ഒരു മാസത്തിനുള്ളിൽ 50,000 കടന്ന് ബുക്കിങ്; മാരുതി സുസുക്കി ബലേനോ ഫേസ്‌ലിഫ്റ്റിന് മികച്ച പ്രതികരണം
ബുക്കിങ് കൂടിയതോടെ വാഹനത്തിന്റെ വിവിധ വേരിയന്റുകളുടെ വെയിറ്റിങ് പിരീഡ് മൂന്നു മുതൽ നാല് മാസം വരെയായി ഉയർന്നിട്ടുണ്ട്.
അടുത്ത കാലത്ത് മാരുതിയിൽ നിന്ന് വന്ന മാസ്റ്റർ സ്‌ട്രോക്കുകളിലൊന്നായിരുന്നു ബലേനോയുടെ ഫേസ് ലിഫ്റ്റ്. അതിന്റെ ദൃഷ്ടാന്തമെന്നോണം ബലേനോയ്ക്ക് കനത്ത ബുക്കിങാണ് ലഭിക്കുന്നത്. ഫെബ്രുവരി 23 ന് ബുക്കിങ് ആരംഭിച്ച് ഇതിനോടകം തന്നെ 50,000 കടന്നിരിക്കുകയാണ് ബലേനോയുടെ ബുക്കിങ്. ബുക്കിങ് കൂടിയതോടെ വാഹനത്തിന്റെ വിവിധ വേരിയന്റുകളുടെ വെയിറ്റിങ് പിരീഡ് മൂന്നു മുതൽ നാല് മാസം വരെയായി ഉയർന്നിട്ടുണ്ട്.
മാരുതിയുടെ പ്രീമിയം ഔട്ട്‌ലെറ്റായ നെക്‌സ വഴിയാണ് ബലേനോ വിൽക്കുന്നത്.
6.35 ലക്ഷം മുതൽ 9.49 ലക്ഷം വരെയാണ് ബലേനോയുടെ എക്സ് ഷോറൂം വില. 1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ 88 ബിഎച്ച്പി, 113 എൻഎം ടോർക്കുമായിരിക്കും വാഹനത്തിന് ലഭിക്കുക. ആറ് ഗിയർ സ്പീഡിൽ മാനുവൽ വേർഷനും ഓട്ടോമാറ്റിക് വേർഷനും ലഭ്യമാവും. സിഗ്മ,ഡെൽറ്റ, സെറ്റ,ആൽഫ വേരിയൻറുകളിൽ വാഹനം ലഭ്യമാണ്. സുരക്ഷാ മാറ്റങ്ങളുടെ ഭാഗമായി 1410 കിലോയിലേക്ക് വാഹനത്തിൻറെ ഭാരം മാരുതി ഉയർത്തിയിട്ടുണ്ട്.
മുൻ വശത്ത് മാറ്റം വരുത്തിയ പുത്തൻ ബമ്പറുകളും സ്റ്റൈലിഷ് ഹെഡ് ലാമ്പുകളുമായാണ് കാറിൻറെ പ്രധാന പ്രത്യകത. മുൻ വശത്തെ ഗ്രില്ലിനും അൽപ്പം വ്യത്യാസമുണ്ട്. ഹെഡ് അപ് ഡിസ്പ്ലെ, അലക്സ കണക്ട്, സറൗണ്ട് വ്യൂ, ആറ് എയർ ബാഗുകൾ, എബിഎസ് ബ്രേക്ക് സിസ്റ്റം, റിവേഴ്സ് സെൻസറുകൾ, തുടങ്ങി നിരവധി ഫീച്ചറുകൾ വേറെയും വാഹനത്തിൽ മാരുതി അവതരിപ്പിക്കുന്നുണ്ട്. മാനുവൽ മോഡലിന് 22.35 കിലോമീറ്ററും എഎംടി മോഡലിന് 22.94 കിലോമീറ്ററും ഇന്ധനക്ഷമത കമ്പനി അവകാശപ്പെടുന്നുണ്ട്.