ഫെബ്രുവരിയിലും ഫസ്റ്റടിച്ച് മാരുതി സുസുക്കി; വിൽപ്പന ചാർട്ടിൽ ആദ്യപത്തിൽ ഏഴ് മോഡലുകളും മാരുതിയുടേത്‌

ആദ്യ നാലു സ്ഥാനത്തും മാരുതിയുടെ വിവിധ മോഡലുകളാണ്.

Update: 2022-03-05 16:07 GMT
Editor : Nidhin | By : Web Desk
Advertising

2022 ൽ രണ്ടാം മാസവും ഇന്ത്യൻ കാർ വിപണിയിൽ മാരുതി വർഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പോയമാസം ഏറ്റവും കൂടുതൽ വിറ്റ ആദ്യ പത്ത് കാറുകളിൽ ഏഴെണ്ണം മാരുതി സുസുക്കിയുടെ ലോഗോയോട് കൂടിയുള്ളവയാണ്. അതിൽ തന്നെ ആദ്യ നാലു സ്ഥാനത്തും മാരുതിയുടെ വിവിധ മോഡലുകളാണ്.

2022 ഫെബ്രുവരിയിൽ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ കാറുകൾ ഏതൊക്കെയാണെന്ന് നോക്കാം.

1. മാരുതി സുസുക്കി സ്വിഫ്റ്റ്

ഇറങ്ങിയ കാലം തൊട്ട് ഇന്ത്യക്കാരുടെ ഇഷ്ടവാഹനങ്ങളിലൊന്നായ സ്വിഫ്റ്റ് 2022 ലും ആ മുൻതൂക്കം നിലനിർത്തിയിട്ടുണ്ട്. 19,202 സ്വിഫ്റ്റ് കാറുകളാണ് കഴിഞ്ഞ മാസം നിരത്തിലിറങ്ങിയത്. എന്നാൽ 2021 ഫെബ്രുവരിയെ അടിസ്ഥാനമാക്കി നോക്കുമ്പോൾ ഇത് 5 ശതമാനം കുറവാണ്. പോയ വർഷം ഫെബ്രുവരിയിൽ 20,264 സ്വിഫ്റ്റ് കാറുകൾ വിറ്റഴിച്ചിട്ടുണ്ട്.

2. മാരുതി സുസുക്കി ഡിസയർ

സ്വിഫ്റ്റിന് തൊട്ടുപിറകിലുള്ളത് സ്വിഫ്റ്റിന്റെ സെഡാൻ മോഡലായ ഡിസയറാണ്. കഴിഞ്ഞ വർഷത്തെ അടിസ്ഥാനമാക്കി നോക്കുമ്പോൾ 47 ശതമാനം വളർച്ചയോടെ 17,438 കാറുകൾ വിറ്റാണ് ഡിസയർ രണ്ടാം സ്ഥാനത്തെത്തിയത്. പോയവർഷം വിറ്റത് 11,901 ഡിസയർ കാറുകളാണ്.

3. മാരുതി സുസുക്കി വാഗൺ ആർ

അടുത്ത് തന്നെ പുതിയ മോഡൽ ഇറങ്ങുമെന്ന് അറിഞ്ഞിട്ടും വാഗൺ ആറിന്റെ പ്രിയം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്. 14,669 വാഗൺ ആർ കാറുകളാണ് പോയമാസം ഇന്ത്യക്കാർ വാങ്ങിയത്. പക്ഷേ കഴിഞ്ഞ വർഷം ഫെബ്രുവരിയെ അടിസ്ഥാനമാക്കി നോക്കുമ്പോൾ ഇത് 22 ശതമാനം കുറവാണ്. പോയവർഷം ഫെബ്രുവരിയിൽ 20,070 വാഗൺ ആറുകൾ വിറ്റുപോയിരുന്നു.

4. മാരുതി സുസുക്കി ബലേനോ

ബലേനോയുടെ പുതിയ ഫേസ് ലിഫ്റ്റ് മോഡൽ വിപണയിലെത്തിയത് കഴിഞ്ഞ മാസമാണ്. അതുകൊണ്ട് തന്നെ പഴയ മോഡലിന്റെ വിൽപ്പന ഇടിയേണ്ടതാണ്. പുതിയ മോഡലിന്റെ ഡെലിവറി വൻതോതിൽ ആരംഭിച്ചിട്ടിട്ടുമില്ല. പക്ഷേ അത്ഭുതമെന്ന് പറയട്ടെ എന്നിട്ടും കഴിഞ്ഞ മാസത്തെ സെയിൽസ് ചാർട്ടിൽ ബലേനോ നാലാം സ്ഥാനത്താണ്. 12,570 ബലേനോകൾ പോയമാസം വിറ്റുപോയി.

5. ടാറ്റ നെക്‌സോൺ

മാരുതിയുടെ പടയോട്ടത്തിനിടയിൽ പിടിച്ചുനിന്ന ടാറ്റയുടെ ചുണക്കുട്ടനാണ് നെക്‌സോൺ. ഫീച്ചറുകളും ഇവി ഓപ്ഷനും നെക്‌സോണ് തുണയായി. 12,259 നെക്‌സോൺ മോഡൽ കാറുകൾ കഴിഞ്ഞ മാസം വിറ്റുപ്പോയി. 2021 ഫെബ്രുവരിയെ അടിസ്ഥാനമാക്കി നോക്കുമ്പോൾ 55 ശതമാനം വളർച്ചയാണ് നെക്‌സോൺ നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റുപോയത് 7929 നെക്‌സോണുകളായിരുന്നു.

6. മാരുതി സുസുക്കി എർട്ടിഗ

ഇന്ത്യയിൽ എംപിവി മേഖലയിൽ മത്സരം കടുക്കുമ്പോഴും എർട്ടിഗ അതിന്റെ സ്ഥാനം ആർക്കും വിട്ടുകൊടുക്കാൻ തയാറായിട്ടില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ 9774 ൽ നിന്ന് 19 ശതമാനം വളർച്ചയോടെ 11,649 എർട്ടിഗകളാണ് ഈ ഫെബ്രുവരിയിൽ വിറ്റഴിഞ്ഞത്.

7. മാരുതി സുസുക്കി ആൾട്ടോ

മാരുതി ആൾട്ടോ എന്ന ' പാവപ്പെട്ടവന്റെ ഇന്നോവ' ഇറങ്ങിയ കാലം മുതൽ സെയിൽസ് ചാർട്ടുകളിൽ ആദ്യപത്തിൽ ഉൾപ്പെടുത്താത്ത മാസങ്ങൾ വിരളമാണ്. ഇത്തവണയും അതിൽ മാറ്റമില്ല. പക്ഷേ പുതിയ മോഡൽ പ്രഖ്യാപിച്ചത് കൊണ്ട് തന്നെ 32 ശതമാനം വിൽപ്പന ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട് ആൾട്ടോ. 16,619 ൽ നിന്ന് 11,551 യൂണിറ്റായാണ് വിൽപ്പന കുറഞ്ഞത്.

8. മഹീന്ദ്ര ബൊലേറോ

ടോപ് 10 ലിസ്റ്റിൽ അപ്രതീക്ഷിതമായി കടന്നുവന്ന മോഡലാണ് മഹീന്ദ്ര ബൊലേറോ. ലിസ്റ്റിൽ ഉൾപ്പെട്ട മഹീന്ദ്രയുടെ ഏക മോഡലും ബൊലേറോയാണ്. കുറഞ്ഞ വിലയിൽ അത്യാവശ്യം പവറുള്ള കൂടുതൽ പേർക്ക് സഞ്ചരിക്കാൻ പറ്റുന്ന വാഹനം എന്നതാണ ബൊലേറോക്ക് ഗുണകരമായത്. 128 ശതമാനം വിൽപ്പന വളർച്ചയാണ് ബൊലേറോ നേടിയത്. 4,843 യൂണിറ്റുകളിൽ നിന്ന് 11,045 യൂണിറ്റുകളായാണ് ബൊലേറോയുടെ വിൽപ്പന വളർന്നത്.

9. ഹ്യുണ്ടായി വെന്യു

ആദ്യ പത്ത് കാറുകളിൽ ഉൾപ്പെട്ട ഹ്യുണ്ടായിയുടെ ഏക വാഹനമാണ് ഈ കോംപാക്ട് എസ്.യു.വി. ഫാമിലികൾക്ക് കൂടുതൽ ഇഷ്ടമായാതാണ് വെന്യുവിനെ സഹായിച്ചത്. 10,212 വെന്യുവാണ് കവിഞ്ഞ മാസം നിരത്തിലിറങ്ങിയത്. പോയവർഷം 11,224 യൂണിറ്റുകൾ വിറ്റ വെന്യു, ഫേസ് ലിഫ്റ്റ് വരുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ 9 ശതമാനം വളർച്ചാ ഇടിവാണ് രേഖപ്പെടുത്തിയത്.

10. മാരുതി സുസുക്കി സെലേറിയോ

ലിസ്റ്റിൽ അവസാന സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് മാരുതിയുടെ മൈലേജ് കിങ്ങായ സെലേറിയോയാണ്. ലിസ്റ്റിൽ മാരുതിയുടെ ഏഴാമത്തെ മോഡലാണിത്. കഴിഞ്ഞ വർഷം അവസാനം പുതിയ സെലേറിയോ അവതരിപ്പിച്ച ശേഷം തുടർച്ചയായി വളർച്ചയാണ് സെലേറിയോ രേഖപ്പെടുത്തുന്നത്. ഇത്തവണ വിറ്റത് 9896 യൂണിറ്റുകളാണ്. പോയവർഷം ഫെബ്രുവരിയിൽ പഴയ മോഡലാണെങ്കിലും 6,214 യൂണിറ്റുകൾ വിറ്റയിടത്ത് 59 ശതമാനം വളർച്ചയാണ് സെലേറിയോ നേടിയത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News