കാത്തിരിപ്പ് അവസാനിപ്പിക്കാം; മാരുതി സുസുക്കി സെലേറിയോ 2021 എഡിഷന്‍ നവംബറില്‍ പുറത്തിറങ്ങും
നേരത്തെ ഈ വർഷം ആദ്യം വാഹനം പുറത്തിറക്കുമെന്നാണ് മാരുതി അറിയിച്ചിരുന്നത്. പക്ഷേ കോവിഡ് പ്രതിസന്ധി, ചിപ്പ് ക്ഷാമം ഇങ്ങനെ നിരവധി കാരണങ്ങൾ വന്നതോടെ ലോഞ്ചിങ് നീണ്ടുപോകുകയായിരുന്നു.
ഇന്ത്യൻ വാഹന വിപണിയിൽ വിശ്വസിക്കാവുന്ന ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക്ക് മോഡൽ എന്ന പേരിൽ 2014 ലാണ് മാരുതി സുസുക്കിയുടെ മാസ്റ്റർ സ്‌ട്രോക്കായ സെലേറിയോ വിപണിയിലെത്തിയത്. ആൾട്ടോ 800 ന് മുകളിലായി അവതരിപ്പിച്ച വാഹനം പെട്ടെന്ന് കളം പിടിച്ചു. അതിന് ശേഷം ചെറിയ ചില മാറ്റങ്ങൾ വന്നെങ്കിലും 2014 ൽ അവതരിച്ച വാഹനത്തിന്റെ രൂപത്തിൽ നിന്ന് കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. ഇടയ്ക്ക് സെലേറിയോ എക്‌സ് എന്ന മോഡലും കമ്പനി വിപണിയിലിറക്കിയിരുന്നു.
ഇപ്പോളിതാ വാഹനപ്രേമികൾ കാത്തിരിക്കുന്ന സെലേറിയയുടെ 2021 എഡിഷൻ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ഇത്തവണ ഡിസൈനിലും ഫീച്ചറുകളിലും അടിമുടി മാറ്റത്തോടെയാണ് വാഹനം വിപണിയിലിറക്കുന്നത്. നവംബറിൽ വാഹനം പുറത്തിറക്കുമെന്നാണ് സൂചന. കൃത്യമായ തീയതി കമ്പനി പുറത്തുവിട്ടിട്ടില്ല. നേരത്തെ ഈ വർഷം ആദ്യം വാഹനം പുറത്തിറക്കുമെന്നാണ് മാരുതി അറിയിച്ചിരുന്നത്. പക്ഷേ കോവിഡ് പ്രതിസന്ധി, ചിപ്പ് ക്ഷാമം ഇങ്ങനെ നിരവധി കാരണങ്ങൾ വന്നതോടെ ലോഞ്ചിങ് നീണ്ടുപോകുകയായിരുന്നു.
മാരുതിയുടെ പ്രശസ്തമായ ഹേർട്ടക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ സെലേറിയോയും നിർമിച്ചിരിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിന് ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ സെലോറിയയിൽ ഉപയോഗിച്ചിരുന്ന 69 ബിഎച്ച്പി കരുത്തുള്ള 1.0 ലിറ്റർ മൂന്ന് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഒന്ന്. കൂടാതെ വാഗൺ ആറിലൂടെ കരുത്ത് തെളിയിച്ച 82 ബിഎച്ച്പി പവറും 113 എൻഎം ടോർക്കുമുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനും വാഹനത്തിന് ലഭിക്കും.
കൂടാതെ സിഎൻജി കിറ്റും വാഹനത്തിന് ലഭിക്കാൻ സാധ്യതയുണ്ട്.
5 സ്പീഡ് മാനുവലും 5 സ്പീഡ് എ.എം.ടി ഗിയർ ബോക്‌സും ഓപ്ഷനും വാഹനത്തിനുണ്ടാകും. സ്‌ക്വയർ രൂപത്തിലുള്ള ഗ്രില്ലുകൾക്ക് പകരം ആൻഗുലർ ഡിസൈനായിരിക്കും വാഹനത്തിനുണ്ടാകുക. ഗ്രില്ലിന് പാറ്റേണും നൽകിയിട്ടുണ്ട്. ക്രോം സ്ട്രിപ്പിന്റെ അകമ്പടിയോട് കൂടി ട്രയാങ്കുലർ ഹെഡ്‌ലൈറ്റ് ഡിസൈനാണ് വാഹനത്തിന് ഘടിപ്പിച്ചിരിക്കുന്നത്.
ബംബറിൽ നൽകിയിരിക്കുന്ന കറുപ്പ് എലമെന്റിന്റെ രണ്ടു ഭാഗങ്ങളായി ഫോഗ് ലാമ്പ് നൽകിയിട്ടുണ്ട്. ലിഫ്റ്റ് ടൈപ്പ് ഡോർ ഹാൻഡിലുകൾക്ക് പകരം പുൾ ടൈപ്പ് ഡോർ ഹാൻഡിലാണ് നൽകിയിരിക്കുന്നത്. 13 ഇഞ്ച് അലോയ് വീലാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. പിറകിലും ആംഗുലാർ ഡിസൈനാണ് പിന്തുടർന്നിരിക്കുന്നത്. വാഹനത്തിന്റെ ഇന്റീരിയറിനെ കുറിച്ച് മാരുതി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും മാരുതി വാഹനങ്ങളിൽ കണ്ടു പരിചയിച്ച ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം തന്നെ ഉപയോഗിക്കുമെന്നാണ് സൂചന.
പുറത്തിറങ്ങും മുമ്പ് തന്നെ വാഹനത്തെ കുറിച്ച് നിരവധി അന്വേഷണങ്ങളാണ് മാരുതി ഷോറൂമുകളിൽ ലഭിക്കുന്നത്.