ഹീറോ സ്‌പ്ലെൻഡറിന് ഒരു എതിരാളി; ഹോണ്ട ഷെയ്ൻ 100 സി.സി പുറത്തിറക്കി
സിറ്റി ട്രാഫിക്കിൽ ഓടിക്കാനായി രൂപകൽപ്പന ചെയ്യപ്പെട്ടതാണ് ഈ വാഹനം
ഇന്ത്യൻ മാർക്കറ്റിൽ 100 സി.സി. മോട്ടോർസൈക്കിൾ പുറത്തിറക്കി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ. ഷെയ്ൻ 100 എന്ന പേരിലുള്ള ബൈക്ക് ഹീറോ സ്‌പ്ലെൻഡറടക്കമുള്ളവയ്ക്ക് എതിരാളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 64,900 രൂപയാണ് എക്‌സ് ഷോറൂം വില. മോഡലിനായുള്ള ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. സിറ്റി ട്രാഫിക്കിൽ ഓടിക്കാനായി രൂപകൽപ്പന ചെയ്യപ്പെട്ടതാണ് ഈ വാഹനം. റൂറൽ, സെമി അർബൻ മാർക്കറ്റുകളാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഹീറോ സ്‌പ്ലെൻഡർ പ്ലസ്, ബജാജ് പ്ലാറ്റിന 100, ടിവിഎസ് സിറ്റി പ്ലാസ് എന്നീ മോഡലുകൾക്ക് ഷെയ്ൻ വെല്ലുവിളിയുയർത്തും. ഒരു ലിറ്ററിന് 60 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്.100 സിസിയുള്ള ഹോണ്ട ഷെയ്‌നിന് സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണുണ്ടാകുക. ഇന്ധനക്ഷമതക്കായി ഫ്യുവൽ ഇഞ്ചക്ഷൻ, ഇഎസ്പി എന്നിവയുണ്ടാകും. ബിഎസ്6 മാനദണ്ഡങ്ങൾ തീർച്ചയായും പാലിക്കും. ഇന്ധന ടാങ്കിന് പുറത്താണ് ഫ്യൂവൽ പമ്പുണ്ടാകുക. ഓട്ടോ ചോക്ക് സിസ്റ്റവും മോഡലിലുണ്ടാകും. 7500 ആർപിഎമ്മിൽ 7.5 ബി.എച്ച്.പിയും 6000 ആർപിഎമ്മിൽ 8.05 എൻ.എമ്മും ഉണ്ടാകും. 168 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ടാകും.
ആറു വർഷത്തെ വാറൻറി പാക്കേജ് ഷെയ്ൻ 100ന് കമ്പനി നൽകും. മൂന്നു വർഷം സ്റ്റാന്റേർഡ് വാറൻറിയും മൂന്നു വർഷം എക്‌സ്റ്റൻറഡ് വാറൻറിയും അടക്കമാണിത്.
Honda Motorcycle and Scooter India has launched Honda Shine 100cc motorcycle