മൈലേജ് 31.12 കിലോമീറ്റർ, വില 8.14 ലക്ഷം; പുതിയ ഡിസയർ സിഎൻജി അവതരിപ്പിച്ച് മാരുതി സുസുക്കി
ഇക്കൊല്ലം മാരുതി അവതരിപ്പിക്കുന്ന രണ്ടാമത്തെ സിഎൻജി മോഡലാണു ഡിസയർ. 11,000 രൂപ ഡൗൺ പേയ്‌മെന്റിൽ വാഹനത്തിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്.
മാരുതി സുസുക്കി എൻട്രി ലവൽ സെഡാനായ ഡിസയറിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കി. ഡിസയറിന്റെ വി എക്‌സ് ഐ, സെഡ് എക്‌സ് ഐ വകഭേദങ്ങളാണു സി എൻ ജി പതിപ്പായി വിൽപനയ്ക്കുള്ളത്. 8.14 ലക്ഷം രൂപ മുതലാണു ഷോറൂം വില. ഇക്കൊല്ലം മാരുതി അവതരിപ്പിക്കുന്ന രണ്ടാമത്തെ സിഎൻജി മോഡലാണു ഡിസയർ.
11,000 രൂപ ഡൗൺ പേയ്‌മെന്റിൽ വാഹനത്തിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഏകദേശം 95,000 രൂപ,1.05 ലക്ഷം രൂപ വ്യത്യാസമാണ് കാറിന്റെ പെട്രോൾ പതിപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉണ്ടാവുന്നത്. ഒരു കിലോ സിൻജിയിൽ 31.12 കിലോമീറ്റർ മൈലേജാണ് മാരുതി സുസുക്കി ഡിസയർ അവകാശപ്പെടുന്നത്. ഡിസയർ സിഎൻജി അതിന്റെ പെട്രോൾ മോഡലിനെ അപേക്ഷിച്ച് കാര്യമായ ഒരു മാറ്റവും അവതരിപ്പിക്കുന്നില്ല.
ഇന്ധനം സിഎൻജിയാവുന്നതോടെ 76 ബി എച്ച് പി വരെ കരുത്തും 98.5 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്‌സ് മാത്രമാണു ട്രാൻസ്മിഷൻ സാധ്യത. തുകൽ പൊതിഞ്ഞ സ്റ്റീയറിങ് വീൽ, ടച് സ്‌ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ ഔട്ടർ റിയർ വ്യൂ മിറർ, ടിൽറ്റ് സ്റ്റീയറിങ്, പുഷ് സ്റ്റാർട്/സ്റ്റോപ് ബട്ടൻ തുടങ്ങിയവയൊക്കെ വാഹനത്തിലുണ്ട്.
നിലവിൽ ആൾട്ടോ, എസ് പ്രൊസോ, വാഗൺആർ ഈക്കോ, സെലേറിയോ, എർട്ടിഗ തുടങ്ങിയ മോഡലുകളിൽ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുകൾ വാഗ്ദാനം ചെയ്ത് ബ്രാൻഡ് ഇതിനകം തന്നെ ഇന്ത്യയിൽ സിഎൻജി ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഈ നിരയിലേക്കാണ് ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒന്നായ ഡിസയറും സിഎൻജി ഓപ്ഷനോട് കൂടി വിപണിയിൽ എത്തിയിരിക്കുന്നത്.