സ്വിഫ്റ്റിന് ഒരു വല്യേട്ടൻ വരുന്നു; അതും എസ്.യു.വി ലുക്കിൽ
നിലവിലെ ഹാച്ച് ബാക്ക് മോഡലിന് പുറമേയായിരിക്കും ഈ മോഡൽ. വിദേശരാജ്യങ്ങളിൽ വിൽക്കുന്ന സ്വിഫ്റ്റ് സ്‌പോർട്ട് എന്ന മോഡലിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ് മാരുതി ഇന്ത്യയിലും പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നത്.
മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതിയുടെ തന്നെ 800 കഴിഞ്ഞാൽ ഇന്ത്യൻ നിരത്തുകളിൽ അങ്ങനെ നിറഞ്ഞു കിടക്കുന്ന കാർ. കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ഇഷ്ടപെടുന്ന സ്വിഫ്റ്റ് 2005 മുതൽ ഇന്ത്യൻ നിരത്തുകളിലുണ്ട്.
മൂന്നാം തലമുറ സ്വിഫ്റ്റാണ് ഇപ്പോൾ ഇന്ത്യയിൽ വിൽക്കുന്നത്. ഇപ്പോൾ നാലാം തലമുറ സ്വിഫ്റ്റിന്റെ പണിപ്പുരയിലാണ് കമ്പനി. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കോപാക്ട് എസ്.യു.വി പ്ലാറ്റ്‌ഫോമിലുള്ള ഒരു വേരിയന്റ് കൂടി മാരുതി നിർമിക്കുന്നുണ്ട്. നിലവിലെ ഹാച്ച് ബാക്ക് മോഡലിന് പുറമേയായിരിക്കും ഈ മോഡൽ. വിദേശരാജ്യങ്ങളിൽ വിൽക്കുന്ന സ്വിഫ്റ്റ് സ്‌പോർട്ട് എന്ന മോഡലിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ് മാരുതി ഇന്ത്യയിലും പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നത്.
നിലവിലെ ഹേർട്ടറാക്ട് പ്ലാറ്റ്‌ഫോമിൽ തന്നെയായിരിക്കും സ്വിഫ്റ്റ് എസ്.യു.വിയും നിർമിക്കുക. സ്വിഫ്റ്റ് സ്‌പോർട്ടിൽ ഉപയോഗിക്കുന്ന 48വി മിൽഡ് ഹൈബ്രിഡ് സിസ്റ്റത്തോട് കൂടിയ 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും ഈ വാഹനത്തിൽ ഉപയോഗിക്കുക.
കോംപാക്ട് എസ്.യു.വി ആയതു കൊണ്ട് തന്നെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ബോഡിയിൽ ക്ലാഡിങുകൾ, സ്‌കിഡ് പ്ലേറ്റുകൾ തുടങ്ങിയ എസ്.യു.വി സ്വഭാവമുള്ള എല്ലാ ഘടകങ്ങളും ഇതിനോട് കൂട്ടിച്ചേർക്കും. ഓൾ വീൽ ഡ്രൈവ് സാങ്കേതികവിദ്യയും കമ്പനി ഈ വാഹനത്തിൽ കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്. നിലവിൽ വിദേശരാജ്യങ്ങളിൽ കമ്പനി ചില കാറുകളിൽ ഓൾ വീൽഡ്രൈവ് നൽകുന്നുണ്ട്.
അതേസമയം വാഹനത്തെകുറിച്ച് മാരുതി ഔദ്യോഗികമായി കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഇഗ്നിസിനും ബ്രസയ്ക്കും ഇടയിലായിരിക്കും വാഹനം അവതരിപ്പിക്കാൻ സാധ്യത. വിലയും അതിനോട് അടുത്തു നിൽക്കുന്നതായിരിക്കും. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് 2024 ൽ മാത്രമേ വാഹനം ഇന്ത്യയിൽ വിപണിയിൽ അവതരിപ്പിക്കുകയുള്ളൂ.