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പിറകിൽ എക്‌ഹോസ്റ്റ് പൈപ്പ് ആവശ്യമില്ലാത്തതിനാൽ അത് മുതലെടുത്ത് ഡിസൈനിൽ മാറ്റം വരുത്തിയിട്ടുണ്ട്. റിയർ വ്യൂ മിറർ ക്യാപ്പുകളിലും വീലുകളിലും മഞ്ഞ നിറം നൽകിയതും പുതുമയാണ്. സാധാരണ മിനി കൂപ്പറിനെക്കാൾ 15 മില്ലി മീറ്റർ അധികം ഗ്രൗണ്ട് ക്ലിയറൻസും ഇവിക്കുണ്ട്.
വൈറ്റ് സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക്, മൂൺവാക്ക് ഗ്രേ, ബ്രിട്ടീഷ് റേസിങ് ഗ്രീൻ എന്നീ നിറങ്ങളിൽ വാഹനം ഇന്ത്യയിൽ ലഭ്യമാകും. വാഹനത്തിന്റെ അകത്ത് വന്ന പ്രധാന മാറ്റം പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ചു എന്നാണ്. ഇന്റീരിയർ, ബൂട്ട് സ്‌പേസുകളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല.
184 എച്ച്പി പവറും 270 എൻഎം ടോർക്കുമുള്ള 32.6 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. പാസഞ്ചർ സീറ്റിന് താഴെ ടി ഷേപ്പിലാണ് ബാറ്ററി ഘടിപ്പിച്ചിട്ടുള്ളത്. മുന്നിലെ ടയറുകളിൽ മാത്രമാണ് പവർ ലഭിക്കുന്നത്. 150 കിലോമീറ്റർ പരാമാവധി വേഗതയുള്ള വാഹനത്തിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയാർജിക്കാൻ 7.3 സെക്കൻഡുകൾ മതി.
235-270 കിലോമീറ്റർ വരെയാണ് ബാറ്ററിയുടെ പരമാവധി റേഞ്ച്. 50 കിലോവാട്ട് ചാർജർ ഉപയോഗിച്ചാൽ പൂജ്യത്തിൽ നിന്ന് 80 ശതമാനത്തിലെത്താൻ 35 മിനിറ്റ് മതിയെന്നാണ് കമ്പനിയുടെ അവകാശവാദം.
സാധാരണ ചാർജർ ഉപയോഗിച്ചാൽ പൂർണമായും ചാർജാകാൻ 210 മിനിറ്റ് വേണം. വാഹനത്തിന്റെ വിലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 50 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ ഡൽഹിയിലെ എക്‌സ് ഷോറൂം വിലയെന്ന് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ആഡംബര ഇലക്ട്രിക് കാറുകളായ മെഴ്‌സഡസ് ബെൻസ് ഇക്യുസി, ജാഗ്വാർ ഐ പേസ്, ഓഡി ഇ-ട്രോൺ എന്നീ വാഹനങ്ങളെക്കാൾ വില കുറഞ്ഞ ഇലക്ട്രിക് വാഹനമായിരിക്കും മിനി കൂപ്പർ എസ് ഇ.