എംപിവി മേഖലയിൽ മത്സരം കടുക്കുന്നു; കിയ കാരൻസ് ബുക്കിങ് തീയതി പുറത്തുവന്നു
സാധാരണക്കാരനും ചെറിയ വിലയിൽ വലിയ ഫീച്ചറുകൾ വാങ്ങാൻ പറ്റുമെന്ന് പഠിപ്പിച്ച ബ്രാൻഡാണ് കിയ.
എംപിവി മേഖലയിലെ അതികായൻമാർക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന മോഡലാണ് കിയ കാരൻസ്. കുറച്ചുദിവസം മുമ്പാണ് കിയ കാരൻസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ വാഹനത്തിന്റെ ബുക്കിങ് ജനുവരി 14 മുതൽ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി.
കൊറിയൻ കരുത്തായ കിയ കാരൻസ് നേരിട്ട് ഏറ്റുമുട്ടുന്നത് മാരുതി സുസുക്കി എക്‌സ്എൽ 6, സ്വന്തം സഹോദരനായ ഹ്യുണ്ടായി അൽകാസർ, ടാറ്റ സഫാരി, ടൊയോട്ട ക്രിസ്റ്റ, മാരുതി, എർട്ടിഗ എന്നിവയോടാണ്.
സാധാരണക്കാരനും ചെറിയ വിലയിൽ വലിയ ഫീച്ചറുകൾ വാങ്ങാൻ പറ്റുമെന്ന് പഠിപ്പിച്ച ബ്രാൻഡാണ് കിയ. സോണറ്റ്, സെൽറ്റോസ്, കാർണിവൽ എന്നീ മോഡലുകളുടെ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് കാരൻസ അവതരിപ്പിക്കാൻ കിയ തയാറായത്.
മറ്റു മോഡലുകൾ വിദേശ രാജ്യങ്ങളിൽ അവതരിപ്പിച്ച ശേഷമാണ് ഇന്ത്യയിലേക്ക് വന്നതെങ്കിൽ കാരൻസ് നിർമിക്കുന്നതും ആദ്യമായി നിരത്തിലിറങ്ങുന്നതും ഇന്ത്യയിലാണ്. ഇന്ത്യയാണ് കാരൻസിന്റെ ഭാവി നിർണയിക്കുക.
ഏഴ് സീറ്ററായ കാരൻസിന് കരുത്ത് പകരുന്നത് 113 ബിഎച്ച്പി പവറും 144 എൻഎം ടോർക്കുമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനും 138 ബിഎച്ച്പി കരുത്തും 242 എൻഎം ടോർക്കുമുള്ള 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 113 ബിഎച്ച്പി 250 എൻഎം ടോർക്കുമുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ്.
കിയ തങ്ങളുടെ എല്ലാ വാഹനങ്ങളിലും ട്രാൻസ്മിഷൻ ടൈപ്പുകൾ കൊണ്ട് ഞെട്ടിച്ചിരുന്നു. അത് കാരൻസിലും തുടരും. 6 സ്പീഡ് മാനുവൽ, ഐഎംടി, സിവിടി, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക്, ടോർക്ക് കൺവേർട്ടർ എന്നിങ്ങനെയുള്ള ഗിയർ ബോക്‌സുകൾ കാരൻസിലും ലഭ്യമാണ്.
അകത്തേക്ക് വന്നാൽ 10.25 സ്‌ക്രീനോട് കൂടിയ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റവും അതിന് കരുത്തു പകരാൻ ബോസിന്റെ 8 സ്പീക്കർ സിസ്റ്റവും. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് മുൻ സീ്റ്റുകൾ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ എസി, കോവിഡിന്റെ ഭാഗമായി സ്ഥാനം പിടിച്ച എയർ പ്യൂരിഫയർ, സൺറൂഫ്, ആംബിയന്റ് ലൈറ്റിങ്, തുടങ്ങി എല്ലാ പ്രീമിയം രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
വിപണിയിലെ മത്സരസ്വഭാവം കണക്കിലെടുത്ത് 16 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലാണ് വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്.