ആരംഭിക്കലാങ്കളാ.... മാരുതി സുസുക്കി ആൾട്ടോ കെ 10 തിരിച്ചുവരുന്നു
എഞ്ചിൻ പ്രകടനം മോശമാണെന്ന പരാതി പരിഹരിക്കാനാണ് 2010 ൽ 1.0 ലിറ്റർ (998 സിസി) എഞ്ചിനുമായി ആൾട്ടോ K10 മാരുതി സുസുക്കി അവതരിപ്പിച്ചത്.
ഇന്ത്യയിലെ സാധാരണക്കാരന്റെ കാർ എന്നതിന് വർഷങ്ങളായി ഒറ്റമുഖം മാത്രമേയുള്ളൂ- മാരുതി സുസുക്കി ആൾട്ടോ. മറ്റു കമ്പനികൾക്കോ മാരുതിയുടെ മറ്റു മോഡലുകൾക്ക് പോലും ഒന്ന് അടുത്തു നിൽക്കാൻ പറ്റാത്ത അത്ര 'സ്റ്റാർഡം' ആണ് ആൾട്ടോയ്ക്ക് എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മന്റിലും അതിനും പുറത്തുമുള്ളതും.
എൻട്രി ലെവൽ ഹാച്ച്ബാക്കായത് കൊണ്ടു തന്നെ മൈലേജും പ്രാക്ടിക്കബിലിറ്റിയും കുറഞ്ഞ ചെലവിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ആൾട്ടോയുടെ യു.എസ്.പി. അങ്ങനെ വരുമ്പോൾ കോംപ്രമൈസ് ചെയ്യേണ്ടി വന്ന ഒന്നാണ് എഞ്ചിൻ പവർ. ഒരു 800 സിസി എഞ്ചിനിൽ നിന്നുണ്ടാക്കുന്ന പവർ പലപ്പോഴും പര്യാപ്തമായിരുന്നില്ല. എസി ഇട്ടാൽ പിക്കപ്പ് കുറയുന്നത് മുതൽ നിരവധി പ്രശ്‌നങ്ങൾ ആൾട്ടോ ഓടിക്കുന്നവർ പലപ്പോഴും നേരിട്ടുണ്ട്.
എഞ്ചിൻ പ്രകടനം മോശമാണെന്ന പരാതി പരിഹരിക്കാനാണ് 2010 ൽ 1.0 ലിറ്റർ (998 സിസി) എഞ്ചിനുമായി ആൾട്ടോ K10 മാരുതി സുസുക്കി അവതരിപ്പിച്ചത്. 67 ബിഎച്ച്പി പവറും 90 എൻ.എം ടോർക്കുമുള്ളതായിരുന്നു ആ k10B സീരീസ് എഞ്ചിൻ. എഞ്ചിനെ മാറ്റം കൂടാതെ ഡിസൈനിലും വലിപ്പത്തിലും ആൾട്ടോ 800 നേക്കാളും മികച്ചതായിരുന്നു K10. ആർപിഎം മീറ്റർ, കൂടുതൽ സുരക്ഷ ഇതൊക്കെ K10 മാരുതി ഉൾപ്പെടുത്തിയിരുന്നു. ആൾട്ടോ 800 നേക്കാളും ഒരു ലക്ഷത്തോളം വിലയും K10 ന് കൂടുതലായിരുന്നു.
അങ്ങനെ നല്ലരീതിയിൽ K10 വിറ്റുകൊണ്ടിരിക്കുമ്പോഴാണ് 2020 ൽ ബി.എസ് 6 വേരിയന്റ് പുറത്തിറക്കാൻ തയാറാകാതെ മാരുതി ആ മോഡൽ വിപണിയിൽ നിന്ന് പിൻവലിച്ചു. 2010 മുതൽ മാർച്ച് 2020 വരെ 8,80,000 ആൾട്ടോ K10 ആണ് ഇന്ത്യൻ നിരത്തിലിറങ്ങിയത്. കാര്യമായി അപ്‌ഡേറ്റുകൾ തരാത്തതും മാരുതിയുടെ തന്നെ എസ് പ്രസോയുടെ വരവും K10 വിൽപ്പനയെ ബാധിച്ചതുമാണ് BS 6 ലേക്ക് മാറാതെ K10 നിർത്താൻ മാരുതിയെ പ്രേരിപ്പിച്ചത്.
ഇപ്പോൾ ആൾട്ടോ K10 നെ വീണ്ടും അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. എൻട്രി ലെവൽ ഹാച്ച്ബാക്കുകളിൽ എഞ്ചിൻ സിസി കൂടിയ കാറുകൾ കുറവാണ് എന്നതാണ് മാരുതിയെ K10 നെ തിരിച്ചുകൊണ്ടുവരാൻ പ്രേരിപ്പിച്ചത്. സാൻട്രോ കൂടി പിൻമാറിയതോടെ റെനോ ക്വിഡ് 1.0 മാത്രമാണ് സെഗ്മെന്റിലെ പ്രധാന എതിരാളി. ആ സാധ്യത ഉപയോഗിക്കാനാണ് മാരുതിയുടെ തന്ത്രം.
Y0M എന്ന് മാരുതി സുസുക്കി കോഡ് നാമം നൽകിയിട്ടുള്ള ആൾട്ടോ K10 എന്ന് വിപണിയിലെത്തും എന്നതിനെ കുറിച്ച് ഔദ്യോഗികമായി യാതൊരു സൂചനയും മാരുതി നൽകിയിട്ടില്ല.