ഒലേ... ഒല! കാത്തിരുന്ന ഇലക്ട്രിക് സ്‌കൂട്ടറെത്തി- അറിയേണ്ടതെല്ലാം

99,999 രൂപയാണ് അടിസ്ഥാന വില. സംസ്ഥാനങ്ങൾ നൽകുന്ന സബ്‌സിഡികൾക്ക് അനുസൃതമായി ചിലയിടങ്ങളിൽ വില കുറയും.

Update: 2021-08-15 11:13 GMT
Editor : abs | By : abs
Advertising

കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ നിരത്തു കീഴടക്കാൻ ഒല ഇലക്ട്രിക് സ്‌കൂട്ടറെത്തി. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തിലാണ് രൂപകൽപ്പനയിലും ശേഷിയിലും സാങ്കേതിക വിദ്യയിലും ഏറെ പുതുമകളുള്ള സ്‌കൂട്ടർ കമ്പനി അവതരിപ്പിച്ചത്. 499 രൂപയ്ക്ക് ബുക്ക് ചെയ്യാമെന്നതിനാൽ ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തോളം പേരാണ് സ്‌കൂട്ടർ ഓർഡർ ചെയ്തിരുന്നത്.

എസ് വൺ, എസ് വൺ പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്. സാറ്റിൻ, മാറ്റ്, ഗ്ലോസി ഫിനിഷിൽ പത്ത് നിറങ്ങളിലാണ് സ്‌കൂട്ടർ ലഭ്യമാകുക. വില എസ് 1- 99,999, എസ് 1 പ്രോ- 129,999. സംസ്ഥാനങ്ങൾ നൽകുന്ന സബ്‌സിഡിക്ക് അനുസൃതമായി വിലയിൽ കുറവുണ്ടാകും. ഇ.എം.ഐ ഓപ്ഷനുമുണ്ട്. ഒല വെറുമൊരു സ്‌കൂട്ടറല്ല, ലോകത്തെ ഏറ്റവും മികച്ച സ്‌കൂട്ടറാണ് എന്നാണ് കമ്പനി സ്ഥാപകൻ ഭാവിഷ് അഗർവാൾ അവകാശപ്പെടുന്നത്. 


ഒരു രക്ഷയുമില്ല

രൂപകൽപ്പനയിൽ അതീവ സുന്ദരനാണ് ഒല. രണ്ടു സ്‌കൂട്ടറുകൾക്കും ഒരേ ഡിസൈൻ. എസ് വണ്ണിന് 90 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്ററിലെത്താൻ വേണ്ടത് 3.6 സെക്കൻഡ്. 8.5കിലോവാട്ട് പീക്ക് പവർ എഞ്ചിൻ. നോർമൽ, സ്‌പോർട് എന്നീ രണ്ടു വിഭാഗങ്ങളിലായി സ്‌കൂട്ടർ ലഭിക്കും. അഞ്ചു നിറങ്ങളാണ് ഉള്ളത്. ബാറ്ററിക്കാര്യം പറയുകയാണെങ്കിൽ, ഒരൊറ്റ ചാർജിൽ 121 കിലോമീറ്റർ യാത്ര ചെയ്യാം. 




എസ് വൺ പ്രോയ്ക്ക് 115 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ ശേഷി കൈവരിക്കാൻ വേണ്ടത് വെറും മൂന്നു സെക്കൻഡ്. ഒറ്റച്ചാർജിൽ 181 കിലോമീറ്റർ സഞ്ചരിക്കാം. 8.5 കിലോവാട്ട്  പീക് പവറാണ് എഞ്ചിൻ. നോർമൽ, സ്‌പോർട്, ഹൈപ്പർ എന്നിങ്ങനെ മൂന്നു മോഡലുകളാണ് ഉള്ളത്. പത്തു നിറങ്ങളിൽ ലഭ്യം. 

പിന്നോട്ടും പോകും!

സാധാരണ സ്‌കൂട്ടറുകൾ റിവേഴ്‌സ് ഗിയറിൽ സഞ്ചരിക്കാറില്ല. എന്നാൽ ഓലയ്ക്ക് റിവേഴ്‌സ് ഗിയറുണ്ട്. വണ്ടി നിൽക്കുന്ന തറ തിരിച്ചറിയാനും അതിനനുസരിച്ച് ടയറുകളുടെ ഗ്രിപ്പ് പ്രവർത്തിപ്പിക്കാനും സ്‌കൂട്ടറിനാകും. നിലവിൽ ലക്ഷ്വറി സ്‌കൂട്ടറുകളിൽ മാത്രമാണ് റിവേഴ്‌സ് ഗിയറുള്ളത്.

വാഹനം വീട്ടിൽ വച്ച് അഞ്ചര മണിക്കൂർ കൊണ്ട് പൂർണമായി ചാർജ് ചെയ്യാമെന്നാണ് കമ്പനി പറയുന്നത്. 750 വാട്ട് പോർട്ടബ്ൾ ചാർജറാണ് ഉള്ളത്. എന്നാൽ ഇന്ത്യയിൽ ഉടനീളമുള്ള ഓല ഹൈപ്പർ ചാർജർ നെറ്റ്‌വർക്ക് വഴി വെറും 18 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജ് ചെയ്യാം. ചാര്‍ജിങ് സ്റ്റേഷനില്‍ നിന്ന് രണ്ടര മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം. ചാര്‍ജ് പൂര്‍ണമായാല്‍ ഉടമസ്ഥന് നോട്ടിഫിക്കേഷന്‍ വരും.  വാഹനത്തിനുള്ളിൽ രണ്ട് ഹെൽമറ്റ് വയ്ക്കാനുള്ള സ്‌റ്റോറേജ് കപ്പാസിറ്റിയുമുണ്ട്. 


എന്റെ സ്വന്തം സ്‌കൂട്ടർ

ഒലയ്ക്ക് ചാവിയില്ല എന്നതാണ് മറ്റൊരു സവിശേഷത. സ്മാർട്‌ഫോൺ ആപ്ലിക്കേഷൻ വഴി ലോക്കും അൺലോക്കും ചെയ്യാം. ഫോൺ തുറക്കുന്നതു പോലെ കോഡ് വഴിയും പ്രവർത്തിപ്പിക്കാം. സ്‌കൂട്ടറിന് ഉടമസ്ഥൻ അടുത്തു വരുമ്പോൾ പ്രവർത്തിക്കുകയും ദൂരേക്ക് പോകുമ്പോൾ ലോക്കാകുകയും ചെയ്യുന്ന സെൻസറുകളുണ്ട്. മുമ്പിലെ ഏഴിഞ്ച് ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയിൽ സ്വന്തം പ്രൊഫൈലും ക്രിയേറ്റ് ചെയ്യാം.




ഫാമിലി വാഹനമായാണ് ഉപയോഗിക്കുന്നത് എങ്കില്‍ ഓരോ ഉപയോക്താവിനും പ്രത്യേകം പ്രൊഫൈലുണ്ടാക്കാം. ലൈവ് ലൊക്കേഷൻ ട്രാക്ക് ചെയ്യാം. എഐ സ്പീച്ച് റെക്കഗ്നിഷൻ ആൽഗോരിതം വഴിയാണ് വാഹനം നിർദേശങ്ങൾ അനുസരിക്കുക. ഇൻബിൽറ്റ് സ്പീക്കറുമുണ്ട്.

വെറുമൊരു ടച്ച് സ്‌ക്രീനല്ല

മൊബൈൽ ഫോൺ വന്നതു കൊണ്ട് ടച്ച് സ്‌ക്രീൻ അനുഭവം പുതിയതല്ലാതായി മാറിയിട്ടുണ്ട്. എന്നാൽ ഒലയിലെ ടച്ച് സ്‌ക്രീൻ തികച്ചും സവിശേഷമാണ്. തകർന്നു പോകാത്ത (ഷാറ്റർപ്രൂഫ്)താണ് ഡിസ്‌പ്ലേ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡിസ്‌പ്ലേയ്ക്കുള്ളിൽ മൂന്ന് ജിബി റാമുള്ള ഒക്ടകോർ പ്രോസസറാണ് ഉള്ളത്. 4ജി, വൈഫൈ, ബ്ലൂടൂത്ത് ഹൈസ്പീഡ് കണക്ടിവിറ്റിയുമുണ്ട്. യൂട്യൂബ്, കോളിങ് എന്നിവയെല്ലാം സപ്പോർട്ട് ചെയ്യും. സ്‌കൂട്ടർ കേടായാൽ അടുത്തുള്ള സർവീസ് സെന്ററിലേക്കും ഡിസ്‌പ്ലേ വഴി കാണിക്കും.


സമയമാകുന്ന മുറയ്ക്ക് ബാറ്ററി, ഹെൽത്ത് അലർട്ടുകളും തരും. റൈഡിങ് പ്ലേ ലിസ്റ്റാണ് മറ്റൊരു പ്രത്യേകത. വാഹനത്തിന്റെ ശബ്ദം പോലും റൈഡിങ് പ്ലേ ലിസ്റ്റിൽ നിന്ന് മാറ്റാം.

ഗുജറാത്തിൽ ചെറിയ വില

99,999 രൂപയാണ് അടിസ്ഥാന വില. സംസ്ഥാനങ്ങൾ നൽകുന്ന സബ്‌സിഡികൾക്ക് അനുസൃതമായി ചിലയിടങ്ങളിൽ സ്കൂട്ടറിന് വില കുറയും. സബ്‌സിഡി കഴിച്ചാൽ എസ് വണ്ണിന് ഡൽഹിയിൽ 85,099 രൂപയാണ് വില. ഗുജറാത്തിൽ 79,999 രൂപയും മഹാരാഷ്ട്രയിൽ 94,999 രൂപയും. 89,968 രൂപയാണ് രാജസ്ഥാനിൽ. മറ്റു സംസ്ഥാനങ്ങളിൽ 99,999 രൂപയും. കേരളത്തിൽ സബ്‌സിഡി ഉണ്ടോ എന്നതിൽ വ്യക്തതയില്ല.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News