ആദ്യം വരൂ, എന്നിട്ടാകാം ബാക്കി; ടെസ്‌ലയോട് കേന്ദ്രസർക്കാർ
താൽക്കാലിക നികുതിയാശ്വാസമെങ്കിലും ഇന്ത്യ നൽകുമെന്നാണ് പ്രതീക്ഷയെന്ന് ഈയിടെ ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് പ്രതികരിച്ചിരുന്നു
ന്യൂഡൽഹി: ഇന്ത്യൻ വാഹനവിപണിയിലേക്ക് വരാനുള്ള ടെസ്‌ലയുടെ മോഹങ്ങളോട് പ്രതികരിച്ച് കേന്ദ്രസർക്കാർ. നികുതിയിളവുകളെ കുറിച്ച് ഇപ്പോൾ ചർച്ച വേണ്ടെന്നും ആദ്യം ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിക്കൂവെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്ത കാറുകൾക്ക് നികുതിയിളവു വേണമെന്നാണ് ടെസ്‌ല ആവശ്യപ്പെട്ടിരുന്നത്.
രാജ്യത്ത് കാറുകളുടെ അസംബ്ലിങ് ആരംഭിക്കാനാണ് കേന്ദ്രം ടെസ്‌ലയോട് ആവശ്യപ്പെട്ടത്. നിക്ഷേപം നടത്തുമെന്ന ഉറപ്പിൽ ഇറക്കുമതിച്ചുങ്കം ഒഴിവാക്കാനാകില്ലെന്നും കേന്ദ്രം അറിയിച്ചു. രണ്ടോ മൂന്നോ വർഷത്തിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ ടെസ്ലയെ അറിയിച്ചതായി ഹെവി ഇൻഡസ്ട്രീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
നിലവിൽ പൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകളായി ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 60 ശതമാനം മുതൽ 100 ശതമാനം വരെ കസ്റ്റംസ് തീരുവ ഈടാക്കുന്നുണ്ട്. കസ്റ്റംസ് മൂല്യം കണക്കിലെടുക്കാതെ ഇലക്ട്രിക് കാറുകളുടെ തീരുവ 40 ശതമാനമാക്കണം ന്നാണ് ടെസ്‌ല ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ടാറ്റയുൾപ്പെടെ ആഭ്യന്തര വാഹന നിർമാതാക്കൾക്ക് ഇതിൽ അതൃപ്തിയുണ്ടെന്നാണ് സൂചന.
സെമി നോക്ക്ഡ് ഡൗൺ (എസ്‌കെഡി) കിറ്റുകൾ രാജ്യത്തെത്തിച്ച് അസംബ്ൾ ചെയ്യാനാണ് ടെസ്‌ല ആലോചിക്കുന്നത്. ബിൽറ്റ് യൂണിറ്റുകൾ ഇറക്കുമതി ചെയ്യുന്നത് കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന നിലപാടാണ് കമ്പനിക്ക്. താൽക്കാലിക നികുതിയാശ്വാസമെങ്കിലും ഇന്ത്യ നൽകുമെന്നാണ് പ്രതീക്ഷയെന്ന് ഈയിടെ ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് പ്രതികരിച്ചിരുന്നു.