നോർമൽ മോഡിൽ പിറകോട്ട് ഓടി; ഒല സ്‌കൂട്ടർ അപകടത്തിൽ 65കാരന് പരിക്ക്
വാഹനം പാർക്ക് ചെയ്യുന്നതിനിടെ യാതൊരു മുന്നറിയിപ്പും കൂടാതെ ഒല സ്‌കൂട്ടർ പിറകോട്ട് നീങ്ങുകയായിരുന്നു.
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ കമ്പനിയായ ഒല വീണ്ടും നിർമാണത്തകരാർ മൂലം അപകടത്തിൽപ്പെട്ടു. റിവേഴ്‌സ് പോകാനുള്ള സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്തിയിരിക്കുന്ന ഒല എസ് 1 പ്രോയിലാണ് അപകടമുണ്ടായിരിക്കുന്നത്.
വാഹനം പാർക്ക് ചെയ്യുന്നതിനിടെ യാതൊരു മുന്നറിയിപ്പും കൂടാതെ ഒല സ്‌കൂട്ടർ പിറകോട്ട് നീങ്ങുകയായിരുന്നു. പിറകോട്ട് നീങ്ങി പിന്നിലെ ചുമരിലിടിച്ച് വാഹനം ഓടിക്കുകയായിരുന്ന 65കാരന് പരിക്കേറ്റു.
രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. ലിങ്ക്ഡ് ഇൻ വഴി പല്ലവ് മഹേശ്വരി എന്നയാളാണ് തന്റെ പിതാവിന് പറ്റിയ അപകടത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. അപകടത്തിൽ പിതാവിന്റെ കൈ ഒടിഞ്ഞെന്നും തലക്ക് പരിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായല്ല നോർമൽ മോഡിലിട്ടിട്ടും ഒല പിറകിലോട്ട് ഓടുന്നത്. ഇതിന് മുമ്പും ഇത്തരത്തിൽ അപകടങ്ങളുണ്ടായിട്ടുണ്ട്. വാഹനത്തിന്റെ ടെസ്റ്റിങ് സ്റ്റേജിൽ തന്നെ പലരും ഈ കംപ്ലയിന്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഒല സ്‌കൂട്ടറിന് തീപിടിക്കുന്ന സംഭവങ്ങളും കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിപ്പോർട്ട് ചെയ്തിരുന്നു.
സ്‌ക്രീനിൽ 20 കിലോമീറ്റർ ഓടാനുള്ള ചാർജുണ്ടെന്ന് കാണിക്കുമ്പോഴും ഒല ചാർജ് തീർന്ന് വഴിയിൽ നിന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തുടർച്ചയായി തീപിടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ മാസം 1,441 യൂണിറ്റ് എസ് 1 പ്രോ വാഹനങ്ങൾ ഒല തിരികെ വിളിച്ചിരുന്നു.
അതേസമയം കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഓരോ മാസവും ഒലയുടെ വിൽപ്പന കൂടിക്കൊണ്ടിരിക്കുകയാണ്. നിലവിൽ നേരിടുന്ന എല്ലാ സോഫ്റ്റ് വെയർ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജോധ്പൂരിലെ സംഭവത്തിൽ ഒല ഇതുവരെ പ്രതികരിച്ചിട്ടില്ല.
Summary: Ola S1 Pro reverses without warning, severely injures rider