കവാസാക്കിയുടെ പുതുവർഷ സമ്മാനമായി നിൻജ ഇസഡ് എക്സ് 6ആർ; വില 11 ലക്ഷം ?
636 സിസി ഇൻ-ലൈൻ 4 സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കവാസാക്കിയുടെ പുതുവർഷ സമ്മാനമായി പുതിയ സൂപ്പർ ബൈക്ക് വരുന്നു. നിൻജ ഇസഡ് എക്സ് 6ആർ എന്ന മോഡൽ ജനുവരി ഒന്നിന് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.
ഈ ബൈക്ക് ഡിസംബർ ആദ്യത്തിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ പ്രദർശിപ്പിച്ചിരുന്നു. 636 സിസി ഇൻ-ലൈൻ 4 സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്
പരമാവധി 129 ബിഎച്ച്‌പിയും 69 എൻഎം ടോർക്കും ഈ എഞ്ചിൻ ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്സാണ് എഞ്ചിനുമായി ഇണചേർത്തിരിക്കുന്നത്. ക്വിക് ഷിഫ്റ്ററും സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചും ഇതോടൊപ്പമുണ്ട്.
ക്രമീകരിക്കാവുന്ന ഷോവ ഫ്രണ്ട് ഫോർക്കും പിന്നിലെ മോണോ ഷോക്കും പുതിയ ഫീച്ചറുകളാണ്. മുൻവശത്ത് 4 പിസ്റ്റൻ കാലിപ്പറുകളുള്ള 310 എംഎം ഇരട്ട ഡിസ്കുകളും പിറകിൽ സിംഗിൾ പിസ്റ്റൻ കാലിപ്പറുള്ള 220 എംഎം സിംഗിൾ ഡിസ്കും ബ്രേക്കിങ്ങിന് കരുത്തേകുന്നു. ട്രാക്ഷൻ കൺട്രോൾ, കവാസാക്കി ഇന്റലിജന്റ് ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം എന്നിവ സുരക്ഷ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
ബ്ലൂടൂത്തോടുകൂടിയ 4.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും വാഹനത്തിലുണ്ട്. സ്‌പോർട്‌സ്, റോഡ്, റെയിൻ എന്നീ മോഡുകളും വാഹനത്തിൽ ലഭ്യമാണ്. എൽഇഡി ലൈറ്റുകൾ അടങ്ങിയ സ്പിളിറ്റ് ഹെഡ്ലൈറ്റാണ് മറ്റൊരു ഫീച്ചർ. വാഹനത്തിന്റെ വില കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എക്സ് ഷോറൂം വില ഏകദേശം 11 ലക്ഷമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.