മാരുതി മുതൽ മെഴ്‌സിഡസ് വരെ.. അടുത്ത മാസം പ്രമുഖ വാഹന ബ്രാൻഡുകൾക്കെല്ലാം വില കൂടും

ജനുവരി മുതല്‍ വിവിധ കാർ കമ്പനികൾ പ്രഖ്യാപിച്ച വില വർധന ഇങ്ങനെ...

Update: 2022-12-09 09:23 GMT
Editor : Nidhin | By : Web Desk
Advertising

അടുത്ത വർഷം കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത്ര സന്തോഷം നൽകാത്ത വാർത്തയാണ് വിവിധ വാഹന കമ്പനികളിൽ നിന്ന് പുറത്തുവരുന്നത്. ഇന്ത്യയിലെ വിവിധ വാഹന നിർമാണ കമ്പനികൾ അടുത്ത മാസം (2023 ജനുവരി) മുതൽ തങ്ങളുടെ വിവിധ മോഡലുകൾക്ക് വില വർധന പ്രഖ്യാപിച്ചിരിക്കുകയാണ്.

മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, കിയ, മെഴ്‌സിഡസ് ബെൻസ്, ഔഡി എന്നിവയാണ് നിലവിൽ വില വർധന പ്രഖ്യാപിച്ചിരിക്കുന്ന കമ്പനികൾ. ബാക്കിയുള്ള പ്രമുഖ കാർ നിർമാണ കമ്പനികളും വില വർധന ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. വാഹന നിർമാണ സാമഗ്രികളുടെ വില വർധനയാണ് കമ്പനികൾ വില വർധിപ്പിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

വിവിധ കാർ കമ്പനികൾ പ്രഖ്യാപിച്ച വില വർധന ഇങ്ങനെ...

മാരുതി സുസുക്കി

മാരുതി സുസുക്കി അവരുടെ എല്ലാ മോഡലുകൾക്കും ജനുവരി മുതൽ വില വർധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അസംകൃത വസ്തുക്കളുടെ വിലവർധന കൂടാതെ സർക്കാരിന്റെ ഉത്പാദന നിലവാര നിയന്ത്രണങ്ങളും ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമാതാക്കളെ വില വർധനവിലേക്ക് നയിച്ചു. അരീന വഴിയും നെക്‌സ വഴിയും വിൽക്കുന്ന മോഡലുകൾക്ക് വില വർധന ബാധകമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓരോ മോഡലിനും വില വർധന വ്യത്യസ്തമായിരിക്കും.

കിയ മോട്ടോർസ്

വാഹനങ്ങളുടെ ട്രാൻസപോർട്ടേഷൻ ചെലവിലുണ്ടായ വർധനയാണ് കിയയെ വില വർധിപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. എല്ലാ മോഡലുകൾക്കും 50,000 രൂപ വർധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2022 ഡിസംബർ 31 ന് ശേഷം ബുക്ക് ചെയ്യുന്ന എല്ലാ മോഡലുകൾക്കും വില വർധന ബാധകമായികരിക്കും.

ടാറ്റ മോട്ടോർസ്

മാരുതി സുസുക്കിയുടേത് പോലെ സാമഗ്രികളുടെ വിലവർധനവും മലിനീകരണ നിയന്ത്രണ നിയമങ്ങളുമാണ് ടാറ്റയേയും വില വർധിപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. വിവിധ മോഡലുകൾക്ക് എത്ര രൂപ വർധിപ്പിക്കും എന്നതിൽ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഔഡി

ആഡംബര കാർ നിർമാതാക്കളായ ഔഡി 1.7 ശതമാണ് അവരുടെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കുന്നത്. ഇൻപുട്ട്-ഓപ്പറേഷണൽ കോസ്റ്റുകളിലെ വർധനയാണ് ജർമൻ കാർ നിർമാതാക്കളായ ഔഡിയേയും ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്.

മെഴ്‌സിഡസ് ബെൻസ്

ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ് വൻ വില വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ശതമാനമാണ് വിവിധ മോഡലുകൾക്ക് അവർ പ്രഖ്യാപിച്ചിരിക്കുന്ന വില വർധന.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News