പാര്‍ക്കിങ്ങില്‍ ചാര്‍ജിങ് പോയിന്‍റില്ല; ഇലക്ട്രിക് സ്കൂട്ടര്‍ അഞ്ചാം നിലയിലെത്തിച്ച് ചാര്‍ജ് ചെയ്ത് യുവാവ്, വൈറല്‍
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം നിരത്തില്‍ വര്‍ധിക്കുമ്പോഴും ചാര്‍ജിങ് സംവിധാനങ്ങളില്‍ സമാനമായ വര്‍ധനവുണ്ടാകാത്തത് ആശങ്കയുളവാക്കുന്നതാണ്
ഇന്ത്യയുടെ വാഹന ലോകം ഇലക്ട്രിക് യുഗത്തിലേക്കുള്ള മാറ്റത്തിന്‍റെ പാതയിലാണ്. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം നിരത്തില്‍ വര്‍ധിക്കുമ്പോഴും ചാര്‍ജിങ് സംവിധാനങ്ങളില്‍ സമാനമായ വര്‍ധനവുണ്ടാകാത്തത് ആശങ്കയുളവാക്കുന്നതാണ്. ഫ്ലാറ്റില്‍ ചാര്‍ജിങ് സംവിധാനം ഒരുക്കാത്തതിനെത്തുടര്‍ന്നുള്ള ഒരു യുവാവിന്‍റെ പ്രതിഷേധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
ബെംഗളൂരു സ്വദേശിയായ വിഷ് ഗണ്ടി എന്നയാളാണ് ചാര്‍ജിങ്ങ് സംവിധാനം ഒരുക്കാത്തതില്‍ വേറിട്ട പ്രതിഷേധം നടത്തിയിട്ടുള്ളത്. താന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് സ്കൂട്ടര്‍ അഞ്ചാം നിലയിലെ തന്റെ ഫ്‌ളാറ്റിന്റെ അടുക്കളയില്‍ എത്തിച്ച് ചാര്‍ജ് ചെയ്യുന്ന ചിത്രങ്ങളാണ് വിഷ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. വാഹനം ചാര്‍ജ് ചെയ്യുന്നതില്‍ തനിക്കുണ്ടായ ദുരനുഭവം എന്ന നിലയിലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോക്താവ് തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.
ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് ഫ്ലാറ്റിലെ പാര്‍ക്കിങ്ങില്‍ ചാര്‍ജിങ്ങ് സംവിധാനം ഒരുക്കണമെന്ന് വിഷ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇവര്‍ ഇതിന് തയാറാകാത്തതോടെയാണ് വാഹനം സ്വന്തം അടുക്കളയില്‍ എത്തിച്ച് വിഷ് ചാര്‍ജ് ചെയ്തത്. കഴിഞ്ഞ നാല് മാസമായി ചാര്‍ജിങ്ങ് പോയിന്‍റ് ആവശ്യപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.