കൊമേഴ്സ്യൽ വാഹനനിരയിലും മാരുതി സുസുക്കി; ഒരു ലക്ഷം കടന്ന് സൂപ്പർ ക്യാരി വിൽപ്പന
ലൈറ്റ് കൊമേഴ്സ്യൽ വാഹന മേഖലയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മിനി ട്രക്കായി സൂപ്പർ ക്യാരി മാറിയതിന് ഉപഭോക്താക്കൾക്ക് നന്ദി അറിയിക്കുന്നതായും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു
മിനി ട്രക്ക് വിഭാഗത്തിൽ മാരുതി സുസുക്കി പുറത്തിറക്കിയ മാരുതി സുസുക്കി സൂപ്പർ ക്യാരി വിപണിയിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുകയാണ്. വിപണിയിൽ എത്തി അഞ്ച് വർഷത്തിനുള്ളിൽ സുപ്രധാന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് മിനി ട്രക്ക്. സൂപ്പർ ക്യാരി ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന ശ്രദ്ധേയമായ നേട്ടമാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആദ്യ വാണിജ്യവാഹനമാണ് സൂപ്പർ ക്യാരി. രാജ്യത്തെ സബ്-വണ്‍ ടണ്‍ ലൈറ്റ് കൊമേര്‍ഷ്യല്‍ വാഹന ശ്രേണിയിലേക്ക് 2016 സെപ്റ്റംബറിലാണ് ഈ വാഹനത്തെ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്.
ഇന്ത്യയിലുടനീളമുള്ള 335-ലധികം മാരുതി സുസുക്കി വാണിജ്യ ഔട്ട്ലെറ്റുകളിലൂടെയാണ് മിനി ട്രക്ക് വിൽക്കുന്നത്. ലൈറ്റ് കൊമേഴ്സ്യൽ വാഹന മേഖലയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മിനി ട്രക്കായി സൂപ്പർ ക്യാരി മാറിയതിന് ഉപഭോക്താക്കൾക്ക് കമ്പനി നന്ദി പറഞ്ഞു.
1.2 ലീറ്റര്‍, നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് സൂപ്പര്‍ കാരിക്കു കരുത്തേകുന്നത്. 6,000 ആര്‍ പി എമ്മില്‍ 65 പി എസ് വരെ കരുത്തും 3,000 ആര്‍ പി എമ്മില്‍ 85 എന്‍ എമ്മോളം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ലോക്ക് ചെയ്യാവുന്ന ഗ്ലൗബോക്‌സ്, മൊബൈൽ ചാർജിംഗ് സോക്കറ്റ് തുടങ്ങിയ ഫീച്ചറുകളോടെയാണ് വാഹനം എത്തുന്നത്. 740 കിലോഗ്രാം പേലോഡ് വഹിക്കാൻ മിനി ട്രക്കിന് കഴിയും.
എല്ലാത്തരം ഭൂപ്രദേശങ്ങളിലും മികച്ച പ്രകടനം, മെച്ചപ്പെട്ട ഡ്രൈവബിലിറ്റി എന്നിവ നൽകുന്നതിന് പ്രത്യേകമായി ട്യൂൺ ചെയ്താണ് സൂപ്പർ ക്യാരിയുടെ നിർമാണം മാരുതി സുസുക്കി പൂർത്തിയാക്കിയിരിക്കുന്നത്. ഇന്ത്യയിൽ 2021 മോഡലിന് 4.48 ലക്ഷം മുതൽ 5.46 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. മഹീന്ദ്ര മാക്സിമോ, ഫോഴ്സ് ട്രംബ്, ടാറ്റ ഏയ്സ് തുടങ്ങിയവയാണ് ആഭ്യന്തര വിപണിയിൽ സൂപ്പർ ക്യാരിയുടെ പ്രധാന എതിരാളികൾ.