മലേഷ്യയിൽനിന്ന് ചിപ്പുകളെത്തുന്നു; മാരുതി കാർ നിർമാണം വർധിപ്പിക്കുമെന്ന്
ഒക്‌ടോബർ, ഡിസംബർ മാസങ്ങളിലായി അര ദശലക്ഷത്തിലധികം വാഹനങ്ങൾ വിൽക്കാൻ ഒരുങ്ങണമെന്നാണ് വിതരണക്കാർക്ക് കമ്പനി നൽകുന്ന നിർദേശം
ഒക്‌ടോബറിൽ മാരുതി കാർ നിർമാണം വർധിപ്പിക്കുന്നു. പല വഴികളുടെ ചിപ്പ് ലഭ്യത ഉറപ്പാക്കാൻ കഴിഞ്ഞതോടെ ഒന്നര ലക്ഷത്തിലധികം കാറുകളും എസ്.യു.വികളും കമ്പനി നിർമിക്കുമെന്നാണ് വിതരണക്കാർ പറയുന്നത്.
മലേഷ്യയിൽ കോവിഡ് സാഹചര്യം അനുകൂലമായതും ഫാക്ടറികളിലെ ചിപ്പ് നിർമാണം വർധിപ്പിച്ചതും മാരുതി കമ്പനിക്കും വാഹനപ്രേമികൾക്കും അനുഗ്രഹമാകുന്നത്.
ഒക്‌ടോബറിലെ ലക്ഷ്യം നേടാനായാൽ സെപ്തംബറിനെ അപേക്ഷിച്ച് നിർമാണത്തിൽ 60-80 ശതമാനം വളർച്ച നേടാനാകും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം കുറവാണിത്.
പുതിയ വാഹനങ്ങളിലെ പ്രധാന ഘടകമായ സെമികണ്ടക്ടറുകളുടെ ആഗോള ലഭ്യത കുറഞ്ഞതിനാൽ വാഹനനിർമാതാക്കൾ നിർമാണം ഒരു ലക്ഷത്തിൽ ഒതുക്കിയിരുന്നു.
ഫെസ്റ്റിവൽ സീസൺ വരാനിരിക്കെ, ചിപ്പ് ലഭ്യമാകാതിരിക്കുകയും നിർമാണം നിലയ്ക്കുകയും ചെയ്തിരുന്നെങ്കിൽ മാരുതിക്ക് വലിയ നഷ്ടമായേനെ.
ഒക്‌ടോബർ, ഡിസംബർ മാസങ്ങളിലായി അര ദശലക്ഷത്തിലധികം വാഹനങ്ങൾ വിൽക്കാൻ ഒരുങ്ങണമെന്നാണ് വിതരണക്കാർക്ക് കമ്പനി നൽകുന്ന നിർദേശം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ഫെസ്റ്റിവൽ സീസണിൽ ഏഴര ശതമാനം വർധനവ് നിർമാണത്തിലുണ്ടാകുമെന്നാണ് നിർദേശത്തിലൂടെ വ്യക്തമാകുന്നത്.