ഒറ്റ ചാർജിൽ 437 കിലോമീറ്റർ, 43 മിനിറ്റ് കൊണ്ട് ഫുൾ ചാർജ് എംജിയുടെ പുതിയ ഇവി എസ്‌യുവി വരുന്നു
വാഹനത്തിന്റെ ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ലെങ്കിലും ചില കാര്യങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്.
ടാറ്റ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ഇലക്ട്രിക് കാറാണ് എംജിയുടെ സെഡ്എസ് ഇവി. മികച്ച റേഞ്ചും ഫീച്ചറും എംജിയെ ഇവി നിരയിൽ മുന്നിൽ നിൽക്കാൻ സഹായിക്കുന്നു.
ഇന്ത്യയിൽ അവതരിപ്പിച്ച സെഡ്എസ് ഇവിയുടെ ഏറ്റവും പുതിയ ഫേസ്‌ലിഫ്റ്റ് മോഡൽ ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് എംജി. ഇതിന്റെ രൂപം പക്ഷേ ഇന്ത്യക്കാർ നേരത്തെ കണ്ടതാണ്. അടുത്തിടെ അവർ അവതരിപ്പിച്ച പെട്രോൾ എസ് യു വിയായ ആസ്റ്ററിന്റെ അതേ രൂപമാണ് ഈ വാഹനത്തിനും. മറ്റൊരു രീതിയിൽ പറഞ്ഞാൽ ആസ്റ്ററിന്റെ ഇവി രൂപമാണ് പുതിയ ഫേസ് ലിഫ്റ്റ് സെഡ്എസ് ഇവി.
മെലിഞ്ഞ ഹെഡ്‌ലാമ്പ് യൂണിറ്റും എൽഇഡ് ഡേടൈം റണ്ണിങ് ലാമ്പും എൽഇഡി ടെയിൽ ലാമ്പും വാഹനത്തിന് നൽകിയിട്ടുണ്ട്. മുൻ-പിൻ ബമ്പറുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രില്ലിന്റെ ഡിസൈനിലും പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
വാഹനത്തിന്റെ ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ലെങ്കിലും ചില കാര്യങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. വയർലെസ് ചാർജർ, 10.1 ഇഞ്ച് സ്‌ക്രീനോട് കൂടിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നൽകിയിട്ടുണ്ട്. നേരത്തെ 8 ഇഞ്ചായിരുന്നു ഈ സ്‌ക്രീനിന്റെ വലിപ്പം. എംജിയുടെ കണക്റ്റിവിറ്റി ഫീച്ചറായ ഐസ്മാർട്ടിൽ കൂടുതൽ അ്പ്‌ഡേറ്റുകളും നൽകിയിട്ടുണ്ട്.
നിലവിൽ ഇന്ത്യയിൽ ലഭ്യമായ എംജി സെഡ്എസ് ഇവിയുടെ 44.5 കിലോവാട്ട് ബാറ്ററിയുടെ റേഞ്ച് 261 കിലോമീറ്ററാണ്. പുതിയ 2022 സെഡ് എസ് ഇവിക്ക് 51 കിലോവാട്ട് മുതൽ 72 കെഡബ്ല്യൂഎച്ച് വരെയുള്ള ബാറ്ററി പാക്കുകൾ നൽകിയിട്ടുണ്ട്. 317 കിലോമീറ്റർ മുതൽ 437 കിലോ മീറ്റർ വരെ റേഞ്ച് നൽകാനും പുതിയ വാഹനത്തിനാകും. 143 എച്ച്പിയാണ് മോട്ടോറിന്റെ ശേഷി.
സാധാരണ 7കിലോ വാട്ട് എസി ചാർജർ ഉപയോഗിച്ചാൽ 10 മണിക്കൂറും 30 മിനിറ്റുമെടുക്കും വാഹനം പൂർണമായും ചാർജാകാൻ എന്നാൽ 100 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ചാൽ 42 മിനിറ്റ് കൊണ്ട് വാഹനം ഫുൾചാർജാകും. അടുത്തമാസം യൂറോപ്പ് വിപണിയിൽ വാഹനം ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇന്ത്യയിലേക്കുള്ള വരവ് അടുത്ത വർഷം ആദ്യം മാത്രമേ ഉണ്ടാകൂ എന്നാണ് സൂചന.