ഒറ്റ ചാർജിൽ കാസർകോട്ട് നിന്ന് ആലപ്പുഴയെത്തും; പുതിയ നെക്‌സോൺ ഇവി ഈ മാസം
ഇന്ത്യയിലെ ഇലക്ട്രിക് കാറുകളുടെ വിപണിയിൽ ഭൂരിഭാഗവും കൈയാളുന്നത് ടാറ്റ മോട്ടോഴ്‌സാണ്. അതിൽ തന്നെ കോംപാക്ട് എസ്.യു.വിയായ നെക്‌സോണാണ് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത്.
എന്നിരുന്നാലും നെക്‌സോണിന്റെ റേഞ്ച് കുറവാണെന്ന പരാതി ചില സമയങ്ങളിലെങ്കിലും ഉയരാറുണ്ട്. ഇവി വാങ്ങാൻ ആഗ്രഹമുള്ള നിരവധി പേരെ പിൻവലിക്കുന്നത് ഈ കുറഞ്ഞ റേഞ്ചാണ്. ആ പ്രശ്‌നം പരിഹരിക്കാനായി റേഞ്ച് കൂടിയ പരിഷ്‌കരിച്ച നെക്‌സോൺ പുറത്തിറക്കുകയാണ് ടാറ്റ. 400 കിലോമീറ്ററാണ് പരിഷ്‌കരിച്ച നെക്‌സോണിന് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 40 കിലോവാട്ടിന്റെ ബാറ്ററിയാണ് പുതിയ നെക്‌സോണിന് ഊർജം പകരുക. നിലവിലെ മോഡലിനേക്കാൾ 30 ശതമാനം അധികമാണിത്. നിലവിലെ മോഡലിന്റെ ബാറ്ററി 30.2 കിലോവാട്ടാണ്. വലിയ ബാറ്ററി ഉൾക്കൊള്ളിക്കാനായി ബൂട്ട് സ്‌പേസിൽ ചെറിയ കുറവ് വരുത്തിയിട്ടുണ്ട് എന്നതൊഴിച്ചാൽ കാര്യമായ ഇന്റീരിയർ-എക്സ്റ്റീരിയർ മാറ്റങ്ങളൊന്നും പരിഷ്‌കരിച്ച മോഡലിലുണ്ടാകില്ല.
അതേസമയം പുതിയ മോഡൽ വന്നാലും നിലവിൽ വിൽക്കുന്ന മോഡൽ തുടരും. ഉപഭോക്തക്കാൾക്ക് ആവശ്യത്തിനുസരിച്ച് മോഡൽ തെരഞ്ഞെടുക്കാം.
നിലവിൽ വിൽക്കുന്ന മോഡലിന് 312 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 200 മുതൽ 220 കിലോമീറ്റർ വരെയാണ് യഥാർഥത്തിൽ ലഭിക്കുന്ന റേഞ്ച്. അതനുസരിച്ച് 400 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന പുതിയ മോഡലിന് 300-320 കിലോമീറ്റർ വരെ റേഞ്ച് പ്രതീക്ഷിക്കാം.
റീജനറേറ്റീവ് ബ്രേക്കിങിലും ടേണിങിലും വാഹനത്തിന് ലഭിക്കേണ്ട ചാർജ് അഡ്ജസ്റ്റ് ചെയ്യാൻ പുതിയ മോഡലിൽ സാധിക്കും. നിലവിലെ വേരിയന്റിൽ റീ ജനറേറ്റീവ് ബ്രേക്കിങ് ഉണ്ടെങ്കിലും അത് ക്രമീകരിക്കാൻ സാധിക്കില്ലായിരുന്നു. അത് കൂടാതെ വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, പാർക്ക് മോഡ്, ഇഎഎസ്‌സി (ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ) എന്നിവയും പുതിയ മോഡലിൽ ഉൾപ്പെടുത്തും.
ഏപ്രിൽ 20 ന് പുതിയ നെക്‌സോൺ ഇവി പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിലെ മോഡലിനേക്കാൾ മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെ വില വർധിക്കാനാണ് സാധ്യത.
Summary: Long-range Tata Nexon EV to launch on April 20