ഒന്നര ലക്ഷം രൂപയുടെ സ്കൂട്ടറിന്‍റെ നമ്പറിനായി ലേലത്തുക ഒരു കോടിയിലധികം
ഒരു കോടി 12 ലക്ഷം രൂപയാണ് ബിഡ് ആയി വന്നത്. 26 പേരാണ് ലേലത്തിൽ പങ്കെടുത്തത്
ഷിംല: സ്വന്തം വാഹനങ്ങൾക്ക് ഫാൻസി നമ്പർ ലഭിക്കാനായി വൻ തുക ചിലവഴിക്കുന്ന വാഹനപ്രേമികളെ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. പലപ്പോഴും കോടികൾ വിലയുള്ള ആഡംബര വാഹനങ്ങളുടെ നമ്പറിനായാണ് ഇ്ത്രയധികം പണം ചിലവഴിക്കാറ്. എന്നാൽ ഒന്നര ലക്ഷം രൂപയിൽ താഴെ വിലയുള്ള സ്‌കൂട്ടറിന് ഫാൻസി നമ്പർ ലഭിക്കാനായി ഒരു കോടി രൂപയിലധികം ലേലം വിളിച്ചിരിക്കുകയാണ് വാഹനപ്രേമി. ഹിമാചലിലെ ഷിംല ജില്ലയിലാണ് സംഭവം.
ഹിമാചൽ പ്രദേശ് ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റ് പ്രകാരം എന്ന ബൈഡറാണ് വൻ തുക ഇഷ്ട നമ്പറിനായി ചിലവഴിക്കാൻ തയ്യാറയത്. 99-9999 എന്ന നമ്പറിനാണ് ഇത്രയധികം തുക ലേലത്തിൽ വന്നത്. ഓൺലൈനായാണ് ലേലം നടന്നത്. ഒരു കോടി 12 ലക്ഷം രൂപയാണ് ബിഡ് ആയി വന്നത്. 26 പേരാണ് ലേലത്തിൽ പങ്കെടുത്തത്.
എന്നാൽ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ ലേല നടപടിക്രമങ്ങൾ മരവിപ്പിച്ചു. ലേലത്തിൽ പറഞ്ഞ തുകയുടെ 30 ശതമാനമെങ്കിലും ബൈഡർ നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ലേലത്തിൽ ഒരു രൂപ പോലും മുൻകൂറായി അടക്കേണ്ടതില്ല. പക്ഷെ പ്രത്യേക സാഹചര്യത്തിൽ ഇത്രയധികം തുകയുടെ ഇടപാടായതിനാലാണ് നടപടി.
സംഭവത്തിൽ ബൈഡറുടെ കുടുംബ പശ്ചാത്തലവും സാമ്പത്തിക ശ്രോതസും വിശദമായി അന്വേഷിക്കുമെന്ന് ഷിംല ഡെപ്യൂട്ടി കമ്മീഷ്ണർ ആദിത്യ നെഗി പറഞ്ഞു. ഇത്രയധം പണം ലേലത്തുകയായി വന്നത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ആവശ്യപ്പെട്ടു.