ഹ്യുണ്ടായി ഫാക്ടറിയിലെ സുരക്ഷ പരിശോധിക്കാന്‍ ഇനി റോബോട്ടുകള്‍; വീഡിയോ കാണാം
റോബോട്ട് ഫാക്ടറിയിലെ വിവിധ സ്ഥലങ്ങളിലെത്തി ഉപകരങ്ങൾക്ക് താപം അധികമാണോ, സുരക്ഷാ വാതിലുകൾ അടച്ചിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കുന്നത് കാണാൻ പറ്റും.
ഫാക്ടറികളിലെ സുരക്ഷാ പാളിച്ചകൾ കൊണ്ട് നിരവധി സ്ഥലങ്ങളിൽ തൊഴിലാളികൾകൾക്കും പൊതുജനങ്ങൾക്കും പരിക്കേൽക്കുകയും ജീവഹാനി വരെ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
അത്തരത്തിലുള്ള അപകടങ്ങൾ കുറയ്ക്കാൻ റോബോട്ടിന്റെ സഹായം തേടിയിരിക്കുകയാണ് പ്രമുഖ കാർ നിർമാതാക്കളായ ഹ്യുണ്ടായി. അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനിയായ ബോസ്റ്റൺ ഡൈനാമിക്‌സുമായി ചേർന്നാണ് ഹ്യുണ്ടായി പദ്ധതി നടപ്പിലാക്കുന്നത്.
ഫാക്ടറികളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്ന നടപടി പൂർണമായി റോബോട്ടിനെ ഏൽപ്പിക്കും മുമ്പ് പരീക്ഷണാർഥം ഹ്യുണ്ടായിയുടെ സഹ കമ്പനിയായ കിയയുടെ സൗത്ത് കൊറിയയിലെ സോളിലെ ഫാക്ടറിയിൽ റോബോട്ടിനെ അവർ വിന്യസിച്ചു കഴിഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ റോബോട്ടിന് ഫാക്ടറിയിലുടനീളം സഞ്ചരിച്ച് സുരക്ഷാമാനദണ്ഡങ്ങൾ വിലയിരുത്താനാകും. ഇതിനായി നിരവധി സെൻസറുകളും റോബോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റോബോട്ടിന്റെ പ്രവർത്തനം വിശദീകരിച്ചുകൊണ്ട് ഹ്യുണ്ടായി പുറത്തിറക്കിയ വീഡിയോയിൽ റോബോട്ട് ഫാക്ടറിയിലെ വിവിധ സ്ഥലങ്ങളിലെത്തി ഉപകരങ്ങൾക്ക് താപം അധികമാണോ, സുരക്ഷാ വാതിലുകൾ അടച്ചിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കുന്നത് കാണാൻ പറ്റും.
പൈലറ്റ് പ്രോജക്റ്റിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ റോബോട്ടിന്റെ പ്രവർത്തനം വിലയിരുത്തി ലോകമെമ്പാടമുള്ള ഹ്യുണ്ടായി, കിയ ഫാക്ടറികളിൽ റോബോട്ടിനെ വിന്യസിക്കുമെന്ന് കമ്പനി വ്യക്തമാക്കി.