ഡിസിടി ഗിയർ ബോക്‌സ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്; ഹോണ്ട ഗോൾഡ് വിങ് 2022 മോഡൽ പുറത്തിറങ്ങി

ആറ് സിലിണ്ടറുള്ള 1833 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഗോൾഡ് വിങ്ങിന്റെ ഹൃദയം. റിവേഴ്‌സ് ഗിയർ അടക്കമുള്ള ഈ ഇരുചക്രവാഹനത്തിൽ എയർബാഗുമുണ്ട്.

Update: 2022-04-20 09:32 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യയിലെ ആഡംബര ഇരുചക്ര ടൂറർ വാഹന നിരയിലെ തമ്പുരാൻ ആണെന്ന് ചോദിച്ചാൽ ഒരുത്തരം മാത്രമേയുള്ളൂ- ഹോണ്ട ഗോൾഡ് വിങ്. ഒരിക്കലെങ്കിലും ഇത് ഓടിക്കാൻ ആഗ്രഹിക്കാത്ത വാഹനപ്രേമികൾ ചുരുക്കമാണ്.

ഇപ്പോൾ വാഹനത്തിന്റെ ഏറ്റവും പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. 2022 ഗോൾഡ് വിങ് ടൂർ എന്നാണ് പുതിയ മോഡലിന്റെ പേര്. ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ( ഡിസിടി) ട്രാൻസ്മിഷനിൽ മാത്രമേ ലഭിക്കൂവെന്നതാണ് വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.

മറ്റൊരു പ്രത്യേകത ഗോൾഡ് വിങിന്റെ സിഗ്‌നേച്ചർ നിറമായ ചുവപ്പിൽ നിന്ന് മാറി ഗൺമെറ്റൽ മെറ്റാലിക്ക് ബ്ലാക്ക് നിറത്തിലേക്ക് വാഹനം മാറിയിട്ടുണ്ട്. എഞ്ചിനും സീറ്റും എല്ലാം കറുത്ത നിറത്തിലേക്ക് മാറിയിട്ടുണ്ട്.

ആറ് സിലിണ്ടറുള്ള 1833 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഗോൾഡ് വിങ്ങിന്റെ ഹൃദയം. ഇതിന് 126 എച്ച്പി പവറും 170 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. റിവേഴ്‌സ് ഗിയർ അടക്കമുള്ള ഈ ഇരുചക്രവാഹനത്തിൽ എയർബാഗുമുണ്ട്.

ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റൈഡ് മോഡുകൾ ( ടൂർ, സ്‌പോർട്, ഇക്കോ, റെയിൻ) എട്ട് കളർ മോഡുകളോട് കൂടിയ 7 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്‌പ്ലെ, ബ്ലൂട്ടൂത്ത് കണക്ടറ്റിവിറ്റി, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 45 വാട്ട് സ്പീക്കർ, ടൈപ്പ് സി യുഎസ്ബി പോർട്ട്‌സ്, ഫോഗ് ലാമ്പ് അങ്ങനെ ആധുനികമായ ഒരു കാറിലുള്ള എല്ലാ സവിശേഷതകളും ഈ ഇരുചക്രവാഹനത്തിലുണ്ട്.

ഹോണ്ട അവരുടെ പ്രീമിയം ഔട്ട്‌ലെറ്റിലൂടെ മാത്രം വിൽക്കുന്ന ബിഗ് വിങ് പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ വിലയും കൂടുതലാണ്. 39.20 ലക്ഷമാണ് ഡൽഹിയിലെ എക്‌സ് ഷോറൂം വില. മുൻ മോഡലിനേക്കാൾ 4000 രൂപ അധികമാണിത്‌. 

Summary: 2022 Honda Gold Wing Tour launched, comes only with DCT gearbox

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News