വഴിയിൽ വച്ച് ടയർ പഞ്ചറായാൽ എന്ത് ചെയ്യും ? സ്മാർട്ട് പേഴ്‌സണൽ അസിസ്റ്റന്റ് ആപ്പുമായി മാരുതി
സ്പ്‌യർ പാർട്‌സിന്റെ ചിത്രം അപ്ലോഡ് ചെയ്താൽ അതിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും.
ഒരു ദീർഘയാത്രയ്ക്കിടെ ടയർ പഞ്ചറായാൽ നമ്മളെ സഹായിക്കാൻ ഒരു ആപ്പ് ഉണ്ടെങ്കിലോ ? തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി അത്തരത്തിലൊരു പേഴ്‌സണൽ അസിസ്റ്റന്റ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. അവരുടെ പ്രീമിയം സെഗ്മെന്റായ നെക്‌സയുടെ വിൽപ്പനാന്തര സേവനം മെച്ചപ്പെടുത്താനാണ് മാരുതി എസ്-അസിസ്റ്റ് എന്ന പേരിലുള്ള ആപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഇഗ്നിസ്, ബലേനോ, സിയാസ്, എക്എൽ 6, എസ്-ക്രോസ് എന്നീ മോഡലുകൾക്കാണ് നിലവിൽ ഈ സംവിധാനം ലഭ്യമാകുക.
ആപ്പ് ഉപയോഗിച്ച് കാറിന്റെ ഏത് പാർട്ടിനെ കുറിച്ചുള്ള വിവരവും ലഭിക്കും. സർവീസ് ടീമിന്റെ സഹായം ആവശ്യമാണെങ്കിൽ 24 മണിക്കൂറും അവരുമായി ബന്ധപ്പെടാനുള്ള സംവിധാനവും ആപ്പിലുണ്ട്. ' പഞ്ചറായ ടയർ എങ്ങനെ മാറ്റാം' എന്നിങ്ങനെ വിവിധ സംശയങ്ങൾ ആപ്പിനോട് ചോദിച്ചാൽ ആപ്പിൽ നേരത്തെ തയാറാക്കി വച്ചിട്ടുള്ള ട്യൂട്ടോറിയൽ വീഡിയോ ലഭിക്കും. സെപ്‌യർ പാർട്‌സിന്റെ ചിത്രം അപ്ലോഡ് ചെയ്താൽ അതിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും ആപ്പിന്റെ പ്രവർത്തനത്തെ സഹായിക്കുന്നുണ്ട്.
നിലവിൽ ഇംഗ്ലീഷിൽ മാത്രമാണ് ആപ്പിന്റെ പ്രവർത്തനം. എന്നാൽ അടുത്ത മാസങ്ങളിൽ തന്നെ ഇന്ത്യയിലെ വിവിധ ഭാഷകളിൽ ആപ്പിന്റെ സഹായം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. മാത്രമല്ല ഇപ്പോൾ നെക്‌സയിൽ മാത്രമുള്ള എസ്-അസിസ്റ്റ് ആപ്പ് അരീന വഴി വിൽക്കുന്ന വാഹനങ്ങളിലും ലഭ്യമാക്കുമെന്നും മാരുതി സുസുക്കി അറിയിച്ചിട്ടുണ്ട്.