ഹീറോ എക്‌സ് പൾസിന് വല്യേട്ടൻ വരുന്നു; എക്‌സ് പൾസ് 300
ലഡാക്കിൽ വച്ച് ഇരുവാഹനങ്ങളും ടെസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന ബ്രാൻഡാണ് ഹീറോ മോട്ടോകോർപ്പ്. ഹീറോ ഇപ്പോൾ പുതിയ രണ്ട് മോഡലുകൾ പുറത്തിറങ്ങാനുള്ള ശ്രമത്തിന്റെ അവസാനഘട്ടത്തിലാണ്. അതിലൊന്ന് ഇന്ത്യയിലെ ബൈക്ക് റൈഡർമാരുടെ ഓഫ് റോഡ് സ്വപ്‌നങ്ങൾക്ക് കൂടുതൽ വില കുറഞ്ഞതാക്കിയ എഡിവി മോഡവായ എക്‌സ് പൾസ് 200 ന്റെ കൂടുതൽ സിസി കൂടിയ മോഡലാണ്. മറ്റൊന്ന് അത്ര വിജയമായില്ലെങ്കിലും അത്യാവശ്യം വിൽപ്പന നേടിയ എക്സ്ട്രീം 200 ന്റെ കരുത്ത് കൂടിയ മോഡലാണ്.
എക്‌സ് പൾസ് 300 എന്ന പേര് പ്രതീക്ഷിക്കുന്ന വാഹനത്തിന് പേര് പോലെ തന്നെ 300 സിസി എഞ്ചിൻ പ്രതീക്ഷിക്കുന്നുണ്ട്. പുറത്തുവന്ന ചിത്രങ്ങൾ പ്‌രകാരം ടയറുകളും ടെയിൽ ഭാഗവും ടാങ്കിന്റ ഭാഗങ്ങളും വലുതായിട്ടുണ്ട്. പെറ്റൽ ഡിസ്‌ക് ബ്രേക്കുകളും ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ക്രോം നിറത്തിലാണ് സൈഡ് സ്റ്റാൻഡ്. മറ്റു രീതിയിലുള്ള എഞ്ചിൻ, ഫീച്ചറുകൾ എന്നിവയെക്കുറിച്ചുള്ള ഒരു വിവരവും ഹീറോ പുറത്തുവിട്ടിട്ടില്ല.
റോയൽ എൻഫീൽഡ് ഹിമാലയനും, കെടിഎം 390 അഡ്വവെഞ്ച്വറും ബിഎംഡബ്യൂ ജി 310 ജിഎസുമായിരിക്കും ഇതിന്റെ പ്രധാന എതിരാളികൾ.
എക്‌സ്ട്രീം 300 എസ് എന്ന പേര് പ്രതീക്ഷിക്കുന്ന മോഡലിലും എക്‌സ് പൾസ് 300 ലെ അതേ എഞ്ചിനാണ് പ്രതീക്ഷിക്കുന്നത്. ഫ്രണ്ട് കവറിങുള്ള ഈ മോഡലിൽ മൾട്ടി സ്‌പോക്ക് അലോയ് വീലുകൾ, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ എന്നിവയെല്ലാം ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. കെ.ടി.എം ആർസി 390, ടിവിഎസ് അപ്പാച്ചെ ആർആർ 310, ബിഎംഡബ്യൂ ജി 310 ആർ എന്നിവയായിരിക്കും ഈ വാഹനത്തിന്റെ എതിരാളികൾ.
ലഡാക്കിൽ വച്ച് ഇരുവാഹനങ്ങളും ടെസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.