റോയൽ എൻഫീൽഡിന്റെ വിൽപനയിൽ വൻ ഇടിവ്;കാരണം ഇതാണ്

അതേസമയം സെപ്റ്റംബർ അവസാനത്തോടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകൾ.

Update: 2021-10-03 15:05 GMT
Editor : Dibin Gopan | By : Web Desk
Advertising

ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡിന്റെ വിൽപനയിൽ വൻ ഇടിവ്. 2021 സെപ്റ്റംബറിലെ വിൽപ്പനയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 2021 സെപ്റ്റംബർ മാസത്തിൽ 33,529 മോട്ടോർസൈക്കിളുകളുടെ വിൽപനയാണ് കമ്പനി നടത്തിയത്. എന്നാൽ റോയൽ എൻഫീൽഡ് ഇന്ത്യ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 60,331 യൂണിറ്റ് മോട്ടോർ സൈക്കിളുകൾ വിറ്റിരുന്നു. ഇതു പ്രകാരം 44 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഭ്യന്തര വിൽപനയെ സംബന്ധിച്ചിടത്തോളം, റോയൽ എൻഫീൽഡ് 2021 സെപ്റ്റംബറിൽ 27,233 വിൽപന നടത്തിയപ്പോൾ, 2020 സെപ്റ്റംബറിൽ 56,200 യൂണിറ്റുകളുടെ വിൽപനയാണ് നടത്തിയത്. 52 ശതമാനം ഇടിവാണ് വിൽപനയിൽ രേഖപ്പെടുത്തിയത്. സെമി കണ്ടക്ടർ ചിപ്പുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഘടകങ്ങളുടെ അഭാവം ആഗോള ഓട്ടോമൊബൈൽ വിപണികളെ സാരമായി ബാധിച്ചിരിക്കുകയാണ്. മിക്ക വാഹന നിർമ്മാണ കമ്പനികളുടെയും വാഹന നിർമ്മാണത്തെയും വിൽപനയെയും ഇത് ബാധിച്ചു. ഇതുതന്നെയാണ് റോയൽ എൻഫീൽഡിന്റെ 2021 സെപ്റ്റംബർ വിൽപനയെ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം സെപ്റ്റംബർ അവസാനത്തോടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകൾ. പാർട്‌സുകളുടെ ലഭ്യത വൈകാതെ വർദ്ധിക്കാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കയറ്റുമതിയിൽ റോയൽ എൻഫീൽഡിന്റെ കയറ്റുമതിയിൽ 52 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 സെപ്റ്റംബറിൽ 4,131യൂണിറ്റുകൾ കയറ്റുമതി ചെയ്തപ്പോൾ ഈ വർഷം അത് 6,296 യൂണിറ്റുകളായി കൂടി എന്നാണ് കണക്കുകൾ.

റോയൽ എൻഫീൽഡ് അടുത്തിടെ പുതിയ ക്ലാസിക് 350 പുറത്തിറക്കിയിരുന്നു. അഞ്ച് സ്പീഡാണ് ഇതിലെ ഗിയർബോക്സ്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതിലുള്ളത്. 300 എം.എം, 270 എം.എം. ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവൽ ചാനൽ എ.ബി.എസും ഇതിൽ സുരക്ഷയൊരുക്കും. 195 കിലോഗ്രാം ആണ് വാഹനത്തിന്റെ ഭാരം. പുതിയ ക്രാഡിൽ ഷാസിയിൽ ഒരുങ്ങിയിട്ടുള്ളതിനാൽ തന്നെ വാഹനത്തിന്റെ വിറയൽ കുറയുമെന്നും മികച്ച റൈഡിങ്ങ് അനുഭവം ഉറപ്പാക്കുമെന്നുമാണ് റോയൽ എൻഫീൽഡ് പറയുന്നത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News