ഉത്സവക്കാലത്തെ ദശാബ്ദത്തിലെ ഏറ്റവും വലിയ വിൽപ്പന ഇടിവ് രേഖപ്പെടുത്തി ഇന്ത്യൻ വാഹനവിപണി
ഓരോ ഉത്സവക്കാലത്തും വിൽപ്പന കൂടിയ ചരിത്രം മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാൽ ഇത്തവണ ആ കഥ മാറി.
ഇന്ത്യയിൽ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും വിൽപ്പന ഏറ്റവും കൂടുതൽ നടക്കുന്ന സമയമാണ് ഉത്സവക്കാലം. അതിൽ തന്നെ ഒക്ടോബറാണ് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന മാസങ്ങളിലൊന്ന്.
അതനുസരിച്ച് എല്ലാ വാഹനനിർമാതാക്കളും ഓഫറുകളും പ്രഖ്യാപിക്കാറുണ്ട്. ഓരോ ഉത്സവക്കാലത്തും വിൽപ്പന കൂടിയ ചരിത്രം മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാൽ ഇത്തവണ ആ കഥ മാറി.
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽസ് ഡീലേർസ് അസോസിയേഷന്റെ (എഫ്എഡിഎ) 2021 ഒക്ടോബറിലെ കണക്ക് അനുസരിച്ച് ആകെ 13,64,526 വാഹനങ്ങളാണ് ഇന്ത്യയിൽ മൊത്തം വിറ്റഴിഞ്ഞത്. അതിൽ കാറുകൾ, എസ്.യു.വി, ഇരുചക്രവാഹനങ്ങൾ, മൂന്ന്ചക്ര വാഹനങ്ങൾ, വാണിജ്യവാഹനങ്ങൾ, ട്രാക്ടർ എന്നിവ ഉൾപ്പെടും.
കഴിഞ്ഞ വർഷം ഒക്ടോബറിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ച് ശതമാനത്തിന്റെ കുറവാണിത്. കോവിഡിന് മുമ്പുള്ള 2019 ഒക്ടോബറിലെ കണക്കുമായി താരതമ്യം ചെയ്താൽ 26 ശതമാനമാണ് വിൽപ്പനയിലെ ഇടിവ്.
ഒക്ടോബർ ഏഴിന് ആരംഭിച്ച് നവംബർ 17 ന് അവസാനിച്ച 42 ദിവസത്തെ ഉത്സവക്കാലത്തെ വിൽപ്പന പരിശോധിച്ചാലും വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ ആകെ 20,90,893 വാഹനങ്ങളാണ് എല്ലാ വിഭാഗങ്ങളിലുമായി വിറ്റത്. 2020ലെയും 2019 ലെയും ഇതേ കാലയളവിലെ വിൽപ്പനയുമായി താരതമ്യം ചെയ്താൽ യഥാക്രമം 18,21 ശതമാനം ഇവിടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എഫ്എഡിഎയുടെ അഭിപ്രായത്തിൽ വാഹന വിൽപ്പനയിൽ ഈ ദശാബ്ദത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്.
എന്തുകൊണ്ടാണ് വിൽപ്പന ഇടിയുന്നത് ?
സെമി കണ്ടക്ടറകളുടെ ദൗർലഭ്യമാണ് വാഹന മേഖലയെ ഏറ്റവും പ്രതികൂലമായി ബാധിച്ച ഘടകം. വാഹനത്തിന് ബുക്കിങ് ലഭിക്കുന്നുണ്ടെങ്കിലും സെമി കണ്ടക്ടറുകൾ അഥവാ ചിപ്പ് ക്ഷാമം മൂലം വാഹനം സമയബന്ധിതമായി നിർമിക്കാൻ സാധിച്ചിരുന്നില്ല. ഒരു ആധുനിക കാർ നിർമിക്കാൻ 1,000 സെമി കണ്ടക്ടറുകളെങ്കിലും ആവശ്യമുണ്ട്. അതിൽ ക്ഷാമം നേരിട്ടതോടെ മിക്ക നിർമാതാക്കളും ഉത്പാദനം കുറച്ചു.
ഇത് കൂടാതെ മറ്റൊരു ഘടകമാണ് കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കം. എൻട്രി ലെവൽ കാറുകളുടെ പ്രധാന ഉപഭോക്താക്കളായ മധ്യവർഗത്തിന്റെ സാമ്പത്തിക സ്ഥിതിയെ കോവിഡ് പിടിച്ചുലച്ചതോടെ കാർ വാങ്ങുന്ന കാര്യം മിക്കവരും പിന്നേക്ക് മാറ്റിവെക്കാൻ തുടങ്ങി.
ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിലേക്ക് വന്നാലും ഏറ്റവും കാര്യമായി ബാധിച്ച കാര്യം ഗ്രാമീണ മേഖലയിലെ ജനങ്ങളിൽ കുറഞ്ഞുവരുന്ന സാമ്പത്തികശേഷിയാണ്. വില കുറഞ്ഞ എൻട്രി ലെവൽ ബൈക്കുകളുടെ വിൽപ്പനയിലാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത് എന്നത് ആ കണക്കിനെ സാധൂകരിക്കുന്നു.
എല്ലാ വാഹനങ്ങളുടെ വിൽപ്പനയേയും പ്രതികൂലമായി ബാധിച്ച മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. ഇന്ധനവിലക്കയറ്റം. നിരവധി ഉപഭോക്താക്കളാണ് ഇന്ധനവിലക്കയറ്റം കൊണ്ട് മാത്രം വാഹനം വാങ്ങുന്ന കാര്യം മാറ്റിവെച്ചത്.
അതേസമയം ചിപ്പ് ക്ഷാമം ഉടൻ മാറുമെന്നാണ് എഫ്എഡിഎയുടെ കണക്കുക്കൂട്ടൽ. മിക്ക കമ്പനികളുടെ ബുക്കിങ് സമയത്തിൽ ഇപ്പോൾ കുറവ് വരാൻ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സമ്മർ സീസണിന് മുമ്പ് തന്നെ വാഹന വിപണിയിൽ വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.