കൂടുതൽ ഫീച്ചറുകൾ, കൂടുതൽ സുരക്ഷ, കൂടുതൽ മൈലേജ്; മുഖംമിനുക്കിയ മാരുതി സുസുക്കി എസ് പ്രസോ വിപണിയിൽ

ഈ മാറ്റങ്ങളോടെ ESP ഫീച്ചറുള്ള ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറായി എസ് പ്രസോ മാറി

Update: 2022-07-19 12:43 GMT
Editor : Nidhin | By : Web Desk
Advertising

മാരുതി സുസുക്കി അടുത്ത കാലത്ത് നടത്തിയ ഏറ്റവും വിപ്ലകരമായ ലോഞ്ചായിരുന്നു എസ് പ്രസോ എന്ന മിനി എസ്.യു.വി. ഇതുവരെ മാരുതി പരീക്ഷിക്കാത്ത രൂപഭാവങ്ങളും കോംപാക്ട് എസ്.യു.വിയുടേത് പോലുള്ള ഗ്രൗണ്ട് ക്ലിയറൻസ്. ആദ്യം നെറ്റിചുളിച്ചവർ പോലും എസ് പ്രസോയുടെ വിൽപ്പന കണ്ട് അത്ഭുതപ്പെട്ടു നിന്നിട്ടുണ്ട്.

2019 സെപ്റ്റംബറിൽ ആദ്യമായി പുറത്തിറക്കിയ എസ് പ്രസോയ്ക്ക് ഇപ്പോൾ വലിയ രീതിയിലുള്ള ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ് കമ്പനി. മുഖംമിനുക്കിയ എസ് പ്രസോയ്ക്ക് പുതിയ ഇന്ധനക്ഷമത കൂടിയ എഞ്ചിനും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സെലേറിയോയിൽ ആദ്യമായി അവതരിക്കപ്പെട്ട K10C എന്ന സീരിസിലെ 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇപ്പോൾ എസ് പ്രസോയ്ക്കും നൽകിയിരിക്കുന്നത്. വാഹനത്തിന്റെ സുരക്ഷാ ഫീച്ചറുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

പുതിയ എഞ്ചിനിലേക്ക് വന്നാൽ ഡ്യൂവൽ ജെറ്റ് ഡ്യൂവൽ വേരിയബിൾ വാൽവ് ടൈമിങ് ഈ എഞ്ചിന് ഇന്ധനക്ഷമതയും മലിനീകരണവും കുറവാണ്. എസ് പ്രസോയ്ക്ക് കൂടി ഈ എഞ്ചിൻ നൽകിയതോടെ ഈ സാങ്കേതികവിദ്യയിലേക്ക് മാറാത്ത മാരുതി സുസുക്കി നിരയിലെ ഏക വാഹനമായി ആൾട്ടോ മാറി. ഈ വർഷം പുറത്തിറക്കാൻ പോകുന്ന പുതിയ ആൾട്ടോയിൽ ഈ എഞ്ചിൻ വരുമെന്ന് പതീക്ഷിക്കുന്നുണ്ട്.

67 എച്ച്പി പവറും 89 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. എന്നാൽ കഴിഞ്ഞ എഞ്ചിനേക്കാളും യഥാക്രമം ഒരു എച്ച്പി, ഒരു എൻഎം കുറവാണ് ഈ കണക്ക്. പുതുതായി ഉൾപ്പെടുത്തിയ എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ഫീച്ചറും വാഹനത്തിന്റെ ഇന്ധനക്ഷമത കൂട്ടും. ഇതെല്ലാം കൂടി പരിഗണിക്കുമ്പോൾ എസ് പ്രസോയുടെ ഇന്ധനക്ഷമതയിൽ വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. ലിറ്ററിന് 25.30 കിലോമീറ്ററാണ് ഓട്ടോമാറ്റിക്ക് മോഡലിന്റെ ഇന്ധനക്ഷമത. മാനുവൽ മോഡലിന്റേത് 24.76 കിലോമീറ്ററായിരിക്കും. രണ്ട് മൈലേജും ARAI സാക്ഷ്യപ്പെടുത്തിയതാണ്. മുമ്പുണ്ടായിരുന്ന മോഡലിന് 21.7 കിലോമീറ്ററായിരുന്നു ഇന്ധനക്ഷമത.

എഎംടി (മാരുതി വിളിക്കുന്നത് എജിഎസ് എന്നാണ്) ഓട്ടോമാറ്റിക്ക് ഗിയർ ബോക്‌സ് ലഭിക്കുന്നത് VXI, VXI+ വേരിയന്റുകളിൽ മാത്രമായിരിക്കും. ഇതുകൂടാതെ STD, Lxi വേരിയന്റുകളിലും വാഹനം ലഭിക്കും. നിലവിൽ സിഎൻജി വേരിയന്റ് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അടുത്ത മാസങ്ങളിൽ തന്നെ എസ് പ്രസോയുടെ സിഎൻജി വേരിയന്റും നിരത്തിലിറങ്ങും.

കൂടുതൽ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ESP (Electronic Stabilty Control) ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡായി ലഭിക്കും. ഇതോടെ ESP ഫീച്ചറുള്ള ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറായി എസ് പ്രസോ മാറി. എബിഎസ്, ഇബിഡി എന്നിവ, റിയർ പാർക്കിങ് സെൻസർ, ഇരട്ട എയർ ബാഗുകൾ എന്നിവയും എല്ലാ വേരിയന്റിലും ലഭ്യമാകും. ഇതടക്കം 11 സേഫ്റ്റി ഫീച്ചറുകളാണ് പുതിയ എസ് പ്രസോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മറ്റു ചില ഫീച്ചറുകളും പുതിയ അപ്‌ഡേറ്റിസിൽ വന്നിട്ടുണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന റിയർ വ്യൂ മിററുകൾ, സ്റ്റിയറിങ് ഓഡിയോ കൺട്രോളുകൾ, വോയിസ് കൺസോൾ എന്നിവയെല്ലാം പുതിയ മോഡലിന്റെ ഭാഗമാകും.

ഫീച്ചറുകൾ വർധിച്ചതോടെ വിലയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പുതിയ മോഡലിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 4.25 ലക്ഷത്തിലാണ്. നിലവിലെ മോഡലിന് 4 ലക്ഷത്തിലാണ് വില ആരംഭിച്ചിരുന്നത്. 5.99 ലക്ഷമാണ് ഏറ്റവും ഉയർന്ന വേരിയന്റിന്റെ ഡൽഹിയിലെ എക്‌സ് ഷോറൂം വില.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News