വിറ്റുപോകുന്ന കാറുകളിൽ 90 ശതമാനവും ഇലക്ട്രിക്; നോർവേക്കാർക്ക് പ്രിയമായി ഇവി
കഴിഞ്ഞ വർഷം നോർവേയിലെ റോഡുകളിൽ പെട്രോൾ കാറുകളെക്കാൾ കൂടുതൽ ഇവിയാണ് കണ്ടത്, നോർവെയിലെ പല പെട്രോൾ പമ്പുകളും ഇതിനോടകം ഫാസ്റ്റ് ചാർജിങ് പോയിൻ്റായി മാറിയിട്ടുണ്ട്
ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്ന കാലമാണ് കടന്നു പോകുന്നത്. പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ലോകത്ത് വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധനവാണ് സമീപകാലങ്ങളിൽ രേഖപ്പെടുത്തുന്നത്. അതിൽ മുൻപന്തിയിലുള്ള ഒരു രാജ്യമാണ് നോർവേ. കഴിഞ്ഞ വർഷം രാജ്യത്ത് വിൽപ്പന നടത്തിയ 10ൽ ഒമ്പത് വാഹനങ്ങളും ഇലക്ട്രിക് ആണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 5.5 ദശലക്ഷം ജനങ്ങളുള്ള രാജ്യം, ലോകത്തെ മറ്റേത് രാജ്യത്തേക്കാളും വേഗത്തിലാണ് ഇവിയെ സ്വീകരിക്കുന്നതെന്ന് പറയാം.
കഴിഞ്ഞ വർഷം നോർവേയിലെ റോഡുകളിൽ പെട്രോൾ കാറുകളെക്കാൾ കൂടുതൽ ഇവിയാണ് കണ്ടത്. വാഹനമേഖല മുഴുവൻ ഫോസിൽ ഫ്യുയൽ രഹിതമാക്കാനുള്ള ശ്രമത്തിൻ്റെ തുടക്കം മാത്രമാണിത്. കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റ കാറുകളിൽ 88.9 ശതമാനം ഇവിയാണ്. 2023ൽ ഇത് 82.4 ശതമാനമായിരുന്നുവെന്ന് നോർവീജിയൻ റോഡ് ഫെഡറേഷൻ്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചില മാസങ്ങളിൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ 98 ശതമാനവും ഇവിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
75 വർഷത്തിനു മുകളിലായി ഓസ്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർ ഡീലർഷിപ്പായ ഹരാൾഡ് എ. മോളർ രാജ്യത്തേക്ക് ഫോക്സ്-വാഗൺ കാറുകൾ ഇറക്കുമതി ചെയ്യാറുണ്ട്. എന്നാൽ 2024ൻ്റെ തുടക്കത്തിൽ തന്നെ കമ്പനി ഫോസിൽ ഇന്ധന കാറുകളോട് വിട ചൊല്ലിയിരുന്നു. ഷോറൂമിലെ മുഴുവൻ വാഹനങ്ങളും ഇപ്പോൾ ഇലക്ട്രിക് ആണ്.
അതേസമയം, മറ്റു രാജ്യങ്ങളിൽ ഇവിയുടെ കടന്നുവരവ് നോർവേയെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. 2024ൽ യുകെയിൽ രജിസ്റ്റർ ചെയ്ത കാറുകളിൽ 20 ശതമാനം മാത്രമാണ് ഇവി. 2023ൽ ഇത് 16.5 ശതമാനമായിരുന്നു. യുഎസിലാകട്ടെ ഇത് വെറും എട്ട് ശതമാനമാണെന്ന് കാണാം. 2023നെ അപേക്ഷിച്ച് വെറും 0.4 ശതമാനം മാത്രമാണ് വർധനവ്. 2035ഓടെ ഫോസിൽ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന കാറുകൾ ബാൻ ചെയ്യാൻ യൂറോപ്യൻ യൂണിയൻ പദ്ധതിയിടുന്നുണ്ട്. 2030ഓടെ അവയുടെ വിൽപ്പന നിർത്താൻ യുകെ സർക്കാരും ശ്രമം നടത്തുന്നുണ്ട്.
നോർവെയിലെ പല പെട്രോൾ പമ്പുകളും ഇതിനോടകം ഫാസ്റ്റ് ചാർജിങ് പോയിൻ്റായി മാറിയിട്ടുണ്ട്. ടെസ്ല, ഫോക്സ് വാഗൺ, ടൊയോറ്റ എന്നിവയാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇവി കമ്പനികൾ. ഇവി മാർക്കറ്റിന്റെ പത്ത് ശതമാനം, ചൈനീസ് നിർമാതാക്കളായ എംജി, ബിവൈഡി, പൊളെസ്റ്റർ, എക്സ്പെങ് എന്നിവ ചേർന്നതാണ്. അമേരിക്കയെയോ, യൂറോപ്യൻ യൂണിയനെ പോലെയോ, ചൈനീസ് വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതിക്ക് നോർവേ ടാക്സ് ചുമത്തിയിട്ടില്ല.
നോർവേയുടെ വൈദ്യുത വിപ്ലവത്തിന് മൂന്ന് പതിറ്റാണ്ടിൻ്റെ പഴക്കമുണ്ടെന്ന് കാണാം. 1990കളിലാണ് ഇവി യുഗത്തിന് തുടക്കമെന്ന് നോർവീജിയൻ ഇവി അസ്സോസിയേഷൻ സെക്രട്ടറി ജനറൽ ക്രിസ്റ്റീന ബ്യു പറഞ്ഞു. 'രാജ്യത്ത് പതിയെ പതിയെ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ടാക്സ് വർധിപ്പിച്ചു. ഇത് അവയുടെ വില വർധനവിന് കാരണമായി. അതേസമയം ഇലക്ട്രിക് കാറുകൾ ടാക്സിൽ നിന്ന് മുക്തമാണ്.' - ബ്യു പറഞ്ഞു.
ഇവി വാഹനങ്ങൾക്കുള്ള പിന്തുണ രാജ്യം നൽകിത്തുടങ്ങിയത് രണ്ട് നോർവീജിയൻ നിർമാതാക്കളെ സഹായിക്കാനായിരുന്നു. ബഡ്ഡി, തിങ്ക് സിറ്റി തുടങ്ങിയവ ആയിരുന്നു അത്. എന്നാൽ ഈ കമ്പനികൾ ക്രമേണ വ്യാപരത്തിൽ നിന്നും പുറത്തായി. എന്നാൽ രാജ്യം ഇലക്ട്രിക് വാഹനങ്ങൾക്കു നൽകുന്ന പ്രോത്സാഹനങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.
ലോകത്തെ പ്രധാനപ്പെട്ട ഓയിൽ ആൻഡ് ഗ്യാസ് നിർമാതാക്കളാണ് നോർവേ. എന്നിരുന്നാലും സീറോ എമിഷൻ വാഹനങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം അടുക്കുകയാണ്. 2025ഓടെ രാജ്യത്ത് വിറ്റഴിക്കുന്ന എല്ലാ വാഹനങ്ങളും സീറോ എമിഷൻ ആയിരിക്കണമെന്ന ലക്ഷ്യം 2017ൽ നോർവേ കൈക്കൊണ്ടിരുന്നു. ഇതാണ് ഇപ്പോൾ പടിവാതിലരികെ എത്തിനിൽക്കുന്നത്.