ടോപ് ഗിയറിൽ റെക്കോര്‍ഡിട്ട് സ്വിഫ്റ്റ്; ഇതുവരെ വിറ്റത് 25 ലക്ഷം കാറുകൾ
ഇന്ത്യക്കാരുടെ ഇഷ്ട വാഹനം കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ മാത്രം രണ്ട് ലക്ഷം യൂണിറ്റാണ് വിറ്റത്.
16 വർഷമായി ഇന്ത്യൻ നിരത്തുകളിൽ നിറഞ്ഞോടുന്ന മാരുതി സുസൂക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് സ്വിഫ്റ്റ് ഇതുവരെ 25 ലക്ഷം യൂണിറ്റ് വിറ്റഴിച്ചു. ഈ വർഷം ജനുവരിയിൽ 23 ലക്ഷം യൂണിറ്റ് വിൽപ്പന നടത്തിയെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യക്കാരുടെ ഇഷ്ട വാഹനം കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ മാത്രം രണ്ട് ലക്ഷം യൂണിറ്റാണ് വിറ്റത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മാരുതി സുസൂക്കി സ്വിഫ്റ്റ് ആയിരുന്നു. 172,671 യൂണിറ്റുകളാണ് കഴിഞ്ഞ വർഷം വിറ്റത്.
2005 ൽ പുറത്തിറങ്ങിയ സ്വിഫ്റ്റ് മൂന്ന് തവണ ഇന്ത്യൻ കാർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 89 ബിഎച്ച്പി പവറും 112 ന്യൂട്ടൻ മീറ്റർ ടോർക്കുമുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് സ്വിഫ്റ്റിനുള്ളത്.
35 വയസിന് താഴെ 52 ശതമാനം ഉപയോക്താക്കളാണ് സ്വിഫ്റ്റിനുള്ളതെന്നും അവരുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതിൽ കമ്പനി എപ്പോഴും ശ്രമിക്കുന്നുണ്ടെന്നും മാരുതി സുസൂക്കി എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു