കിലോമീറ്ററിന് 0.60 രൂപ മാത്രം ചെലവ്; ചരക്ക് നീക്കത്തിന് ഹൈലോഡ് ഇ.വികളുമായി യൂളർ മോട്ടോർ
പൂർണമായി ചാർജ് ചെയ്താൽ 151 കിലോമീറ്റർ ദൂരം ഓടിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്
യാത്രികരെ കൊണ്ടുപോകുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾ നമ്മുടെ നാട്ടിൽ സാർവത്രികമായി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ചരക്ക് നീക്കത്തിനും ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ എത്തുന്നു. യൂളർ മോട്ടോഴ്‌സ് 'മജന്ത'യുമായി സഹകരിച്ച് കിലോമീറ്ററിന് 0.60 രൂപ മാത്രം ചെലവ് വരുന്ന 1000 ഹൈലോഡ് ഇ.വികളാണ് രാജ്യത്തിറക്കുന്നത്. ആദ്യം ബംഗളൂരുവിലും പിന്നീട് വർഷത്തിനകം ഇതര പ്രദേശങ്ങളിലും വാഹനമെത്തിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഹൈദരാബാദും ചെന്നൈയും കമ്പനി ലക്ഷ്യമിടുന്ന നഗരങ്ങളാണ്.
ഇ കൊമേഴ്‌സ്, ഫുഡ് ഡെലിവറി, ഫാർമ തുടങ്ങിയവക്കായൊക്കെ ഉപയോഗിക്കാൻ കഴിയുന്ന തരം വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് കമ്പനി പറയുന്നത്. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗപ്പെടുത്തി നിലവിൽ 400ലേറെ ഇലക്ട്രിക് കാർഗോ ട്രാൻസ്‌പോർട്ട് സർവീസുകൾ നടത്തുന്നുണ്ടെന്നാണ് മജന്ത അറിയിക്കുന്നത്.
ത്രീ ഫേസ് ഇൻഡക്ഷൻ മോട്ടറിലാണ് യുളർ ഹൈലോഡ് ഇവി പ്രവർത്തിക്കുക. 10.96 കിലോ വാൾട്ട്, 88.5 എൻഎം ശക്തിയുണ്ടാകും. 12.4 കിലോ വാൾട്ട് പെർ ഹവർ ലിക്വിഡ് കൂൾഡ് ബാറ്ററിയാണുണ്ടാകുക. 3.49 ലക്ഷമാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
പൂർണമായി ചാർജ് ചെയ്താൽ 151 കിലോമീറ്റർ ദൂരം ഓടിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ യഥാർഥത്തിൽ 120 കിലോമീറ്റർ ദൂരം ഒറ്റചാർജിൽ ഓടാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 100 കിലോമീറ്റർ ഓടുമ്പോൾ, കിലോമീറ്ററിന് 0.60 രൂപ മാത്രം ചെലവ് വരികയുള്ളൂവെന്നാണ് കമ്പനി പറയുന്നത്. സിഎൻജി വാഹനങ്ങളിൽ വരുന്നതിനേക്കാൾ 2.5 മടങ്ങ് കുറവാണിതെന്നും അവർ പറയുന്നു.
മൂന്നു വർഷം\80,000 കിലോമീറ്റർ വാരൻറിയാണ് യൂളർ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി വാരൻറി രണ്ട് വർഷത്തേക്ക് കൂടി നീട്ടാമെന്നും പറയുന്നു. വാഹനങ്ങളുടെ വിതരണക്കാരായ മജന്തക്ക് ഈ ആഴ്ച 20 ഹൈലോഡ് ഇവികൾ കമ്പനി കൈമാറിയിട്ടുണ്ട്.
Euler Motors is launching 1000 high load EVs