ഇലക്ട്രിക് വാഹനങ്ങളുടെ വില 25 ശതമാനം വരെ കുറയും; കാരണമിതാണ്
ഒലയാണ് ഇന്ത്യൻ ഇവി ഉത്പാദനത്തിന് സമൂലമാറ്റത്തിന് കാരണമായേക്കുന്ന ഒരു നീക്കത്തിന് പിറകിൽ
ഇന്ത്യയിലെ ഇവി കാറുകളുടെ വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ് അതിന്റെ ഉയർന്ന വില. ഇലക്ട്രിക് കാറുകളുടെ വില വളരെയധികം കൂടാനുള്ള പ്രധാനകാരണം അതിലുപയോഗിക്കുന്ന ബാറ്ററിപാക്കിന്റെ വിലയാണ്. ബാറ്ററി പാക്കിന് വില കൂടാനുള്ള കാരണം ഇന്ത്യയിൽ ഇവിക്കുള്ള ലിഥിയം അയോൺ ബാറ്ററി ഉത്പാദിപ്പിക്കുന്നില്ല എന്നതാണ്. ഇരുചക്ര വാഹനം മുതൽ നെക്‌സോൺ ഇവി വരെ ബാറ്ററിപാക്ക് ഇറക്കുമതി ചെയ്താണ് വാഹനത്തിൽ ഉൾപ്പെടുത്തുന്നത്.
ഈ പ്രശ്‌നം മറികടക്കാനുള്ള വേഗത്തിലുള്ള പരിശ്രമത്തിലാണ് ബാംഗ്ലൂർ ആസ്ഥാനമായ ഒല ഇലക്ട്രിക്. ഇന്ത്യയിൽ തന്നെ ലിഥിയം അയൺ ബാറ്ററികൾ ഉത്പാദിപ്പിക്കാനുള്ള ഒലയുടെ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷം ഒലയുടെ ബാറ്ററി നിർമാണ പ്ലാന്റ് സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ചൈന, തായ്‌വാൻ, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് ലിഥിയം അയൺ ബാറ്ററികൾ ഇറക്കുമതി ചെയ്യുന്നത്. ഒല കൊറിയ ആസ്ഥാനമായ എൽജി കെമിൽ നിന്നാണ് ബാറ്ററി വാങ്ങുന്നത്. ഇവിയുടെ ബാക്കി പ്രധാന ഭാഗങ്ങളെല്ലാം സ്വദേശിവൽക്കരിച്ചെങ്കിലും ബാറ്ററി ഇതുവരെയും സാധിച്ചിട്ടില്ല എന്നത് വലിയ പ്രശ്‌നങ്ങളാണ് ഇവി നിർമാണമേഖലയിലുണ്ടാകുന്നത്. ഒലയുടെ ബാറ്ററി വിജയിച്ചാൽ അത് ഇന്ത്യൻ ഇവി സെക്ടറിന്റെ എക്കോ സിസ്റ്റം തന്നെ മാറ്റിമറിക്കും.
ഇന്ത്യയിലെ ഇവി ബാറ്ററികളുടെ വില 40 ശതമാനം വരെ കുറയ്ക്കാൻ ഒലയുടെ ഈ നീക്കത്തിന് കഴിയും. ഇത് ഇവി വാഹനങ്ങളുടെ വിലയിൽ 25 ശതമാനം വരെ കുറവുണ്ടാകും.
ആദ്യഘട്ടത്തിൽ ഒലയുടേത് അടക്കമുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ ഉപയോഗിക്കാനാകുന്ന ബാറ്ററിയാണ് നിർമിക്കുക എന്ന് ഒല വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ നിർമാണ കമ്പനികളുടെ ആവശ്യം കഴിഞ്ഞ് കയറ്റുമതി ചെയ്യാനും ഒലക്ക് പദ്ധതിയുണ്ട്.
ഇന്ത്യയിൽ ഇവി ബാറ്ററി നിർമിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പിഎൽഐ പദ്ധതിയുടെ ഭാഗമായാണ് ഒല ഈ രംഗത്തേക്ക് കടന്നുവന്നത്. ജപ്പാൻ ആസ്ഥാനമായ സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള കമ്പനിയാണ് ഒല.